എന്‍എസ്എസ് മാനേജ്മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത്; മറ്റാരും ഭീഷണിപ്പെടുത്താന്‍ വരേണ്ട; ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഭീഷണിയ്ക്ക് വഴങ്ങില്ല;മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാന്‍ നോക്കണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; ഭിന്നശേഷി നിയമനത്തില്‍ വിട്ടുവീഴ്ച ഇല്ല

Update: 2025-10-02 06:00 GMT

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. മാനേജ്‌മെന്റുകളുമായി സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി അനുസരിച്ചേ പ്രവര്‍ത്തിക്കാനാകു. എജിയുടെ നിര്‍ദ്ദേശ പ്രകാരമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ല. 1500ല്‍ താഴെ തസ്തികകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. 4 വര്‍ഷക്കാലം കോടതിയില്‍ പോകാത്തവരാണ് സര്‍ക്കാരിന്റെ അവസാന സമയത്ത് സമരം ചെയ്യുന്നതെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാന്‍ നോക്കണ്ട. 5000ത്തില്‍ അധികം ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അത് ചെയ്യാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം പറഞ്ഞു കൊണ്ട് ഒരു വെല്ലുവിളി ആരും നടത്തണ്ട. വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും. ഇന്ന് അതിന് സാധ്യമല്ല. ചര്‍ച്ചയ്ക്ക് എപ്പോഴും സര്‍ക്കാര്‍ തയ്യാറാണെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. സമാധാനപരമായി മുന്നോട്ടുപോകുന്നത് വിദ്യാഭ്യാസമേഖല കുഴപ്പമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു വെല്ലുവിളിയും സര്‍ക്കാര്‍ അംഗീകരിക്കില്ല. ധിക്കാരപരമായ സമീപനം സര്‍ക്കാരിനില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് വന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആണ് കത്തയച്ചത്. വിദ്യാഭ്യാസ നയത്തിലെ 75% കാര്യങ്ങള്‍ നടപ്പിലാക്കി എന്ന് കാട്ടി മറുപടി നല്‍കും. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരും സഭാ സമ്മേളനം പൂര്‍ത്തിയായതിനുശേഷം താനും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തും. കേന്ദ്ര സര്‍ക്കാരിന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് നല്‍കും. ലഭിക്കേണ്ട തുക വാങ്ങിയെടുക്കും. അധ്യാപകരുടെ ശമ്പളം അടക്കം കുടിശികയാണ്. ഗാന്ധി ജയന്തി സര്‍ക്കുലറില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പരമാവധി കൊടുത്ത് തീര്‍ക്കും. താമസിച്ചു എന്ന് കരുതി പ്രശ്‌നമില്ല. രണ്ടാം തീയതി മുമ്പ് ചെയ്യേണ്ട ആവശ്യമുള്ള കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഭിന്നശേഷി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. അയ്യായിരത്തോളം വരുന്ന ഭിന്നശേഷി സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ട്. എന്നാല്‍ ആയിരത്തിയഞ്ഞൂറില്‍ താഴെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആ സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേ മതിയാകൂ. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് എയ്ഡഡ് മാനേജ്‌മെന്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതില്‍ വീഴ്ച വരുത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

2021ലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതും സുപ്രധാന വിധി പുറപ്പെടുവിച്ചതും. വിധി എതിരാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മാനേജ്‌മെന്റ് ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിനെ പഴിക്കുകയല്ല. എന്‍എസ്എസ് മാനേജ്മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത് എന്ന അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയില്‍ വ്യക്തമാക്കിയതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നല്‍കുന്ന പട്ടികയില്‍ നിന്ന് മാനേജ്മെന്റുകള്‍ നിയമിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന അംഗീകാരം നല്‍കുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്.

അതിനാല്‍, നിയമനം നടത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമന അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Tags:    

Similar News