'ബേബി ഐ ലവ് യു, നീ ഇന്ന് അതീവ സുന്ദരിയായിരിക്കുന്നു' എന്ന് വാട്‌സാപ്പ് സന്ദേശം; ഹോളി ആഘോഷങ്ങള്‍ക്കിടെ കവിളില്‍ ചായംപുരട്ടല്‍; രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കും; വഴങ്ങിയില്ലെങ്കില്‍ ഭീഷണി; ചൈതന്യാനന്ദയ്‌ക്കെതിരേ കടുത്ത ആരോപണങ്ങളുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍; അന്വേഷണം നടക്കുന്നതിനിടെ ചൈതന്യാനന്ദ പിന്‍വലിച്ചത് 50 ലക്ഷങ്ങള്‍

അന്വേഷണം നടക്കുന്നതിനിടെ ചൈതന്യാനന്ദ പിന്‍വലിച്ചത് 50 ലക്ഷങ്ങള്‍

Update: 2025-09-27 06:49 GMT

ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണങ്ങള്‍ നേരിടുന്ന ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി (പാര്‍ത്ഥസാരഥി)ക്കെതിരെ കടുത്ത ആരോപണങ്ങളുമായി വിദ്യാര്‍ഥിനികള്‍ രംഗത്ത്. ചൈതന്യാനന്ദയ്ക്ക് എതിരേ പോലീസ് തയ്യാറാക്കിയ ആറുപേജുള്ള എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്. അതേ സമയം ഒളിവില്‍ കഴിയുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചത് ലക്ഷങ്ങളെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. പതിനേഴോളം പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപയാണ് പിന്‍വലിച്ചത്. വ്യത്യസ്ത പേരുകളും വിശദാംശങ്ങളും ഉപയോഗിച്ചായിരുന്നു ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. 18 ബാങ്ക് അക്കൗണ്ടുകളാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 28 സ്ഥിര നിക്ഷേപങ്ങളും ഉണ്ടായിരുന്നു. ഇതിലെല്ലാം കൂടി ഏകദേശം എട്ടുകോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ തുക അന്വേഷണസംഘം മരവിപ്പിച്ചു.

അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും 17 പെണ്‍കുട്ടികളാണ് മൊഴി നല്‍കിയത്. രാത്രി വൈകിയും പെണ്‍കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളില്‍ കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലില്‍ ആരും കാണാതെ കാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ്ഐഐആറില്‍ പറയുന്നു. ഫോണ്‍ മുഖേന അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കും. വിദേശ യാത്രയില്‍ കൂടെ വരണമെന്നും യാത്രാ ചെലവ് താന്‍ വഹിക്കാമെന്നും പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ മൊഴിനല്‍കി.

ആദ്യമായി ചൈതന്യാനന്ദയെ കണ്ടപ്പോള്‍ അദ്ദേഹം മോശം രീതിയിലാണ് തന്നെ നോക്കിയതെന്നും തനിക്ക് പരിക്ക് പറ്റിയതിന്റെ മെഡിക്കല്‍ വിവരങ്ങള്‍ അദ്ദേഹത്തിന് അയക്കാന്‍ പറഞ്ഞത് പ്രകാരം കൈമാറിയെന്നും എന്നാല്‍ പിന്നീട് 'ബേബി ഐ ലവ് യൂ' എന്ന സന്ദേശമാണ് ചൈതന്യാനന്ദയില്‍നിന്നും തനിക്ക് ലഭിച്ചതെന്നും 21 കാരിയായ വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു.

സന്ദേശങ്ങളോട് പ്രതികരിക്കാതിരുന്ന തന്നെ വീണ്ടും വീണ്ടും മെസേജ് അയച്ച് നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഇക്കാര്യം കോളേജ് അധികൃതരോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. സമാന സാഹചര്യം സീനിയറായ വിദ്യാര്‍ത്ഥിനികള്‍ നേരിട്ടിരുന്നുവെന്ന് അറിഞ്ഞു. മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ഹാജറില്‍ ക്രമക്കേട് കാണിച്ചെന്ന് ആരോപിച്ച് തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പരീക്ഷ പേപ്പറില്‍ മാര്‍ക്ക് കുറച്ചു. 2025ല്‍ ചൈതന്യാനന്ദ ബിഎംഡബ്ല്യു കാര്‍ വാങ്ങിയിരുന്നു. അതിന്റെ പൂജയ്ക്കായി ഋഷികേശിലേക്ക് തന്നെയും സുഹൃത്തുക്കളേയും സ്വാമി നിര്‍ബന്ധിച്ച് കൊണ്ടുപോയി. ആ യാത്രയിലെല്ലാം തങ്ങള്‍ക്കുനേരെ മോശം വാക്കുകളും പ്രയോഗങ്ങളുമാണ് അദ്ദേഹം നടത്തിയതെന്നും യുവതി പറയുന്നു.

