ആശുപത്രി നടയിൽ അമ്മയുടെ കൈപിടിച്ചെത്തിയ കുഞ്ഞിനെ കണ്ട് പലരും പതറി; തലയോട്ടിയിൽ കുത്തിയിറക്കിയ നിലയിൽ 'കത്തി'; ഒന്നും സംഭവിക്കാത്തത് പോലെ കൂളായി നടത്തം; ചെറിയൊരു അശ്രദ്ധയിൽ നടന്നത്; ഭയപ്പെടുത്തി വീഡിയോ

Update: 2025-08-24 13:02 GMT

ബെയ്‌ജിങ്‌: തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുമെങ് നഗരത്തിൽ മൂന്നു വയസ്സുകാരിയുടെ തലയിൽ കത്തി കുത്തിക്കയറിയ നിലയിലും യാതൊരു ഭാവഭേദവുമില്ലാതെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയിലേക്ക് നടന്ന സംഭവം ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. ഓഗസ്റ്റ് 15-നാണ് ഈ അസാധാരണ സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഹു എന്ന് പേരുള്ള ഈ ബാലികയുടെ തലയിൽ 15 സെന്റീമീറ്റർ നീളമുള്ള ഒരു പഴം മുറിക്കുന്ന കത്തിയാണ് തറച്ചുകയറിയത്. വീട്ടിൽ അമ്മ കിടക്ക വിരി വിരിക്കുകയായിരുന്ന സമയത്താണ് അരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അറിയാതെ കത്തി തലയിൽ തറച്ചത്. ആദ്യം കത്തി ഊരിയെടുക്കാൻ അമ്മ ശ്രമിച്ചെങ്കിലും, വേദനയെത്തുടർന്ന് കുട്ടി കരഞ്ഞപ്പോൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെയും അമ്മയെയും ഡോംങ്ചുങ് പീപ്പിൾസ് ആശുപത്രിയിൽ എത്തിയപ്പോൾ, തലയിൽ കത്തി തറച്ചിട്ടും യാതൊരു ഭയവുമില്ലാതെ, അനങ്ങാതെ, യാതൊന്നും സംഭവിക്കാത്ത രീതിയിലാണ് കുട്ടി നടന്നുവന്നത്. കത്തിയുമായി നടക്കുന്ന കുട്ടിയുടെ കാഴ്ച ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഞെട്ടിച്ചു. കത്തിയുമായി അകത്തേക്ക് പോകുന്ന കുട്ടിയുടെയും അമ്മയുടെയും ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

കുട്ടിയുടെ മൃദലമായ തലയോട്ടിയിൽ കത്തി ചെറിയ തോതിൽ മാത്രമേ തറച്ചുള്ളൂ എന്നും, അത് തലച്ചോറിലെ പ്രധാന ഭാഗങ്ങളിൽ ഏൽക്കാതിരുന്നതുകൊണ്ട് ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കത്തി തലയിൽ നിന്ന് മാറ്റിയതായും കുട്ടി പൂർണ്ണമായി സുഖം പ്രാപിച്ചു വരുന്നതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. കത്തി വലിച്ചൂരാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതാണ് വലിയ അപകടം ഒഴിവാൻ കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

ഈ സംഭവം ഒരു അപകടം മാത്രമാണെന്നും മനഃപൂർവമല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്ന് കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തലയിൽ കത്തി കുത്തിക്കയറിയ വേദനയെ പോലും പുച്ഛിച്ചുതള്ളി, അമ്മയുടെ കൈപിടിച്ച് ആശുപത്രിയിലേക്ക് നടന്നെത്തിയ കുഞ്ഞിൻ്റെ ധൈര്യമാണ് ഈ സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 

Tags:    

Similar News