യേശുക്രിസ്തു നടന്ന ഗലീലി കടല്‍ പൊടുന്നനെ രക്തച്ചുവപ്പായി മാറി; പരിഭ്രാന്തിയില്‍ നാട്ടുകാരും സന്ദര്‍ശകരും; ഇതൊരു അശുഭലക്ഷണമെന്ന് ഭയന്ന് പലരും; അസാധാരണ നിറം മാറ്റത്തിന്റെ രഹസ്യം ഇങ്ങനെ
യേശുക്രിസ്തു നടന്ന ഗലീലി കടല്‍ പൊടുന്നനെ രക്തച്ചുവപ്പായി മാറി
ജറുസലേം: യേശുക്രിസ്തു വെള്ളത്തിനു മുകളിലൂടെ നടന്നുവെന്ന് വിശേഷിപ്പിക്കുന്ന ഗലീലി കടല്‍ ഇസ്രയേലിലെ വലിയൊരു തടാകമാണ്. ഈ കടല്‍ പൊടുന്നനെ രക്തനിറമായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇതൊരു അശുഭലക്ഷണമെന്നാണ് പലരും മുന്നറിയിപ്പ് നല്‍കിയത്. തീരത്തേക്ക് അലയടിച്ചെത്തിയ കടുംചുവപ്പാര്‍ന്ന തിരമാലകള്‍ സന്ദര്‍ശകരെയും അമ്പരിപ്പിച്ചു.
ഈ അസാധാരണ ദൃശ്യത്തെ, ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്ന ഈജിപ്റ്റുകാരുടെ മേലുളള ദൈവശിക്ഷയുടെ ഭാഗമായ പത്ത് മഹാമാരികളോട് ചിലര്‍ താരതമ്യം ചെയ്തു. മോശയുടെ വടികൊണ്ട് നൈല്‍ നദിയിലെ ജലം രക്തമായി മാറിയെന്ന ബൈബിള്‍ വിവരണങ്ങളുമായി ഈ പ്രതിഭാസത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. ഇത് യുഗാന്ത്യത്തിന്റെ ലക്ഷണമാണെന്ന് വരെ ചിലര്‍ വാദിച്ചു. എന്നാല്‍, ഈ അസാധാരണ കാഴ്ചയ്ക്ക് പിന്നില്‍ തികച്ചും സാധുവായ വിശദീകരണമുണ്ടെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.
ശുദ്ധജല തടാകത്തില്‍ പച്ച ആല്‍ഗകള്‍ പൂത്തതിന്റെ ഫലമാണ് ഈ മാറ്റമെന്ന് ഇസ്രയേല്‍ പരിസഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. തീവ്രമായ സൂര്യപ്രകാശത്തില്‍ ഒരു പിഗ്മെന്റ് ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് പച്ച ആല്‍ഗ ചുവപ്പാകുന്നത്. ഈ രാസപ്രക്രിയയാണ് ജലാശയത്തിന് ഭീതിപ്പെടുത്തുന്ന നിറം നല്‍കിയത്.
കിന്നറെറ്റ് ഗവേഷണ ലബോറട്ടറി നടത്തിയ വിശദമായ പരിശോധനകളില്‍, ഈ ആല്‍ഗകള്‍ മനുഷ്യര്‍ക്ക് യാതൊരുവിധത്തിലും ഹാനികരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജലത്തിന്റെ നിറം കണ്ട് പേടിക്കേണ്ട ആവശ്യമില്ലെന്നും, നീന്തുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ശുദ്ധജല, ലവണാംശമുള്ള ജലാശയങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഈ ആല്‍ഗകള്‍ക്ക് ജൈവ ഇന്ധന നിര്‍മ്മാണത്തിന് ആവശ്യമായ ഹൈഡ്രോകാര്‍ബണുകള്‍ ഉത്പാദിപ്പിക്കാനുള്ള അപൂര്‍വ്വമായ കഴിവുണ്ട് എന്നതും ശ്രദ്ധേയമാണ്. അതിനാല്‍, ഭയപ്പാടുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇതൊരു പാരിസ്ഥിതിക പ്രതിഭാസം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.