ലണ്ടനില്‍ നിന്ന് ബീജിങ്ങിലേക്ക് പറക്കവേ എഞ്ചിന്‍ തകരാര്‍; എയര്‍ ചൈന വിമാനം അടിയന്തരമായി സൈബീരിയയിലെ വിമാനത്താവളത്തില്‍ ഇറക്കി; കുട്ടികള്‍ അടക്കം 267 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ റഷ്യന്‍ അധികൃതര്‍

എയര്‍ ചൈന വിമാനം അടിയന്തരമായി സൈബീരിയയില്‍ ഇറക്കി

Update: 2025-08-26 16:30 GMT

മോസ്‌കോ: ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് റഷ്യയില്‍ അടിയന്തര ലാന്‍ഡിങ്. 267 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ബോയിംഗ് 777-39 L(ER) വിമാനം റഷ്യയിലെ സൈബീരിയന്‍ നഗരമായ നിഷ്‌നെവാര്‍ട്ടോവ്‌സ്‌കിലാണ് അടിയന്തരമായി ഇറക്കിയത്. എന്‍ജിന്‍ തകരാറാണ് വിമാനം അടിയന്തര ലാന്‍ഡിങ്ങിന് നിര്‍ബന്ധിതമാക്കിയത്. ബീജിങ്ങിലേക്ക് പറക്കവേയാണ് എയര്‍ ചൈന വിമാനത്തിന്റെ തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. രാത്രി 10.43ന് ഹീത്രോയില്‍ നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാവിലെ 8:17നാണ് വിമാനം നിഷ്‌നെവാര്‍ട്ടോവ്‌സ്‌കില്‍ ഇറങ്ങിയത്.

എന്നാല്‍, വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ യാത്രക്കാരെ റഷ്യന്‍ അധികൃതര്‍ അനുവദിച്ചില്ല. 15 ജീവനക്കാരടക്കം 267 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 20 കുട്ടികള്‍ അടക്കം യാത്രക്കാര്‍ പരിഭ്രാന്തരായതായി റിപ്പോര്‍ട്ടില്ല. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഒരുക്കിയേക്കും. പകരം വിമാനം ഒരുക്കുന്ന മുറയ്ക്ക് യാത്ര തുടരും.

യുക്രെയിന് എതിരായ റഷ്യയുടെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്, പാശ്ചാത്യ എയര്‍ലൈനുകള്‍ റഷ്യയുടെ വ്യോമമേഖലയിലൂടെ പറക്കാറില്ല. എന്നാല്‍, യുകെയിലേക്ക് വരികയും പോകുകയും ചെയ്യുന്ന ചൈനീസ് എയര്‍ലൈന്‍സ് റഷ്യന്‍ വ്യോമമേഖല ഉപയോഗിക്കാരുണ്ട്. മോസ്‌കോയ്ക്ക് കിഴക്ക് 1435 മൈല്‍ അകലെയാണ് എണ്ണനഗരമായ നിഷ്‌നെവാര്‍ട്ടോവ്‌സ്‌ക്.

Tags:    

Similar News