ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനേക്കാള്‍ കൂടുതല്‍ ആഴത്തിലെ കിടങ്ങുകള്‍; സമുദ്രത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗത്ത് വെള്ളത്തിനടിയില്‍ ജീവിക്കുന്നത് ആയിരക്കണക്കിന് ജീവികള്‍

Update: 2025-08-01 04:23 GMT

മുദ്രത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗത്ത് വെള്ളത്തിനടിയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ജീവികളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ആറ് മൈല്‍ ആഴത്തിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ പസഫിക്കിലെ രണ്ട് സമുദ്ര ഗര്‍ത്തങ്ങളിലാണ് ആഴങ്ങളിലേക്ക് മുങ്ങിയ ശാസ്ത്രജ്ഞര്‍ സമുദ്രജീവികളുടെ വലിയ കൂട്ടത്തെ കണ്ടെത്തിയത്. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനേക്കാള്‍ കൂടുതല്‍ ആഴത്തിലാണ് ഈ കിടങ്ങുകള്‍ സ്ഥിതി ചെയ്യുന്നത്.

ഇവയില്‍ ഏറ്റവും ആഴം കൂടിയ കുറില്‍-കാംചത്ക ഗര്‍ത്തത്തിന് സമുദ്രോപരിതലത്തില്‍ നിന്ന് 9,533 മീറ്റര്‍ ആഴമുണ്ട്. മുമ്പ് എവിടെയും രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാള്‍ ഏകദേശം 25 ശതമാനം ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മറ്റുള്ള ജീവികള്‍ ജൈവവസ്തുക്കളാണ് കഴിക്കുന്നതെങ്കില്‍ ഈ ജീവികള്‍ രാസവസ്തുക്കളില്‍ നിന്നാണ് ഊര്‍ജ്ജം നേടുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പ്രക്രിയയെ കീമോസിന്തസിസ് എന്നാണ് വിളിക്കപ്പെടുന്നത്. ഒറ്റപ്പെട്ട ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ ജീവികള്‍ ആഴക്കടലിന്റെ വിശാലമായ മേഖലയില്‍ വ്യാപകമായിട്ടാണ് വളരുന്നത്.

കുറില്‍-കാംചത്ക, അലൂഷ്യന്‍ ഗര്‍ത്തങ്ങളുടെ അടിത്തട്ടിലേക്ക് കടന്ന് ചെന്ന ഗവേഷകര്‍ അവിടെ നിരവധി ട്യൂബ് വേവുകളും ക്ലാമുകളുമാണ് കണ്ടെത്തിയത്. സൂര്യപ്രകാശത്തിന് കടന്നു ചെല്ലാന്‍ കഴിയാത്ത ഇരുണ്ടതും തണുത്തതുമായ ഈ മേഖലയില്‍ കടല്‍ത്തീരത്ത് നിന്ന് ഒഴുകുന്ന ഹൈഡ്രജന്‍ സള്‍ഫൈഡും മീഥെയ്നും അടങ്ങിയ ദ്രാവകങ്ങളാണ് ഈ ജീവികള്‍ ഭക്ഷണമാക്കുന്നത്. പസഫിക്ക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗര്‍ത്തമായ മരിയാന ട്രെഞ്ചില്‍ ഉപരിതലത്തില്‍ നിന്ന് ഏകദേശം 36,000 അടി താഴെയായി ചില സമുദ്രജീവികളെ ഇതിലും വലിയ ആഴത്തില്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ അവയൊന്നും തന്നെ രാസവസ്തുക്കള്‍ ഭക്ഷിക്കുന്നവ അല്ലായിരുന്നു. ഭൂമിയില്‍ നിലവില്‍ ഏറ്റവും ആഴം കൂടിയതും വിപുലവുമായ കീമോസിന്തറ്റിക്ക് സമൂഹങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഈ രണ്ട് സമുദ്ര ഗര്‍ത്തങ്ങളിലുമാണ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. എന്നാല്‍ രാസവസ്തുക്കള്‍ കഴിക്കാത്ത ചില കടല്‍ജീവികളും ഈ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

കുറില്‍-കാംചത്ക കിടങ്ങ് ഏകദേശം 2,900 കിലോമീറ്റര്‍ നീളത്തിലാണ് വ്യാപിച്ചുകിടക്കുന്നത്. ഇത് കംചത്ക ഉപദ്വീപിന്റെ തെക്കുകിഴക്കന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

Tags:    

Similar News