ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വംശീയ ആക്രമണം; വടിവാള് കൊണ്ടുള്ള ആക്രമണത്തില്‍ വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങി; 33കാരന്റെ ചുമലിലും പുറത്തും വെട്ടേറ്റ പാടുകള്‍: നട്ടെല്ലിനും തലയ്ക്കും പരിക്ക്

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വംശീയ ആക്രമണം

Update: 2025-07-28 00:51 GMT

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം. സംഘം ചേര്‍ന്ന് വടിവാളുകൊണ്ടുള്ള ആക്രമണത്തില്‍ 33കാരന്റെ കൈ അറ്റ് തൂങ്ങി. കൈ ഏറെക്കുറെ അറുത്ത നിലയിലാണ് ഉള്ളത്. കൗമാരക്കാരുടെ സംഘം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജനായ സൗരഭ് ആനന്ദ് എന്ന 33കാരനാണ് ഗുരുതരമായി പരിക്കേറ്റത്. സൗരഭന്റെ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റു. ചുമലിലും പുറത്തും വെട്ടേറ്റ പാടും ഉണ്ട്. സംഭവം വംശീയ ആക്രമണം ആണെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെല്‍ബണിലെ അള്‍ട്ടോണ മെഡോസിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററിലെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് 33കാരന്‍ വംശീയ ആക്രമണത്തിന് ഇരയായത്. സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ സൗരഭിനെ കൗമാരക്കാരായ അഞ്ചംഗ സംഘം വളയുകയായിരുന്നു. ഒരാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയപ്പോള്‍ കൂട്ടത്തിലെ മറ്റൊരാള്‍ വടിവാളിന് സമാനമായ ആയുധം 33കാരന്റെ കഴുത്തിനോട് ചേര്‍ത്തു. ഇത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് 33കാരന്റെ കൈയ്ക്ക് സാരമായ പരുക്കേറ്റത്.

കൈ അറുക്കാന്‍ ശ്രമിച്ച അക്രമികള്‍ യുവാവിന്റെ ചുമലിലും പുറത്തും വെട്ടിയിട്ടുണ്ട്. ആക്രമണത്തില്‍ 33കാരന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയും അസ്ഥികള്‍ ഒടിയുകയും തലയ്ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. തൂങ്ങിയ നിലയിലുള്ള കൈ മുറിച്ച് മാറ്റേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ ഇത് തുന്നിച്ചേര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവം കണ്ടു വന്ന ആളുകളാണ് സൗരഭിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അക്രമികള്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. അഡലെയ്ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വംശീയ ആക്രമണത്തിന് ഇരയായ അതേ ദിവസമാണ് 33കാരനും ആക്രമണത്തിനിരയായത്. 33കാരനെതിരായ ആക്രമണത്തില്‍ കൗമാരക്കാരായ കുറച്ച് പേര്‍ അറസ്റ്റിലായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News