'യുവനടി എന്റെ അടുത്ത സുഹൃത്താണ്; അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍; 'ഏതൊരു വ്യക്തിക്കും സെക്കന്‍ഡ് ലൈഫുണ്ട്; ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്താകുമെന്ന് എനിക്കറിയില്ല; ഇനിയെങ്കിലും അദ്ദേഹം നവീകരിക്കപ്പെടണം'; ഇതൊരു പോരാട്ടമാണെന്നും യുവനടി
കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് യുവനടി റിനി ആന്‍ ജോര്‍ജ്. ഒരു വ്യക്തിയോടല്ല തന്റെ യുദ്ധം. വ്യക്തിപരമായി ആരെയും പേര് എടുത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ രാജിവെച്ചതില്‍ തനിക്ക് വ്യക്തിപരമായ ഒരു താത്പര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
'ഈ വിഷയത്തില്‍ ഞാന്‍ ആദ്യം മുന്നോട്ട് വന്നപ്പോള്‍ എന്നെക്കുറിച്ച് ചില പേരുകള്‍ വരെ പറഞ്ഞ് അധിക്ഷേപിക്കുന്ന രീതിയുണ്ടായി. പിന്നീട് പലരും പരാതിയുമായി വരുന്നുണ്ടെന്ന് മനസ്സിലായി. ഏതെങ്കിലും പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തതല്ല ഈ വിവാദം. ഞാന്‍ വ്യക്തിപരമായി ആരെയും പേര് എടുത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഒരു വ്യക്തിയോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകളോടുള്ളതാണ്. രാഷ്ട്രീയ നേതാവ് എങ്ങിനെ ആയിരിക്കണം എന്നത് മാത്രമാണ് എന്റെ വിഷയം'.
'അത് എന്താണെങ്കിലും തീരുമാനമെടുക്കേണ്ടത് ആ പ്രസ്ഥാനമാണ്. ആ വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണം എന്നാണ് പറയാനുള്ളത്. ഇപ്പോഴും നല്ല സുഹൃത്തായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. നിരന്തരം ആരോപണങ്ങള്‍ വരികയാണ്. ചില ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നു. ഞാന്‍ ഉന്നയിച്ചത് അത്രയും ഗുരുതരമായ ആരോപണങ്ങളാണ് എന്ന് പറയുന്നില്ല. വ്യക്തിപരമായി ഇതില്‍ ഒരു സന്തോഷവുമില്ല. ഒരു പ്രധാനപ്പെട്ട നേതാവിനെതിരേ ചിത്രം സഹിതം ആരോപണം വരുമ്പോള്‍ അത് അന്വേഷിക്കണം.
ഇദ്ദേഹത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായവര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഭയമാണ് എന്നാണ് എന്നോട് പറഞ്ഞത്. അവര്‍ നിയമപരമായി മുന്നോട്ട് പോകുമോ എന്ന് എനിക്കറിയില്ല. സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടമാണിത്.
രാഷ്ട്രീയമായ സംരക്ഷണം ഈ ആരോപണവിധേയന് ലഭിക്കുമെന്ന ആശങ്കയൊന്നും എനിക്കില്ല. എന്റെ ഭാഗം ശരിയാണെങ്കില്‍ അത് ശരിയിലേക്ക് തന്നെയെത്തുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. സാമൂഹികമാധ്യമങ്ങളില്‍ കാര്യങ്ങള്‍ വന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. അതിന് ശേഷം അദ്ദേഹത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഏതൊരു വ്യക്തിക്കും സെക്കന്‍ഡ് ലൈഫുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്താകുമെന്ന് എനിക്കറിയില്ല', ആന്‍ കൂട്ടിച്ചേര്‍ത്തു.
യുവനടി ആരുടെയും പേര് പറഞ്ഞിട്ടില്ല. തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു രാഹുല്‍ രാജി പ്രഖ്യാപിക്കുന്നതിന് മുമ്പ് വിശദീകരിച്ചത്. എനിക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി എന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്തിട്ടില്ല. അങ്ങനെ എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ആരും പരാതി നല്‍കിയിട്ടില്ല.
അത്തരത്തില്‍ ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ. ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നൊരു പരാതി ആരെങ്കിലും കൊടുത്തിട്ടുണ്ടോ. ശബ്ദസന്ദേശങ്ങള്‍ ഉണ്ടാക്കാന്‍ ഇന്നത്തെ കാലത്ത് ആര്‍ക്കും കഴിയും. കോണ്‍ഗ്രസിന്റെ അനുഭാവിയായ വ്യക്തി എന്റെ പേര് പറഞ്ഞോ. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനല്ലേ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ എനിക്കെതിരെ പരാതിയുണ്ടോ. ഹണി ഭാസ്‌കരന് തെളിയിക്കാന്‍ സാധിക്കുമോ. രണ്ടുപേര്‍ സംസാരിക്കുന്നത് തെറ്റാണെങ്കില്‍ അവര്‍ ചെയ്തതും തെറ്റാണ്. ഹണി ഭാസ്‌കരന് ആക്ഷേപമുണ്ടെങ്കില്‍ അവരത് തെളിയിക്കട്ടെ.
സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ചര്‍ച്ച ചെയ്യേണ്ട സമയത്ത് അതില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നത്. ഈ പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ സമ്മതിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിനിധിയാണ് ഞാന്‍. എന്നെ ന്യായീകരിച്ചുകൊണ്ടിരിക്കുകയല്ല പാര്‍ട്ടി പ്രവര്‍ത്തകരുടെ ബാധ്യത. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.