കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയത്; വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍; ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികള്‍; മാതാപിതാക്കളുടെ പൂര്‍ണ്ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്ന് മനസ്സിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി; ്മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബം
കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയത്;
തൃശ്ശൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ്ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ഇത് മനസ്സിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.
'കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്''. എന്നാല്‍, നിലവിലെ സാഹചര്യം വളരെ മോശമാണെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ അന്‍പതിലേറെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണ്. സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതിയും സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4 ബിഎന്‍എസ് 143 ഉം ആണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ഇവര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്, ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ്. പാര്‍ലമെന്റിന് അകത്തും പുറത്തും വിഷയം ശക്തമായി ഉയര്‍ത്താനാണ് യു.ഡി.എഫ്. എം.പിമാരുടെ തീരുമാനം. പാര്‍ലമെന്റിന്റെ മകര കവാടത്തില്‍ എം.പിമാര്‍ പ്രതിഷേധിക്കുകയും ഇരുസഭകളിലും ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്യും.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ സ്വീകരിച്ച നടപടി മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രതികരിച്ചു. ജനാധിപത്യ രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും അജണ്ടയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി.യുടെ ഇരട്ടത്താപ്പ് ക്രൈസ്തവ വിഭാഗങ്ങള്‍ തിരിച്ചറിയണമെന്നും ജോര്‍ജ് കുര്യന്‍ അടക്കമുള്ളവരുടെ മൗനം ദുരൂഹമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതില്‍ ആശങ്കയും പ്രതിഷേധവുമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭാ. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആള്‍ക്കൂട്ട വിചാരണ നേരിട്ട കന്യാസ്ത്രീകളോട് കാട്ടിയത് ക്രൂരതയാണെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാത്ത അവസ്ഥ ആശങ്കാജനകമാണെന്നും, മതപരിവര്‍ത്തനവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തുടര്‍ക്കഥയാവുകയാണെന്നും ബിജു ഉമ്മന്‍ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയത്; വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍; ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികള്‍; മാതാപിതാക്കളുടെ പൂര്‍ണ്ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്ന് മനസ്സിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി; ്മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബം