ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്; ഇത് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണ്; ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതിന് നന്ദിയുണ്ട്; ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം; കന്യാസ്ത്രീ അറസ്റ്റ്: പ്രതികരിച്ച് കത്തോലിക്കാ മെത്രാന്‍ സമിതി

Update: 2025-07-28 08:24 GMT

തൃശൂര്‍: ഛത്തീസ്ഗഡില്‍വച്ച് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്ത സംഭവം വേദനയുണ്ടാക്കുന്നതെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി(സിബിസിഐ) അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതസ്വാതന്ത്രമുള്ള രാജ്യത്താണ് ഇത് സംഭവിച്ചതെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പാവങ്ങള്‍ക്കായി നിലകൊള്ളുന്ന കന്യാസ്ത്രീകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണ്. ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതിന് നന്ദിയുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. എല്ലായിടത്തും നന്മയും തിന്മയുമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെസിബിസി ജാഗ്രതാ കമ്മീഷനും പ്രതികരിച്ചു. അറസ്റ്റ് അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പോലീസാണ് കള്ളക്കേസില്‍ കുടുക്കി വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നീ കന്യസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും മിഷനറിമാര്‍ക്കും നേരെയുള്ള വര്‍ദ്ധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തീവ്രവാദ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

കത്തോലിക്കാ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങള്‍ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണെന്നും കമ്മീഷന്‍ പറഞ്ഞു. മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനല്‍വല്‍ക്കരിക്കാനോ അടിച്ചമര്‍ത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുര്‍ബലപ്പെടുത്തും.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുകയും ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം തടയാന്‍ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യണം. ക്രൈസ്തവര്‍ക്കെതിരെയുള്ള വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍, ഉപദ്രവങ്ങള്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ കണക്കിലെടുത്ത്, പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷകാര്യ മന്ത്രിയോടും അടിയന്തരവും നിര്‍ണ്ണായകവുമായ നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. മതപരമായ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും നീതിക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയാതെ കാവല്‍ക്കാരായി വര്‍ത്തിക്കുകയും ചെയ്യണം.

മതഭ്രാന്ത് തടയാനും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനും ഇന്ത്യ അതിന്റെ ജനാധിപത്യ, മതേതരത്വം, ഉള്‍ക്കൊള്ളുന്ന സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ആഹ്വാനം ചെയ്തു.

Tags:    

Similar News