ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല; ഡിജിറ്റലില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നത് യുജിസി കരട് ചട്ടം മുന്നില്‍ കണ്ടും; അര്‍ലേക്കര്‍-പിണറായി പോര് അതിശക്തമാകും
തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല. ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിനായി കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ റോള്‍ സര്‍ക്കാര്‍ പൂര്‍ണമായും വെട്ടിയിരുന്നു. ഗവര്‍ണര്‍ക്ക് പകരം സര്‍ക്കാരായിരിക്കും വിസി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുക. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്. വിസി നിയമന ഓര്‍ഡിനന്‍സ് സുപ്രീംകോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്ന നിയമോപദേശമാണ് രാജ്ഭവനു ലഭിച്ചതെന്നാണു വിവരം. ഇപ്പോള്‍ ഗോവയിലുള്ള ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ച ഫയല്‍ പരിശോധിക്കും. രാജ്ഭവനും സര്‍ക്കാരും തമ്മിലെ പോര് കൂടുതല്‍ ശക്തമാക്കുന്നതാകും ഈ തീരുമാനങ്ങള്‍. യുജിസിയുടെ 2025-ലെ കരട് ചട്ടത്തില്‍ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കേണ്ടത് ഗവര്‍ണറാണെന്നാണ് വ്യവസ്ഥ. കമ്മിറ്റിയില്‍ യൂണിവേഴ്സിറ്റി, ചാന്‍സലര്‍, യുജിസി പ്രതിനിധികളും വേണം. ഇത് പ്രാബല്യത്തില്‍വരുംമുന്‍പ് ഡിജിറ്റല്‍ സര്‍വകലാശാലാ വിസി നിയമനത്തില്‍ പിടിമുറുക്കാനാണ് സര്‍ക്കാര്‍ നീക്കം.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഡിജിറ്റല്‍ സര്‍വകലാശാലാ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദഗ്ധനെ ഉള്‍പ്പെടുത്താന്‍ കരട് ഓര്‍ഡിനന്‍സില്‍ ശിപാര്‍ശ ചെയ്യുന്നു. സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒറ്റപ്പേര് ഗവര്‍ണര്‍ക്കു സമര്‍പ്പിക്കാന്‍ പാടില്ലെന്നും വിവിധ ഘട്ടങ്ങളിലെ കോടതി വിധികളിലുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ശിപാര്‍ശയില്‍ അഞ്ചംഗം സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഒറ്റപ്പേര് ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാമെന്നും വ്യക്തമാക്കുന്നു. ഇതെല്ലാം സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനിരിക്കേ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന സര്‍ക്കാര്‍ ശിപാര്‍ശയും അംഗീകരിക്കില്ല. ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഡോ. സിസാ തോമസിനെ ഒഴിവാക്കാനാണ് തിടുക്കപ്പെട്ട സര്‍ക്കാരിന്റെ നടപടികളെന്നും വിമര്‍ശനമുയരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കരട് ഓര്‍ഡിനന്‍സ് വെള്ളിയാഴ്ച രാജ്ഭവനില്‍ പ്രത്യേക ദൂതന്‍ വഴി എത്തിക്കുകയായിരുന്നു. അഞ്ചംഗങ്ങളുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറായ ഗവര്‍ണറുടെ പ്രതിനിധിയെ ഒഴിവാക്കിയതും രാജ്ഭവനെ ചൊടിപ്പിക്കാന്‍ ആയിരുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്യുന്ന ഐടി വിദഗ്ധന്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദഗ്ധന്‍, യുജിസി പ്രതിനിധി, സര്‍വകലാശാലാ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് പ്രതിനിധി എന്നിവരാണ് മറ്റുള്ളവര്‍. വിസി നിയമനത്തിനുള്ള പരമാവധി പ്രായം 70 ആക്കി ഉയര്‍ത്താനും വ്യവസ്ഥയുണ്ട്. വിസിയുടെ ഒഴിവുണ്ടാകുന്നതിന് മൂന്നു മാസം മുന്‍പു സര്‍ക്കാരിന് വിജ്ഞാപനമിറക്കാം. സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം പേര് ഗവര്‍ണര്‍ക്ക് നല്‍കണം. ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന പാനലിലുള്ള ഒരാളെ മാത്രമേ വിസിയായി ഗവണര്‍ക്ക് നിയമിക്കാനാകൂവെന്ന് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഉറപ്പിക്കുന്നു.
നേരത്തേ സെര്‍ച്ച് കമ്മിറ്റി രൂപവത്കരണാധികാരം ഗവര്‍ണര്‍ക്കായിരുന്നപ്പോള്‍ ഒരു വിദഗ്ധനെ നാമനിര്‍ദേശം ചെയ്യാന്‍ രാജ്ഭവന് കഴിഞ്ഞിരുന്നു. ഇനിയതിനുള്ള അധികാരം സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സിലിനാകും. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരണത്തില്‍നിന്ന് ഗവര്‍ണറെ വെട്ടിയത്.