നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കി; വിമാനത്തില്‍ കയറിയവരാകട്ടെ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചു; സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്‌സ് വിമാനം വൈകിയത് മണിക്കൂറുകള്‍; ട്രംപിന്റെ വീസപ്പൂട്ടില്‍ നിറഞ്ഞത് കടുത്ത ആശങ്ക

Update: 2025-09-21 11:38 GMT

ന്യൂഡല്‍ഹി: യുഎസില്‍നിന്ന് അവധിക്ക് ഇന്ത്യയിലേക്കു പുറപ്പെടാനൊരുങ്ങിയ നിരവധി ഇന്ത്യക്കാരുടെ യാത്രമുടക്കി ഡോണള്‍ഡ് ട്രംപിന്റെ എച്ച്1ബി വീസപൂട്ട്. ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിന് പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സിന്റെ വിമാനം മണിക്കൂറുകള്‍ വൈകി.

യുഎസ് വിമാനത്താവളങ്ങളില്‍ മാത്രമല്ല ദുബായിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെട്ടെന്നും യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീസാ ഫീസ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തി 20 മിനിറ്റിനകം ദുബായ് വിമാനത്താവളത്തില്‍ 10-15 യാത്രക്കാര്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചെന്നും വാര്‍ത്തയുണ്ട്. എച്ച്1ബി വീസയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു യുഎസ് സര്‍ക്കാര്‍ ഉചിതമായ പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുകയാണ്.

യുഎസിലേക്കു മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദേശം നല്‍കി. വീസ നിരക്കു വര്‍ധനയുടെ വാര്‍ത്തകള്‍ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000-80,000 ആയി.

'നിലവിലെ വിസ ഉടമകളെ ബാധിക്കില്ല'

അതിനിടെ എച്ച് 1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

അതോടൊപ്പം നിലവിലെ എച്ച് 1ബി വിസ പുതുക്കുമ്പോള്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കിയ അവര്‍, നിലവിലെ വിസ ഉടമകള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്നതിനും അമേരിക്കയില്‍ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എച്ച് 1ബി വിസകള്‍ പുതുതായി നല്‍കുന്നത് നിയന്ത്രിക്കുന്നതാണ് തീരുമാനമെന്ന് ഇതിലൂടെ വ്യക്തമായി.

ഐ ടി മേഖലയില്‍ എച്ച് 1ബി വിസ ഉപയോഗിച്ച് എത്തുന്നവരുടെ എണ്ണം 2003 നെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2003 ല്‍ ഐ ടി ജീവനക്കാരില്‍ 32 ശതമാനം മാത്രമാണ് എച്ച് 1ബി വിസയിലൂടെ എത്തിയിരുന്നതെങ്കില്‍, ഈയടുത്ത വര്‍ഷങ്ങളില്‍ ഇത് 62 ശതമാനമായി ഉയര്‍ന്നെന്നും വൈറ്റ് ഹൗസ് വിവരിച്ചു.

തൊഴിലില്ലായ്മ

അതേസമയം കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കിടയില്‍ യു എസില്‍ തൊഴിലില്ലായ്മ 6.1 ശതമാനമായി വര്‍ധിച്ചതായും വൈറ്റ് ഹൗസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബയോളജി, ആര്‍ട്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നവരെ അപേക്ഷിച്ച് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കൂടുതലാണെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. എച്ച് 1ബി വിസ പദ്ധതിയിലൂടെ വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് തദ്ദേശീയ ജോലിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിസ ഫീസ് വര്‍ധനയിലൂടെ സര്‍ക്കാര്‍ നയങ്ങള്‍ കര്‍ശനമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.

Similar News