ബോൾ തട്ടിപ്പറിച്ചും ഡിഫൻഡ് ചെയ്തും നീന്തൽക്കുളത്തിൽ വാശിയേറിയ പോരാട്ടം; ആർപ്പുവിളിച്ച് കാണികൾ; പെടുന്നനെ സ്റ്റേഡിയത്തിന് പുറത്ത് അസാധാരണ ശബ്ദം; ആളുകൾ ചിതറിയോടി; താരങ്ങൾ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; എങ്ങും പരിഭ്രാന്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സാൽവഡോർ: ബ്രസീലിൽ അണ്ടർ 20 വനിതാ ലോകകപ്പ് 'വാട്ടർ പോളോ' മത്സരവേദിക്ക് സമീപം വെടിവയ്പ്പ്. ചൈനയും കാനഡയും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിയൊച്ച കേട്ടതോടെ താരങ്ങൾ നീന്തൽക്കുളത്തിൽ നിന്ന് പുറത്തുകടന്ന് നിലത്ത് കിടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ബ്രസീൽ പോലീസ് അറിയിച്ചു.
ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഞായറാഴ്ചയാണ് ആളുകളെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത് . സാൽവഡോർ നഗരത്തിലെ പിറ്റുബ ഏരിയയിലുള്ള വാട്ടർ പോളോ വേദിക്ക് പുറത്താണ് വെടിവയ്പ്പുണ്ടായത്. മത്സരം തുടങ്ങി ചൈന 3-2 ന് മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു വെടിയൊച്ച കേട്ടത്. ഇതോടെ ഭയന്നുപോയ താരങ്ങൾ മത്സരം നിർത്തി, കുളത്തിന് സമീപമുള്ള ചെറിയൊരു ചുവരിന് പിന്നിൽ അഭയം തേടുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
"ഏകദേശം ഒരു മിനിറ്റോളം മത്സരം നിർത്തിവച്ചു. പോലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത് ഞങ്ങളുടെ ടീം കണ്ടു," ബഹിയ സ്റ്റേറ്റ് വാട്ടർ സ്പോർട്സ് ഫെഡറേഷൻ മേധാവി മാർക്കോ അന്റോണിയോ ലെമോസ് പ്രസ്താവനയിൽ പറഞ്ഞു. വേദിക്ക് പുറത്ത് ഒരു പ്രാദേശിക കുറ്റവാളിയെ പിടികൂടാൻ പോലീസ് നടത്തിയ ഏറ്റുമുട്ടലാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, അൽപ്പസമയത്തിനകം മത്സരം പുനരാരംഭിച്ചു. മത്സരത്തിൽ ചൈന 12-8 എന്ന സ്കോറിന് കാനഡയെ പരാജയപ്പെടുത്തി. 16 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിന് ബ്രസീൽ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ ഉദ്ഘാടന ദിനത്തിലുണ്ടായ ഈ സംഭവം കായിക ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്.