തിരിച്ചെത്തിയ തന്നോട് ചില മുതിര്‍ന്ന ടീച്ചര്‍മാര്‍ ചൈതന്യാനന്ദ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഹോളി ദിവസം തന്നെ അദ്ദേഹം കോളേജിലെ ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തി. ബേബി എന്നു വിളിച്ചപ്പോള്‍ താന്‍ അത് വിലക്കി. എന്നാല്‍ അനുവാദം കൂടാതെ തന്നെ അയാള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. ജൂണില്‍ 35 യുവതികളും ടീച്ചര്‍മാരും ചൈതന്യാനന്ദയും ഉള്‍പ്പടെ ഋഷികേശിലേക്ക് ഇന്റസ്ട്രിയല്‍ വിസിറ്റിനായി പോയിരുന്നു. അന്ന് രാത്രിയില്‍ ഓരോ യുവതികളെയും അദ്ദേഹം മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

ചൈതന്യാനന്ദ മോശമായി പെരുമാറിയെന്ന കാട്ടിയും ഒരു വിദ്യാര്‍ഥിനി കൂടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴങ്ങിയില്ലെങ്കില്‍ സഹോദരനെ പോലീസിനെ കൊണ്ട് അറസ്റ്റുചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗികമായ ഉപദ്രവം. തനിക്ക് ഇഷ്ടം തോന്നുന്ന വിദ്യാര്‍ഥിനികളുടെ മൊബൈല്‍ വാങ്ങിവെയ്ക്കലാണ് ചൈതന്യാനന്ദയുടെ രീതി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉപകരിക്കുമെന്ന് വാദം നിരത്തിയാണ് മൊബൈല്‍ വാങ്ങിവെയ്ക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്കുശേഷം പകരമായി ഒരു പുതിയ മൊബൈല്‍ വിദ്യാര്‍ഥിനിക്ക് നല്‍കും. ഇതോടെ വിദ്യാര്‍ഥിനിയുടെ നിയന്ത്രണം ചൈതന്യാനന്ദയുടെ കീഴിലാകുകയും മറ്റാരോടും വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് വിദ്യാര്‍ഥിനികള്‍ എത്തിച്ചേരുകയും ചെയ്യുമെന്നും പോലീസ് പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷനെടുക്കുന്ന സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുക. കോഴ്സ് പൂര്‍ത്തിയായ ശേഷമേ ഇവ തിരികെ നല്‍കൂവെന്ന നിബന്ധനയുമുണ്ട്. ഇത് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു. ചൈതന്യാനന്ദയ്ക്ക് എതിരേ പ്രതികരിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കരിയര്‍ തുലാസിലാകുമോ എന്ന പല വിദ്യാര്‍ഥിനികളും ഭയപ്പെട്ടിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് ചൈതന്യാനന്ദയ്ക്കുനേരെ പരാതിനല്‍കിയത്. കേസെടുത്തതിന് ശേഷം ഇയാള്‍ ഒളിവിലാണ്.

ഹോളി ആഘോഷങ്ങള്‍ക്കിടെ വരിവരിയായി നിര്‍ത്തിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനികളുടെ കവിളില്‍ ആദ്യം നിറം പുരട്ടുന്നത് ചൈതന്യാനന്ദയാണെന്നാണ് പുറത്തുവരുന്ന ആരോപണം. ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്നെ ഒരു വനിതയായ അധ്യാപിക വഴിയാണ് വിദ്യാര്‍ഥിനികള്‍ ഇത് ചെയ്യണമെന്ന് ചൈതന്യാനന്ദ ഉത്തരവിറക്കിയതെന്നാണ് സൂചന. വിദ്യാര്‍ഥിനിയായ 21-കാരിക്കുനേരെ ചൈതന്യാനന്ദ നടത്തിയ മോശം പരാമര്‍ശങ്ങളും എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 'ബേബി ഐ ലവ് യു, നീ ഇന്ന് അതീവ സുന്ദരിയായിരിക്കുന്നു' എന്നാണ് ചൈതന്യാനന്ദ 21-കാരിയോട് പറഞ്ഞത്. ചുരുണ്ട മുടിയുടെ പേരില്‍ വിദ്യാര്‍ഥിനിയെ ചൈതന്യാനന്ദ പ്രശംസിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരേ പ്രതികരിക്കുന്ന വിദ്യാര്‍ഥിനികളുടെ പരീക്ഷ മാര്‍ക്ക് കുറയ്ക്കുമെന്നും ചൈതന്യാനന്ദ ഭീഷണിപ്പെടുത്തിയിരുന്നു. 2025 ജൂണില്‍ ഋഷികേശിലേക്ക് നടത്തിയ ഒരു ഇന്‍ഡസ്ട്രി വിസിറ്റിനിടെ നിരവധി വിദ്യാര്‍ഥിനികളെ ചൈതന്യാനന്ദ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമമീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ മുമ്പും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2009-ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട്, 2016-ല്‍ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകള്‍ പുനഃപരിശോധിക്കുന്നുണ്ട്. നിലവിലെ കേസില്‍, പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പിജിഡിഎം) വിദ്യാര്‍ത്ഥികളാണ്. പൊലീസ് ഇതുവരെ 32 വിദ്യാര്‍ത്ഥിനികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സ്വാമി ചൈതന്യാനന്ദ നിലവില്‍ ഒളിവിലാണ്.

Tags:    

Similar News