'ജാഡക്കാരി, സൗന്ദര്യം ഉള്ളതിന്റെ ജാഡ; താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ? നാച്വറല്‍ ഫോട്ടോസ് ഒക്കെ കണ്ടിട്ടുണ്ട്, താന്‍ പൊളി ആണ്; സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ'; മെസഞ്ചറില്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ പ്രതിരോധത്തില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ പ്രതിരോധത്തില്‍

Update: 2025-08-21 06:35 GMT

തിരുവനന്തപുരം: മെസഞ്ചറില്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയച്ച ചാറ്റുകള്‍ കൂടി പുറത്ത് വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ പ്രതിരോധത്തില്‍. വിവാഹിതയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് അയച്ച ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. യുവ നേതാവിനെതിരായ നടി റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നതിനിടെയാണ് 2020 മെയ് 17ന് അയച്ച ചാറ്റുകള്‍ പുറത്തുനവന്നിരുക്കുന്നത്. യുവതിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയാണ് ചാറ്റുകള്‍. ഫോണ്‍ നമ്പര്‍ ചോദിച്ചിട്ടും എന്തുകൊണ്ടാണ് നല്‍കാത്തതെന്ന് ചോദിച്ചാണ് ചാറ്റ്.


രാഹുല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഒരു ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.'കുഞ്ഞനിയന്റെ കുഞ്ഞു തമാശ' എന്ന യുവതിയുടെ മെസേജിന് 'അയ്യേ ഞാന്‍ അനിയനൊന്നുമല്ല' എന്ന് രാഹുല്‍ മറുപടി നല്‍കുന്നു.

'താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ,' എന്ന് രാഹുല്‍ പറയുമ്പോള്‍ 'അത് നേരിട്ട് കാണാത്തതുകൊണ്ടാ' എന്ന് യുവതി മറുപടി നല്‍കുമ്പോള്‍ 'നാച്വറല്‍ ഫോട്ടോസൊക്കെ കണ്ടിട്ടുണ്ട്, താന്‍ പൊളിയാണ്' എന്നായിരുന്നു മറുപടി.'ജാഡക്കാരി, സൗന്ദര്യമുള്ളതിന്റെ ജാഡ' എന്ന് രാഹുല്‍ പറയുമ്പോള്‍ ആ സ്ത്രീ 'അയ്യേ' എന്ന് മറുപടി നല്‍കുന്നു. 'എന്ത് അയ്യേ, ഞാന്‍ വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ, സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാണ്'- എന്നായിരുന്നു ഇയാളുടെ മറുപടി.

'താന്‍ ഭയങ്കര ജാഡയാണല്ലേ, ഞാന്‍ എത്ര ദിവസമായിട്ട് നമ്പര്‍ ചോദിക്കുവാ'- എന്നൊക്കെ രാഹുല്‍ പറഞ്ഞതായിട്ടാണ് ചാറ്റില്‍ ഉള്ളത്. അശ്ലീല സന്ദേശമയച്ചെന്ന നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. പേര് പറഞ്ഞില്ലെങ്കില്‍ പോലും നടി ഉദ്ദേശിച്ചത് രാഹുലിനെ തന്നെയാണെന്നാണ് എല്ലാവരുടെയും അനുമാനം. ഇതിനുപിന്നാലെയാണ് രാഹുല്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു സ്ത്രീ പുറത്തുവിട്ടിരിക്കുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറയണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് മെസഞ്ചറിലെ ചാറ്റുകള്‍ കൂടി പുറത്തുവരുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായതോടെ അദ്ദേഹം രാജി വച്ചേക്കുമെന്നാണ് വിവരം.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്നേഹ പറഞ്ഞു. സംഘടനാ ഗ്രൂപ്പിലായിരുന്നു സ്നേഹയുടെ പ്രതികരണം.

'നിരവധി പെണ്‍കുട്ടികള്‍ ഉള്ള പ്രസ്ഥാനമാണിത്. അദ്ദേഹത്തെ ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇതുപോലുള്ള ആരോപണങ്ങള്‍ എപ്പോഴും ചിരിച്ച് തള്ളാനാകില്ല. സംസ്ഥാന അധ്യക്ഷനുനേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചര്‍ച്ച ചെയ്യണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഉണ്ട്. മെഗാ സീരിയല്‍ പോലെയാണ് എന്നും ഒരോ കഥകള്‍ പുറത്ത് വരുന്നത്' സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പുറത്ത് വന്ന ഓഡിയോയില്‍ പറയുന്നു.

മറ്റു ചില നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തി സ്ഥിതിക്ക് നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അടുത്തും പരാതി എത്തിയിട്ടുണ്ട്. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഇതിന്റെ ഭാഗമായി രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജി വച്ചേക്കുമെന്നാണ് വിവരം.

Tags:    

Similar News