'ബിജെപി ഭരണമെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചു; ബൈബിള്‍ വലിച്ചെറിഞ്ഞു; വൈദികരെ ക്രൂരമായി തല്ലി; ഫോണുകള്‍ പിടിച്ചുവാങ്ങി; വസ്ത്രം വലിച്ചുകീറി; രണ്ട് മണിക്കൂറോളം ബന്ദിയാക്കി': നേരിട്ട ദുരനുഭവം വിവരിച്ച് സിസ്റ്റര്‍ എലേസ ചെറിയാന്‍

നേരിട്ട ദുരനുഭവം വിവരിച്ച് സിസ്റ്റര്‍ എലേസ ചെറിയാന്‍

Update: 2025-08-08 06:47 GMT

ന്യൂഡല്‍ഹി: ഒഡിഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ നേരിട്ടത് ക്രൂരമായ ആക്രമണം. തങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയതെന്ന് ആക്രമണത്തിനിരയായ സിസ്റ്റര്‍ എലേസ ചെറിയാന്‍ വെളിപ്പെടുത്തി. തങ്ങളുടെ കൂടെയുണ്ടായിരുന്ന വൈദികനെ ക്രൂരമായി മര്‍ദിച്ചുവെന്നും വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്ന് സിസ്റ്റര്‍ വ്യക്തമാക്കി. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിള്‍ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി.

കഴിഞ്ഞ ദിവസമാണ് മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. തങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചതെന്ന് സിസ്റ്റര്‍ എലേസ വിശദീകരിക്കുന്നു. വാഹനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. വൈദികന്‍ സഞ്ചരിച്ച ബൈക്ക് വലിച്ചെറിഞ്ഞു. വാഹനത്തിലെ പെട്രോള്‍ ഊറ്റിക്കളയാനും താക്കോല്‍ വലിച്ചെറിയാനും ശ്രമിച്ചു. തങ്ങളുടെ ഫോണുകള്‍ ബലമായി തട്ടിപ്പറിച്ചു. ഒഡിഷയില്‍ ഇപ്പോള്‍ ബിജെഡി അല്ല ഭരിക്കുന്നത് ബിജെപിയാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും സിസ്റ്റര്‍ എലേസ വ്യക്തമാക്കി.

ബുധനാഴ്ച വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ഉള്‍പ്പെടെ കഴിച്ച് 9 മണിയോടെ ഇവര്‍ ആ ഗ്രാമത്തില്‍ നിന്ന് മടങ്ങാനിരിക്കുകയായിരുന്നു. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കാത്തുനില്‍ക്കുകയും ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ജലേശ്വറിലെ പാരിഷ് പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരാണ് മര്‍ദിക്കപ്പെട്ടത്.

Tags:    

Similar News