ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം; 'ഓപ്പറേഷന്‍ മഹാദേവ്' എന്ന് പേരിട്ട സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികളായ ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ ശ്രീനഗറില്‍ നിര്‍ണായക സൈനിക ഓപ്പറേഷന്‍

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

Update: 2025-07-28 08:50 GMT

ശ്രീനഗര്‍: ഒാപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ ശ്രീനഗറില്‍ നിര്‍ണായകമായ സൈനിക ഓപ്പറേഷന്‍. ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. പഹല്‍ഗാം ആക്രമണം നടത്തിയ ഭീകര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നേരത്തെ ലിഡ്വാസില്‍ സുരക്ഷാ സേന ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗര്‍ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. ''ഓപ്പറേഷന്‍ മഹാദേവ് ' ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍റാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഭീകരരെ കുറിച്ച് ആട്ടിടയര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷന്‍ മഹാദേവ് നടക്കുന്നത്.

കരസേന, സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഭീകരര്‍ ഒളിച്ചിരുന്നയിടത്തുനിന്ന് ഗ്രനേഡുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്. അതേസമയം പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും സംബന്ധിച്ച വിശദമായ ചര്‍ച്ച ഇന്ന് പാര്‍ലമെന്റില്‍ നടക്കുന്നുണ്ട്. ലോക്സഭയിലാണ് ചര്‍ച്ചയാരംഭിക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ഇടയാക്കിയതെന്ന ജമ്മുകശ്മീര്‍ ലെഫ്റ്റ്നറ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തലും, ഇന്ത്യ പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദവും പ്രതിപക്ഷം ചര്‍ച്ചയാക്കും.

വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പ്രധാനമന്ത്രി വിഷയത്തില്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. ഇരുസഭയിലും 16 മണിക്കൂര്‍വീതമാണ് ചര്‍ച്ചയ്ക്ക് നീക്കിവെച്ചത്. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തോടു സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹവും ചര്‍ച്ചയില്‍ ഇടപെട്ടേക്കുമെന്നാണു സൂചന. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ പ്രതിപക്ഷത്തെ നയിക്കും.

Tags:    

Similar News