നേപ്പാൾ പാർലമെന്റ് തീവെച്ച 'ജെൻ സി' പിള്ളേരുടെ മധുര പ്രതികാരം; അഴിമതിക്കാരെ അടക്കം അടിച്ചോടിച്ചത് ലോകം അമ്പരപ്പോടെ കണ്ടു; കാര്യങ്ങൾ ഉഷാറായി കഴിഞ്ഞപ്പോൾ വൻ ട്വിസ്റ്റ്; തെരുവിൽ ഇതാ..അടുത്ത പോരാട്ടം; പുതിയ നേതാവിനെച്ചൊല്ലി റോഡിൽ മുട്ടൻ ഇടി; ഇനി രാജ്യത്തെ നയിക്കാൻ ആ റാപ്പർ തന്നെ വരുമോ?
കാഠ്മണ്ഡു: നേപ്പാളിൽ ഭരണകൂടത്തെ അട്ടിമറിച്ച ജെൻസീ പ്രക്ഷോഭകർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പുതിയ സർക്കാരിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതുവരെ രാജ്യത്തെ നയിക്കേണ്ട ഇടക്കാല പ്രധാനമന്ത്രിയെ ആര് എന്ന കാര്യത്തിലാണ് പ്രക്ഷോഭകരിൽ ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഈ ഭിന്നത തെരുവിൽ സംഘർഷങ്ങൾക്കും കൈയാങ്കളികൾക്കും വരെ വഴിവെച്ചതായാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഒരു ഇടക്കാല നേതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രക്ഷോഭകരുടെ സംഘടനകളും നിലവിലെ കാവൽ പ്രസിഡന്റ് രാമചന്ദ്ര പൗഡലും സൈനിക മേധാവി അശോക് രാജ് സിഗ്‌ദെലും സൈനിക ആസ്ഥാനത്ത് ചർച്ചകൾ നടത്തിയത്. നിലവിലെ രാഷ്ട്രീയ നേതാക്കൾക്ക് പകരം പുതിയൊരു മുഖത്തെ കണ്ടെത്തുക എന്നതായിരുന്നു ഈ ചർച്ചകളുടെ ലക്ഷ്യം.
തുടക്കത്തിൽ, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷായുടെ പേര് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. എന്നാൽ, അദ്ദേഹം ഈ നിർദ്ദേശം നിരസിച്ചു. ഇതിനുപിന്നാലെയാണ് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ പേര് ഉയർന്നുവന്നത്. എന്നാൽ, തന്നോട് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി ആരും സംസാരിച്ചിട്ടില്ലെന്ന് സുശീല കര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി മുൻ മേധാവിയായിരുന്ന കുൽമൻ ഘിസിങ്ങിന്റെ പേര് ചർച്ചകളിലേക്ക് കടന്നുവരുന്നത്. 70 വയസ്സുള്ള സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ ചിലർ അവരുടെ പ്രായം ചൂണ്ടിക്കാട്ടി എതിർക്കുന്നുണ്ട്. ഇതിനു വിപരീതമായി 54 വയസ്സുള്ള കുൽമൻ ഘിസിങ്ങിന് ഈ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. രാജ്യത്ത് മണിക്കൂറുകളോളം നീണ്ടുനിന്നിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് അറുതി വരുത്തിയതിലൂടെയാണ് ഘിസിങ് ജനശ്രദ്ധ നേടിയത്. ഇദ്ദേഹത്തിന് പുറമെ ധരൻ നഗരസഭാ മേയർ ഹർക് സംപങ്ങിന്റെ പേരും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
ഇങ്ങനെ സൈനിക ആസ്ഥാനത്ത് ഇടക്കാല നേതാവിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുമ്പോഴും, പുറത്ത് വിഷയത്തിൽ ഭിന്നത പുലർത്തുന്ന ജെൻസീ പ്രക്ഷോഭകർ തമ്മിൽ സംഘർഷങ്ങളുണ്ടാവുകയായിരുന്നു. സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന പക്ഷക്കാരും കുൽമൻ ഘിസിങ്ങിനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഈ സംഘർഷങ്ങൾ നേപ്പാളിലെ നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിവിധ പേരുകൾ ഉയർന്നുവരുന്നതും അതിനെച്ചൊല്ലി പ്രക്ഷോഭകർക്കിടയിൽ ഭിന്നത ഉടലെടുക്കുന്നതും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിക്ക് നിർണായകമാകും.