അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ആദ്യമായി ഹമാസിനെതിരെ തിരിഞ്ഞു; ഹമാസിന്റെ നിരായൂധീകരണത്തിനും ആവശ്യം ഉന്നയിച്ച് യുഎന്‍ രേഖ; ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സ്; ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും ഫലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യം; സൗദിയടക്കം സമ്മര്‍ദ്ദവുമായി എത്തുമ്പോള്‍

Update: 2025-07-31 03:06 GMT

ജനീവ: ഹമാസിന് വന്‍ തിരിച്ചടി. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഗാസയുടെ നിയന്ത്രണം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാവണമെന്ന് അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ ഹമാസ് ഒറ്റപ്പെടുകയാണ്. യൂറോപ്യന്‍ യൂണിയനും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രയേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ അംഗീകരിച്ച ഏഴ് പേജുള്ള രേഖയിലാണ് ഈ രാജ്യങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

നിര്‍ദേശത്തെ അറബ് ലീഗും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പതിനേഴ് രാജ്യങ്ങള്‍ പിന്തുണച്ചു. നിലവിലെ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെ യു.എന്‍ പ്രമേയം അപലപിക്കുകയും ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിനു വേണ്ടി, ഗാസയിലെ ഭരണം ഹമാസ് അവസാനിപ്പിക്കുകയും ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറുകയും വേണം.' യുഎന്‍ അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. ഫലസ്തീന്‍ ഭരണത്തില്‍ ഭാവിയില്‍ ഹമാസിനെ യാതൊരു പങ്കും വഹിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും പ്രമേയം നിര്‍ദ്ദേശിക്കുന്നു. ബന്ദികളെ അടിയന്തരമായി മോചിപ്പിക്കണമെന്നും പ്രമേയത്തിലുണ്ട്.

ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും ഫലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും യുഎന്നിലെ ഫലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമേയം. ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും രേഖയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും യോഗത്തില്‍നിന്ന് വിട്ടുനിന്നു. യുദ്ധം അവസാനിച്ച ശേഷം ഗാസയെ സുസ്ഥിരമാക്കാന്‍ വിദേശസൈന്യത്തെ വിന്യസിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയ്ക്കൊപ്പം സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ഫ്രാന്‍സ്, ഈ പ്രഖ്യാപനത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. അറബ് രാജ്യങ്ങളും ഒന്നാകെ ഹമാസിനെ അപലപിക്കുകയാണ്.

ഹമാസിന്റെ നിരായുധീകരണത്തിനായി പ്രമേയം ആഹ്വാനം ചെയ്യുന്നു. ഫലസ്തീന്‍ ഭരണത്തില്‍നിന്ന് അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നു. ഭാവിയില്‍ ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള ഉദ്ദേശ്യം വ്യക്തം. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോ പറഞ്ഞു. ഹമാസിന്റെ ഒക്ടോബര്‍ 7 ആക്രമണത്തില്‍ 1,200-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിന് മറുപടിയായി ഇസ്രയേല്‍ വലിയ തോതിലുള്ള സൈനികാക്രമണം നടത്തുകയും പതിനായിരക്കണക്കിന് ഫലസ്തീനികളുടെ മരണത്തിനും ഇടയാക്കിട്ടുണ്ട്. ഇതാദ്യമായിട്ടാണ് അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഹമാസിന് നേരേ തിരിഞ്ഞിരിക്കുന്നത്.

ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം തടസപ്പെടുത്തുന്നത് ഇസ്രയേല്‍ ആണെന്ന് ഹമാസും സഹായ വസ്തുക്കള്‍ ഹമാസ് മോഷ്ടിക്കുകയാണെന്ന് ഇസ്രയേലും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ഇസ്രയേലും അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയോ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ല.

Tags:    

Similar News