'ഡല്‍ഹി ബനേഗാ ഖലിസ്ഥാന്‍, ഡോവല്‍ ഞാന്‍ കാത്തിരിക്കുന്നു'; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഖലിസ്ഥാന്‍ ഭീകരന്റെ ഭീഷണി; ഇന്ത്യ - കാനഡ നയതന്ത്രബന്ധം മെച്ചപ്പെടുന്നതിനിടെ പ്രകോപനം
ഒട്ടോവ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പട്വന്ത് സിങ് പന്നു. കാനഡയില്‍ അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മറ്റൊരു ഖലിസ്ഥാന്‍ നേതാവ് ഇന്ദര്‍ജീത് സിങ് ഗോസലിനൊപ്പമായിരുന്നു പന്നുവിന്റെ ഭീഷണി. ഒന്റാറിയോ സെന്‍ട്രല്‍ ഈസ്റ്റ് കറക്ഷനല്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ നടത്തിയ ഭീഷണിയുടെ വിഡിയോ ആണ് പുറത്തുവന്നത്.
''അജിത് ഡോവല്‍, കാനഡയിലോ അമേരിക്കയിലോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തിലോ എത്തി നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചുകൂടെ? ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു,''ഗുര്‍പട്വന്ത് സിങ് പന്നു വിഡിയോയില്‍ പറയുന്നു. താനിപ്പോള്‍ സ്വതന്ത്രനാണെന്നും ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പന്നുനെ പിന്തുണയ്ക്കുമെന്നും ഗോസല്‍ പറഞ്ഞു. ഡല്‍ഹി ഖലിസ്ഥാനായി മാറുമെന്നും വീഡിയോയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചതിന് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനായ പന്നുനെതിരെ അടുത്തിടെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതി തടയുന്നവര്‍ക്ക് 11 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത പ്രസംഗത്തിന്റെ പേരിലായിരുന്നു ഇത്.
നിരോധിത സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ഗ്രൂപ്പിന്റെ പ്രമുഖ സംഘാടകനാണ് ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. ഇയാളുടെ അടുത്ത സഹായിയായ ഇന്ദര്‍ജിത് സിംഗ് ഗോസലിന് 36 വയസാണ് പ്രായം. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ച കേസിലാണ് ഇയാളെ കാനഡയില്‍ അറസ്റ്റ് ചെയ്തത്. ജയില്‍ വിട്ട ശേഷം ഇയാളുടേതായി പുറത്തിറങ്ങിയ വീഡിയോയില്‍ ഇന്ത്യക്കെതിരെയാണ് വിമര്‍ശനം.
'ഇന്ത്യ, ഞാന്‍ പുറത്താണ്. ഗുര്‍പത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാനും 2025 നവംബര്‍ 23 ന് ഖലിസ്ഥാന്‍ റഫറണ്ടം സംഘടിപ്പിക്കാനും ഞാനുണ്ടാകും. ഡല്‍ഹി ഖലിസ്ഥാനായി മാറും. അജിത് ഡോവല്‍ കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തോ വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്യാനോ ഇന്ത്യയിലേക്ക് ഞങ്ങളെ പിടിച്ചുകൊണ്ടുപോകാനോ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? അജിത് ഡോവല്‍, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു,' - ഇന്ദര്‍ജീത് സിംഗ് ഗോസല്‍ പറഞ്ഞു.
കാനഡയിലെ ഗ്ലോബല്‍ ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്ന്, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) മുന്നറിയിപ്പ് നല്‍കിയതായി ഇയാള്‍ പറയുന്നുണ്ട്. പൊലീസ് സംരക്ഷണം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും താനിത് നിരസിച്ചതായും ഇയാള്‍ അവകാശപ്പെട്ടു.
കാനഡയില്‍ ഭരണ മാറ്റം നടന്ന ശേഷം ഖലിസ്ഥാന്‍ വാദികളുടെ താത്പര്യത്തിന് വിരുദ്ധമായ നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 19 ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കനേഡിയന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ജി ഡ്രൗയിനും തമ്മില്‍ ഉന്നതതല യോഗം നടന്നിരുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സഹകരണം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും ഈ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
കാനഡയിലെ സറേയില്‍ 2023 ജൂണില്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ട ശേഷം സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടെ നേതൃത്വത്തിലേക്ക് സിഖ്സ് ഫോര്‍ ജസ്റ്റിസ് ഉയര്‍ത്തപ്പെട്ടിരുന്നു. പിന്നീട് 2024 നവംബറിലും ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറില്‍ ഉണ്ടായ അക്രത്തെ തുടര്‍ന്ന് പീല്‍ റീജിയണല്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കാനഡയില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇന്ദര്‍ജീത് സിംഗ് ഗോസല്‍, കൊല്ലപ്പെട്ട ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്നു. പഞ്ചാബില്‍ ഒരു പ്രത്യേക സിഖ് രാഷ്ട്രം സ്ഥാപിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ 19 ന് ഒന്റാറിയോയിലെ ഒരു ട്രാഫിക് പരിശോധനയില്‍ അറസ്റ്റിലായ മൂന്ന് ഖലിസ്ഥാന്‍ വിഘടനവാദികളില്‍ ഒരാളായിരുന്നു ഇന്ദര്‍ജീത് സിങ് ഗോസല്‍. ന്യൂയോര്‍ക്ക് പിക്ക്വില്ലെയില്‍ നിന്നുള്ള ജഗ്ദീപ് സിങ് (41), ടൊറന്റോയില്‍ നിന്നുള്ള അര്‍മാന്‍ സിങ് (23) എന്നിവര്‍ക്കൊപ്പമായിരുന്നു ഗോസലിനെ അറസ്റ്റ് ചെയ്തത്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) വിഘടനവാദ ഗ്രൂപ്പിന്റെ കാനഡയിലെ കോര്‍ഡിനേറ്ററാണ് ഇന്ദര്‍ജീത് സിങ് ഗോസല്‍. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണശേഷം 2023ല്‍ എസ്എഫ്ജെയുടെ കാനഡയിലെ സംഘാടകനായി മാറിയിരുന്നു ഗോസല്‍. എസ്എഫ്‌ജെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പട്വന്ത് സിങ് പന്നുനിന്റെ അടുത്ത അനുയായിയാണ് ഇയാള്‍ എന്നാണ് കണക്കാക്കുന്നത്.