സാങ്കേതിക പ്രശ്‌നങ്ങള്‍...ഹീത്രുവും ഗാറ്റ്വിക്കും ബിര്‍മിങ്ങാമും മാഞ്ചസ്റ്ററും അടക്കം മിക്ക എയര്‍പോര്‍ട്ടുകളിലും വിമാനം മുടങ്ങി; ക്യാബിനില്‍ പുക പടര്‍ന്നു.. വിമാനം ഹീത്രുവില്‍ ലാന്‍ഡ് ചെയ്തു; പോര്‍ച്ചുഗലിലും ഗ്രീസിലും സ്‌പെയിനിലും തടയാനാവാതെ കാട്ടു തീ
ലണ്ടന്‍: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ സാങ്കേതിക പിഴവ് ഉണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്നും യാത്ര തിരിക്കേണ്ട വിമാനങ്ങള്‍ എല്ലാം തന്നെ ഇന്നലെ ഉച്ചയ്ക്ക് റദ്ദാക്കി. ഹീത്രൂ, ഗാറ്റ്വിക്, മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ്, ബിര്‍മ്മിംഗ്ഹാം തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലെല്ലാം തന്നെ വിമാനങ്ങള്‍ റദ്ദ് ചെയ്തപ്പോള്‍ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. എന്‍ എ ടി എസ് സ്വാന്‍വിക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലെ സാങ്കേതിക പ്രശ്നങ്ങളായിരുന്നു ഇതിന് കാരണമായത്.
വിമാനങ്ങള്‍ റദ്ദാക്കിയതോടെ വേനലവധിക്ക് യാത്ര തിരിച്ചവര്‍ രോഷാകുലരായി സമൂഹമാധ്യമങ്ങളിലെത്തി. അവരില്‍ ചിലര്‍ വിമാനത്തിനകത്തിരുന്നുള്ള ചിത്രങ്ങള്‍ ആയിരുന്നു പോസ്റ്റ് ചെയ്തത്. വൈകിട്ട് നാലേമുക്കാലോടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി എന്‍ എ ടി എസ് അറിയിച്ചു. എന്നിരുന്നാലും, വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും, യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം ശേഖരിക്കണമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും സ്ഥിതി സാധാരണ നിലയിലെക്ക് വന്നിട്ടുണ്ട്. എന്നിരുന്നാലും, നേരത്തെ സസ്പെന്‍ഡ് ചെയ്യപ്പെട്ട സര്‍വ്വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടതിനാല്‍, വിമാനങ്ങള്‍ വൈകാന്‍ ഇടയുണ്ട്.
യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ഹീത്രൂവില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി
ക്യാബിനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ഹീത്രൂ വിമാനത്താവളത്തിലിറങ്ങി. ഇറങ്ങിയ ഉടന്‍ തന്നെ യു എ 949 വിമാനത്തിനടുത്തേക്ക് പോലീസും അഗ്‌നിശമന സേനയുമടക്കമുള്ള അടിയന്തിര സേവന വിഭാഗം എത്തുകയും ചെയ്തു. സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോകാനായി ഹീത്രൂവില്‍ നിന്നും ഉച്ചക്ക് പന്ത്രണ്ടരക്ക് പറന്നുയര്‍ന്ന വിമാനമാണ് അടിയന്തിരമായി തിരിച്ചറക്കിയത്. ക്യാബിനുള്ളില്‍ പുക കണ്ടെത്തുമ്പോള്‍ വിമാനം 15,000 അടി ഉയരത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മില്‍റ്റണ്‍ കെയ്നെസ്സിനു മുകളില്‍ വെച്ചായിരുന്നു ബോയിംഗ് 777 -200 വിമാനത്തില്‍ പുക കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഹീത്രൂവിലേക്ക് മടങ്ങുകയായിരുന്നു. 272 യാത്രക്കാരും 13 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനം സുരക്ഷിതമായി ഇറങ്ങിയതായി ഹീത്രൂ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം നിലത്തിറങ്ങിയപ്പോള്‍ അതില്‍ പുക ഉണ്ടായിരുന്നില്ല എന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യൂറോപ്പില്‍ കാട്ടുതീ പടരുന്നു
യൂറോപ്പിലാകെ അതിതീവ്ര കാലാവസ്ഥ അനുഭവപ്പെടുകയാണ്. കാട്ടുതീയും, ഉഷ്ണതരംഗവും കൊടുങ്കാറ്റുമൊക്കെ ഭൂഖണ്ഡത്തില്‍ താണ്ഡവമാടുമ്പോള്‍, എമര്‍ജന്‍സി സര്‍വ്വീസുകാര്‍ വന്‍ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. പോര്‍ച്ചുഗല്‍, ഗ്രീസ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ കാട്ടുതീ പടരുകയാണ്. അതേസമയം സ്പെയിനിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും പല പ്രധാന വിനോദസഞ്ചാരങ്ങളിലും ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. വടക്കന്‍ പോര്‍ച്ചുഗലിലും, മദ്ധ്യ സ്പെയിനിലും ഇന്നലെയും വന്‍ നാശം വിതച്ച കാട്ടുതീ അണയ്ക്കാന്‍ ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങളാണ് പെടാപാട് പെടുന്നത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ കാട്ടുതീയാണ് ഐബീരിയ ഉപദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വനനിബിഡമായ പര്‍വ്വത നിരകള്‍ നിറഞ്ഞ അറോക്ക മേഖലയിലാണ് ഏറ്റവും അധികം കാട്ടു തീ അനുഭവപ്പെടുന്നത്. ലിസ്ബണില്‍ നിന്നും 300 കി.മീ വടക്ക് മാറിയുള്ള ഇവിടെ തിങ്കളാഴ്ച മുതല്‍ കാട്ടുതീ നിര്‍ത്താനാകാതെ തുടരുകയാണ്. ഈ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. എണ്ണൂറോളം അഗ്‌നിശമന പ്രവര്‍ത്തകരാണ് ഇവിടെ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. സ്പാനിഷ് അതിര്‍ത്തിക്കടുത്തുള്ള പെനെഡ - ജെറെസ് നാഷണല്‍ പാര്‍ക്ക് കഴിഞ്ഞ ശനിയാഴ്ച മുതല്‍ അഗ്‌നിയുടെ പിടിയിലാണ്. കനത്ത പുക അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ സമീപത്തെ ഗ്രാമങ്ങളിലെ താമസക്കാരോട് ജനലുകളും വാതിലുകളും അടച്ച് വീട്ടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
അതേസമയം പോര്‍ച്ചുഗലില്‍ രണ്ടിടത്ത് വ്യാപകമായി ഉണ്ടായ അഗ്‌നിബാധ തിങ്കളാഴ്ചയോടെ നിയന്ത്രണാധീനമാക്കാന്‍ അഗ്‌നിശമന സേനക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ ഒരിടത്ത് മാത്രം 3000 ഹെക്ടര്‍ വനഭൂമിയാണ് കത്തിക്കരിഞ്ഞ് ചാമ്പലായതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഗ്രീസിലെ പ്രെവെസ മേഖലയിലെ ഒരു വനമേഖലയില്‍ കാട്ടുതീ ആളിപ്പടരുകയാണ്. ഇന്നലെ പ്രാദേശിക സമയം ഉച്ചക്ക് 2 മണിയോടെയാണ് ഇത് ആരംഭിച്ചത്. ആവശ്യമെങ്കില്‍, വീടുകള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കണമെന്ന് സമീപവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.