മനം നിറച്ച് മകര ജ്യോതി; പൊന്നമ്പലമേട്ടില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യം; ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി ശബരിമല; മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം; ദര്‍ശനപുണ്യം നേടി മടക്കയാത്ര
ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിച്ചു. ആകാശത്ത് മൂന്ന് തവണ മകര നക്ഷത്രം തെളിഞ്ഞതിനൊപ്പം ശബരിമല ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് ശ്രീകോവില്‍ നടതുറന്നു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്നതിനിടെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിച്ചു. ഇനി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുത് ഭക്തര്‍ മലയിറങ്ങും. സന്നിധാനത്തും സമീപ പ്രദേശങ്ങളിലും പുല്ലുമേട്ടിലുമായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മകരവിളക്ക് ദര്‍ശനത്തിനായി കാത്തുനിന്നത്.
ശബരിമലയെ അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകള്‍ ആണ് പര്‍ണശാലകള്‍ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പര്‍ണശാലകളിലും. കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു.
തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിച്ച തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞതോടെ വിശ്വാസികള്‍ ദര്‍ശനപുണ്യം നേടി.
പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ തിരുവാഭരണത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടര്‍ന്ന് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിച്ച തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി.
സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന വേളയിലാണ് മകരസംക്രമ പൂജ നടക്കുന്നത്. തിരുവാഭരണം വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടത്തുന്ന അതേസമയത്ത് തന്നെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിച്ചു. ആകാശത്ത് മകരനക്ഷത്രം ഉദിച്ചുയര്‍ന്നതോടെ ഭക്തര്‍ ശരണംവിളികളുമായി ജ്യോതി ദര്‍ശിച്ചു.
മകരസംക്രമപൂജ, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരജ്യോതി ദര്‍ശനം, മാളികപ്പുറത്തു നിന്നുള്ള അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്ത്, മണിമണ്ഡപത്തിലെ കളമെഴുത്ത് എന്നിവയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങുകള്‍. മകരസംക്രമപൂജ വൈകിട്ട് 3.08ന് നടന്നു. ഉത്തരായനത്തിനു തുടക്കം കുറിക്കുന്ന സംക്രമമുഹൂര്‍ത്തത്തില്‍ അയ്യപ്പ സ്വാമിക്കു സംക്രമപൂജയും അഭിഷേകവും നടന്നു.
2 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിയതായാണ് പൊലീസിന്റെ വിലയിരുത്തല്‍. തടസ്സമില്ലാതെ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം തീര്‍ഥാടകര്‍ തമ്പടിച്ചിരുന്നു. തിക്കും തിരക്കുംമൂലമുള്ള അപകടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആര്‍ടിസി 1000 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഭക്തിസാന്ദ്രം
വലിയ നടപ്പന്തലിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ ഭക്തലക്ഷങ്ങള്‍ 'സ്വാമിയേ ശരണമയ്യപ്പാ' വിളികളാല്‍ സന്നിധാനത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്,. പന്തളം കൊട്ടാരത്തില്‍ നിന്നും അച്ഛന്‍ മകന് നല്‍കിയ ആഭരണങ്ങള്‍ അണിയുന്നതോടെ ഭഗവാന്‍ യോഗിയില്‍ നിന്ന് യോദ്ധാവായി മാറുന്ന അപൂര്‍വ്വ നിമിഷത്തിനായാണ് ഭക്തര്‍ കാത്തിരുന്നത്. വലിയ നടപ്പന്തലിലൂടെ എത്തിയ തിരുവാഭരണങ്ങള്‍, ആഴിക്ക് സമീപമുള്ള ആല്‍ത്തറയില്‍ വട്ടമിട്ട് പ്രദക്ഷിണം വെച്ച ശേഷമാണ് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിയത്.
പ്രധാനമായും മൂന്ന് പെട്ടികളായാണ് തിരുവാഭരണം കൊണ്ടുവരുന്നത്. ഒന്നാമത്തെ പെട്ടിയില്‍ ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും, രണ്ടാമത്തെ വെള്ളിപ്പെട്ടിയില്‍ മാളികപ്പുറത്തമ്മയുടെ പൂജയ്ക്കുള്ള സ്വര്‍ണ്ണക്കുടങ്ങളും സാമഗ്രികളുമാണുള്ളത്. മൂന്നാമത്തെ കൊടിപ്പെട്ടിയില്‍ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളിപ്പിനാവശ്യമായ ജീവത ഉള്‍പ്പെടെയുള്ള രൂപങ്ങളുമാണുള്ളത്. തിരക്ക് പരിഗണിച്ച് വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സന്നിധാനത്തും പമ്പയിലും കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കാത്തിരിക്കുന്ന ഭക്തര്‍ക്കായി ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തിരുന്നു.
മകരവിളക്കിന് ശേഷം ജനുവരി 20-ാം തീയതി വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 21-ാം തീയതി രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപ്തിയാകും.
