മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക്; വര്‍ഗീയ മുതലെടുപ്പിന് ശ്രമമെന്ന് ബിജെപി; കന്യാസ്ത്രീകള്‍ നിരപരാധികളാണെങ്കില്‍ അവരുടെ മോചനം സാധ്യമാകുമെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക്
തിരുവനന്തപുരം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രികളുടെ അറസ്റ്റ് ബിജെപി സംസ്ഥാന ഘടകം ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസ്ഥാന അധ്യക്ഷന്‍ സംസാരിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യ കടത്ത് കാര്യമായി നടക്കുന്ന സംസ്ഥാനമാണത്. അതിന്റെ ഭാഗമായി ശക്തമായി അന്വേഷണവും നടക്കുന്നു. അതിന്റെ ഭാഗമായാണ് കേസ്. കന്യാസ്ത്രീകള്‍ നിരപരാധികളാണെങ്കില്‍ അവരുടെ മോചനം സാധ്യമാകും.
അവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും സംഭവം നടന്നതിന് പിന്നാലെ ഇവരുടെ കുടുംബവുമായിട്ടും സഭാ നേതൃത്വവുമായിട്ടും ബന്ധപ്പെടുന്നുണ്ട്. ഛത്തീസ്ഗഡ് പൊലീസുമായി ഭരണകൂടവുമായി ഇവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ധാര്‍മ്മികമായും നിയമപരമായും എല്ലാവിധ സഹായങ്ങളും ചെയ്യുന്നുണ്ട്. അവിടെ ക്യാമ്പ് ചെയ്ത് സഹായം ഉറപ്പാക്കാന്‍ അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീസ്ഗഡിലേക്ക് ഉടന്‍ പുറപ്പെടും.
സംഭവത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ഒരു മന്ത്രി തന്നെ അതിന് ശ്രമിച്ചെന്നും ബിജെപി ആരോപിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ വ്യക്താക്കിയിരുന്നു.
'സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. ഛത്തീസ്ഗഢ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതരോട് നിരപരാധികളെ സംരക്ഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നത് വസ്തുതകള്‍ സഹിതം പുറത്തുവരണം. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ നിരപരാധികളായ ആരും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ അതീവ ഗൗരവത്തോടെ കേന്ദ്രസര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ നിരപരാധികള്‍ക്ക് നിയമ സംവിധാനങ്ങളുടെ എല്ലാ സംരക്ഷണവും നീതിയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
മനുഷ്യക്കടത്ത് ആരോപിച്ചാണ് അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ കഴിഞ്ഞ ദിവസം ദര്‍ഗില്‍ വെച്ച് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കന്യാസ്ത്രീകള്‍ കണ്ണൂര്‍, അങ്കമാലി സ്വദേശികളാണ്.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് രംഗത്തുവന്നു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കെസിബിസി കടുത്ത വേദനയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി പറഞ്ഞു. ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതേക്കുറിച്ച് രാജ്യത്തെ ഭരണാധികാരികള്‍ സംസാരിക്കണം. ഭരണാധികാരികള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. സംഭവത്തില്‍ നമ്മുടെ കേരളീയ സഹോദരിമാരോടും അവരുടെ കുടുംബങ്ങളോടുള്ള അനുഭാവവും അറിയിക്കുന്നതായും ക്ലിമ്മിസ് പറഞ്ഞു. വിഷയത്തിലെ വസ്തുതകള്‍ പരിശോധിച്ച് നീതി ഉറപ്പു വരുത്തണമെന്നും ക്ലിമ്മീസ് ബാവ വ്യക്തമാക്കി.