അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്; അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ എടുക്കണം; ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം; ഡബ്ലിനില്‍ സംഭവിക്കുന്നത്
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ശാരീരിക ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഇത്. മുന്‍കരുതല്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം. അടിയന്തര ഘടങ്ങളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ അടക്കം പുറത്തിറക്കിയിട്ടുണ്ട്.
'അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ അയര്‍ലന്‍ഡിലെ അധികാരികളുമായി എംബസി ബന്ധപ്പെട്ടുവരികയാണ്. അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ എടുക്കണം. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം.' എംബസി മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ത്യന്‍ വംശജനായ സംരംഭകനും സീനിയര്‍ ഡാറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ വെച്ച് ഒരു കൂട്ടം യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഉണ്ടായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവെച്ച് ആറ് പേര്‍ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് യാദവ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വിവരിച്ചു. കണ്ണട തട്ടിപ്പറിച്ചു പൊട്ടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
ഈ ആക്രമണം വര്‍ധിച്ചുവരുന്ന ഒരു പ്രവണതയുടെ ഭാഗമാണെന്ന് പറഞ്ഞിരുന്നു സന്തോഷ് യാദവ്. ഡബ്ലിനിലുടനീളം വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ആരോപിച്ചു. 'ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഡബ്ലിനിലുടനീളം ഇന്ത്യക്കാര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. എന്നിട്ടും സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു. ഈ കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല.' അദ്ദേഹം പറഞ്ഞു.
ഈ വിലയിരുത്തലിനെയാണ് എംബസിയും അംഗീകരിക്കുന്നത്. അത്യുപൂര്‍വ്വമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുകള്‍ എംബസികള്‍ ഇറക്കാറുള്ളത്. അതുകൊണ്ട് തന്നെ നിരവധി ഇന്ത്യാക്കാന്‍ ആക്രമിക്കപ്പെട്ടുവെന്ന് തന്നെ വേണം വിലയിരുത്താന്‍.