ലഡാക് സമരനായകന്‍ സോനം വാങ്ചുകിന് പാക്ക് ബന്ധമെന്ന് ലഡാക്ക് ഡി.ജി.പി; വിദേശ ഫണ്ടിങും പാകിസ്ഥാന്‍ സന്ദര്‍ശനവും അന്വേഷിക്കുമെന്ന് ഡോ. എസ്. ഡി. സിങ് ജംവാള്‍; വാങ്ചൂകിനെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റി; സിബിഐ അന്വേഷണം തുടരുന്നു; കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും
ലഡാക് സമരനായകന്‍ സോനം വാങ്ചുകിന് പാക്ക് ബന്ധമെന്ന് ലഡാക്ക് ഡി.ജി.പി
ന്യൂഡല്‍ഹി: ലഡാക് സംഘര്‍ഷത്തിനു പിന്നാലെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റു ചെയ്ത പ്രമുഖ പരിസ്ഥിതി, വിദ്യഭ്യാസ പ്രവര്‍ത്തകനായ സോനം വാങ്ചുകിന്റെ പാക്കിസ്ഥാന്‍ ബന്ധത്തില്‍ അന്വേഷണം തുടങ്ങി. വാങ്ചുകുമായി ആശയവിനിമയം നടത്തിയ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫീസറെ നേരത്തെ അറസ്റ്റ് ചെയ്തതായി ലഡാക്ക് ഡി.ജി.പി ഡോ. എസ്.ഡി. സിങ് ജംവാള്‍ മാധ്യമങ്ങളെ അറിയിച്ചു. അതിര്‍ത്തിയിലെ സന്ദര്‍ശനങ്ങള്‍, വിദേശ ഫണ്ടിങ്, പാകിസ്ഥാന്‍ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്നും ഡി.ജി.പി വിശദീകരിച്ചു.
രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലില്‍ അടച്ചതിനു പിന്നാലെ ഇദ്ദേഹത്തിന്റെ പാകിസ്ഥാന്‍ ബന്ധത്തില്‍ വിശദമായ അന്വേഷണ നടത്താനാണ് തീരുമാനം. സംസ്ഥാന പദവി ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, ഈ നടപടികള്‍ അട്ടിമറിക്കാനാണ് സോനം വാങ് ചുക് ശ്രമിച്ചതെന്നും, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വിളിച്ചു ചേര്‍ത്ത് അദ്ദേഹം നിരാഹാര സമരം നടത്തിയെന്നും കണ്ടെത്തിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ് സന്ദര്‍ശനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം, കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വംശജനായ പാക് പൗരനുമായുള്ള ബന്ധവും ആശയ വിനിമയവും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള അതീവ സുരക്ഷാ സെല്ലിലാണ് സോനം വാങ്ചൂകിനെ പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ലേയില്‍ നിന്നാണ് സോനം വാങ്ചൂകിനെ ലഡാക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദേശ സുരക്ഷ നിയമപ്രകാരമായിരുന്നു അറസ്റ്റ്. പൊലീസിന് പുറമേ കേന്ദ്ര ഏജന്‍സികള്‍ സോനം വാങ്ചുക്കിനെ വിശദമായി ചോദ്യം ചെയ്യും.
നിലവില്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. തന്നെ അറസ്റ്റ് ചെയ്താല്‍ ഗുരുതരമായിട്ടുള്ള ഒരു സ്ഥിതിയിലേക്ക് പോകുമെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം വാങ്ചുകിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 10 നാണ് സ്വയംഭരണം, സംസ്ഥാന പദവി, ലഡാക്കിനുള്ള ആറാം ഷെഡ്യൂള്‍ പദവി എന്നിവ ആവശ്യപ്പെട്ട് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. വിദേശ ശക്തികളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ സംശയിക്കുന്നുണ്ട്.
സോനം വാങ്ചുകിനെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ നിയന്ത്രണത്തിലുള്ള എന്‍ജിഒകളുടെ വിദേശഫണ്ടിംഗ് ലൈസന്‍സ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക് (HIAL), സ്റ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്നിവയുടെ ലൈസന്‍സാണ് മരവിപ്പിച്ചത്. എന്‍ജിഒകള്‍ വഴി വിദേശത്ത് നിന്ന് പണം ഒഴുകിയെന്നാണ് വിവരം. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
പ്രക്ഷോഭകരുടെ ആവശ്യം കണക്കിലെടുത്ത് ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കെയായിരുന്നു പ്രക്ഷോഭം അരങ്ങേറിയത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം നയിച്ചത്.
ലേ അപ്പക്‌സ് ബോഡി (എല്‍.എ.ബി) കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെ.ഡി.എ) എന്നീ കൂട്ടായ്മകള്‍ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തുന്ന സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലും കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയ വോങ്ചുക് അവിടെയും നിരാഹാരം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് ദൗര്‍ഭാഗ്യകരമാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പ്രതികരിച്ചിരുന്നു.
