അയല്‍വാസിയുടെ പക; വ്യാജ പോക്‌സോ കേസില്‍ ആറ് വര്‍ഷത്തെ ജയില്‍വാസം; നിരപരാധിത്വം തെളിയിക്കാന്‍ തടവറയില്‍ നിയമപഠനം; ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പാസ്റ്റര്‍ ഷിബു തനിയെ വാദിച്ച് ജയിച്ച് കുറ്റവിമുക്തനായി
ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പാസ്റ്റര്‍ ഷിബു കുറ്റവിമുക്തനായി
കൊച്ചി: വ്യാജ പോക്സോ കേസ് തനിയെ വാദിച്ച് ജയിച്ച് പാസ്റ്റര്‍. തൊടുപുഴ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ച പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ഷിബുവിനെ ഹൈക്കോടതി ശിക്ഷ റദ്ദാക്കി വിട്ടയച്ചു. പോക്സോ കോടതിയുടെ ഉത്തരവുപ്രകാരമുള്ള പിഴ അടച്ചിട്ടുണ്ടെങ്കില്‍ മടക്കി നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
ഷിബു 28ാം വയസിലാണ് വ്യാജ പോക്‌സോ കേസില്‍പ്പെട്ടത്. 2014ല്‍ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 5 വര്‍ഷത്തിന് ശേഷം കോടതി ഷിബുവിന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ഈ വിധിക്കെതിരെ ജയിലില്‍ വച്ച് നിയമം പഠിച്ച് ഹൈക്കോടതിയില്‍ സ്വയം വാദിച്ച് കുറ്റവിമുക്തനാവുകയായിരുന്നു ഷിബു. ജയിലിലെ ദുരനുഭവങ്ങളും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലും കനല്‍ വഴികള്‍ താണ്ടിയുള്ള പോരാട്ടവുമാണ് ഷിബുവിന് ജീവിതത്തിലെ തിരിച്ചുവരവിന് കരുത്തായത്.
ജയിലില്‍ കിടന്ന 5 വര്‍ഷവും 9 മാസവും ഷിബുവിന്റെ ഏക ലക്ഷ്യം തന്റെ നിരപരാധിത്വം തെളിയിക്കുക എന്നത് മാത്രമായിരുന്നു. ജയിലില്‍ നിന്നും ജോലി ചെയ്ത് കിട്ടുന്ന കൂലിയില്‍ നിയമപുസ്തകങ്ങള്‍ വാങ്ങി. രാത്രിയോ പകലോ എന്നില്ലാതെ പഠിച്ചു. 2014ല്‍ അയല്‍വാസിയുടെ പകയുടെ ഇരയായി ജയിലില്‍ അടക്കപ്പെട്ട ഷിബുവിന്റെ ഏക പ്രതീക്ഷ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് തന്നോട് വിരോധമുണ്ടായിരുന്നുവെന്നും കുട്ടിയെ ഉപയോഗിച്ച് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും ഷിബു കോടതിയില്‍ വാദിച്ചു. ഇതു വിലയിരുത്തിയ കോടതി മെഡിക്കല്‍ തെളിവുകളും പെണ്‍കുട്ടിയുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രോസിക്യൂഷന് കേസ് സംശയത്തിന് അതീതമായ തെളിയിക്കാനായില്ലെന്ന് കോടതി വിധിച്ചു.
2014 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ഇടുക്കിയിലെ വാടകവീട്ടില്‍ വച്ച് ഷിബു 10 വയസ്സുകാരി പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പരാതി. പ്രഥമദൃഷ്ട്യാ ഷിബുവിനെതിരെ തെളിവില്ലാഞ്ഞിട്ടും വ്യാജ രേഖകള്‍ ചമച്ച് കുറ്റക്കാരനാക്കി. 2019 ഒക്ടോബര്‍ 31ന് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഷിബുവിന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഈ കേസ് തനിയെയാണ് ഷിബു കോടതിയില്‍ വാദിച്ചതും കുറ്റവിമുക്തനായതും.