മാതാപിതാക്കളോടൊപ്പം തെരുവോരത്ത് ഭിക്ഷയാചിക്കാൻ എത്തിയ ബാലൻ; ക്യാമറ കണ്ണുകളിൽ ഉടക്കിയത് അവന്റെ മനോഹരമായ ഗാനങ്ങൾ; വീഡിയോ വൈറലായതോടെ വേദികളിൽ സജീവം; ആൽബങ്ങൾ പുറത്തിറങ്ങി; സോഷ്യൽ മീഡിയയെ പാട്ടിലാക്കിയ 'കുട്ടുമ കുട്ടൂ' ഗായകൻ ഇന്ന് കോടീശ്വരൻ

Update: 2026-01-14 12:18 GMT

കാഠ്മണ്ഡു: നേപ്പാളിലെ തെരുവോരങ്ങളിൽ ഭിക്ഷ യാചിച്ച് ജീവിതം തള്ളിനീക്കിയിരുന്ന ബാലൻ ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത ഗായകനാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ 'കുട്ടുമ കുട്ടൂ' എന്ന ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ അടക്കമുള്ളവരുടെ ഹൃദയത്തിൽ ഇടം നേടിയ അശോക് ദാർജിയുടെ ജീവിതയാത്ര അവിശ്വസനീയമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബത്തിന് താങ്ങും തണലുമാകാൻ തെരുവിൽ ഭിക്ഷ യാചിച്ചിരുന്നു അശോക്.

ഭിക്ഷാടനത്തോടൊപ്പം മനോഹരമായ ഗാനങ്ങളും ആലപിച്ചിരുന്നു. അശോകിന്റെ മാധുര്യമൂറുന്ന ശബ്ദം ശ്രദ്ധിച്ച ചിലർ അവൻ 'കുട്ടുമ കുട്ടൂ' പാടുന്ന വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ത്യയിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വീഡിയോ അതിവേഗം വൈറലായി. വീഡിയോ ജനശ്രദ്ധ നേടിയതോടെ നേപ്പാളി സംഗീത സംവിധായകൻ ടാങ്ക ബുദാതോക്കി അശോകിനെ കണ്ടെത്തി.

തുടർന്ന്, തെരുവിൽ പാടിയിരുന്ന ഈ കൊച്ചുമിടുക്കൻ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വലിയ വേദികളിൽ ഗാനങ്ങൾ ആലപിച്ചുതുടങ്ങി. ജനപ്രീതി വർദ്ധിച്ചതോടെ അശോകിന്റെ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെടുകയും ആൽബങ്ങളായി പുറത്തിറങ്ങുകയും ചെയ്തു. ഇന്ന്, നേപ്പാളിലെ അറിയപ്പെടുന്ന യുവഗായകരിൽ ഒരാളാണ് അശോക് ദാർജി.

സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച ഈ അവസരം അശോകിന്റെ ജീവിതശൈലി പൂർണ്ണമായും മാറ്റിമറിച്ചു. നിലവിൽ മാതാപിതാക്കളോടൊപ്പം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ജീവിതമാണ് അശോക് നയിക്കുന്നത്. രണ്ട് മാസം മുൻപ് അശോകിന്റെ ജീവിതകഥ പറയുന്ന ഒരു സംഗീത ആൽബം പുറത്തിറങ്ങിയിരുന്നു. ടാങ്ക ബുദാതോക്കി സംഗീത സംവിധാനം നിർവഹിച്ച ഈ ആൽബത്തിൽ അശോക് തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. 

Tags:    

Similar News