മുപ്പത്തിയഞ്ചുകാരനെ സ്വന്തം അമ്മയും കാമുകിയും ചേര്‍ന്ന് കൊന്നതിന് ശേഷം കഷണങ്ങളായി വെട്ടിമുറിച്ചു; ദുര്‍ഗന്ധം മാറ്റാന്‍ കുമ്മായത്തില്‍ കുഴിച്ചിട്ടു; നേഴ്‌സും അമ്മയും ചേര്‍ന്ന് നടത്തിയ ക്രൂരത ഇങ്ങനെ
ഇറ്റലിയില്‍ ഒരു മുപ്പത്തിയഞ്ചുകാരനെ സ്വന്തം അമ്മയും കാമുകിയും ചേര്‍ന്ന് കൊന്നതിന് ശേഷം കഷണങ്ങളായി വെട്ടിമുറിച്ചതായി കേസ്. വടക്കുകിഴക്കന്‍ നഗരമായ ഉഡൈനിനടുത്തുള്ള ജെമോണ ഡെല്‍ ഫ്രിയുലിയിലെ വീട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് അലസ്സാന്‍ഡ്രോ വെനിയര്‍ എന്ന ഈ 35 കാരന്റെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം മറയ്ക്കാന്‍ മൃതദേഹം കുമ്മായത്തില്‍ കുഴിച്ചിട്ട നിലയിയാണ് കണ്ടെത്തിയത്.
ഇയാളുടെ മൃതദേഹം മൂന്ന് ഭാഗങ്ങളായി മുറിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വെനിയറുടെ മൃതദേഹം നീക്കം ചെയ്യാനായി പ്രാദേശിക ഭരണകൂടം ഇക്കാര്യത്തില്‍ വിദഗ്ധരായ ഒരു സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. ഒരു പ്രാദേശിക ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വെനിയറിനെ, അദ്ദേഹത്തിന്റെ അമ്മയും നഴ്‌സുമായ ലോര്‍ണ വെനിയറും 30 വയസ്സുള്ള കൊളംബിയക്കാരിയായ കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയതായിട്ടാണ് ആരോപണം. മയക്കുമരുന്ന് നല്‍കി വെട്ടിക്കൊന്നതിനു ശേഷം അവര്‍ ഇയാളെ കഷണങ്ങളാക്കിയെന്നാണ് കേസ്. സ്ത്രീകളില്‍ ഒരാളുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതികളായ രണ്ട് സ്ത്രീകളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരെ സ്ഥലത്തെ ഒരു പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. താന്‍ ചെയ്തത് ക്രൂരമായിപ്പോയി എന്നറിയാമായിരുന്നു എന്നാണ് ലോര്‍ന ഒരു പ്രാദേശിക പ്രോസിക്യൂട്ടറോട് പറഞ്ഞത്. അവരുടെ അഭിഭാഷകനായ ജിയോവന്നി ഡി നാര്‍ഡോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് തന്റെ കക്ഷി ചോദ്യം ചെയ്ത ഡെപ്യൂട്ടി പ്രോസിക്യൂട്ടറുടെ മുമ്പാകെ പൂര്‍ണ്ണ കുറ്റസമ്മതം നടത്തി എന്നാണ്. ഏതായാലും താന്‍ ചെയ്ത കുറ്റം അവരെ വല്ലാതെ ഞെട്ടിപ്പിച്ചു കളഞ്ഞു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇതുവരെ കൊലപാതകത്തിന് ഒരു കാരണവും വെളിപ്പെടുത്തിയിട്ടില്ല. മരിച്ചയാള്‍ക്ക് കാമുകിയില്‍ ആറ് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ഉണ്ടായിരുന്നു, കുടുംബത്തിലെ നാല് അംഗങ്ങളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വളരെ കുട്ടിയായിരുന്നപ്പോള്‍ തന്നെ വെനിയറുടെ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ച് പോകുകയായിരുന്നു. അമ്മയാണ് പിന്നീട് വളര്‍ത്തിയത്. നഗരത്തിലെ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. നഗരത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നാണ് അവര്‍ പറയുന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം സ്ത്രീകള്‍ക്കെതിരെ കുറ്റം ചുമത്തും എന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഇവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.