ജെസി ആദ്യമായി കണ്ടത് പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍; പ്രണയിച്ച് മിന്നു കെട്ടിയത് സാമിന്റെ ആദ്യഭാര്യ പ്രസവിച്ചദിവസം; ആ കുഞ്ഞിനെയും വളര്‍ത്തിയത് ജെസി; വിദേശത്തുവച്ചും കൊല്ലാന്‍ ശ്രമം; അന്ന് വെന്റിലേറ്ററില്‍ രണ്ട് മാസം; കേസ് ഒഴിവാക്കിയത് കരഞ്ഞു പറഞ്ഞതിനാല്‍; പരസ്ത്രീബന്ധത്തില്‍ ഉലഞ്ഞ് ജീവിതം; ഒടുവില്‍ അരുംകൊല

പരസ്ത്രീബന്ധത്തില്‍ ഉലഞ്ഞ് ജീവിതം; ഒടുവില്‍ അരുംകൊല

Update: 2025-10-05 07:21 GMT

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചു, ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ ഉലഞ്ഞ ജീവിതം, ഒടുവില്‍ അരുംകൊല. കോട്ടയം കാണക്കാരി സ്വദേശിയായ സാം കെ. ജോര്‍ജ്(59) രണ്ടാംഭാര്യയായ ജെസി സാം(50)നെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലാണ് ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയിലെക്ക് തള്ളിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം ഒടുവില്‍ പിടിയിലായപ്പോഴാണ് മിസിങ് കേസ് കൊലപാതക കേസായി മാറിയത്.

കുറുവിലങ്ങാട് കൊല്ലപ്പെട്ട ജെസിയുടേയും ഭര്‍ത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നുവെന്നാണ് ഇവരുടെ ബന്ധുക്കള്‍ പറയുന്നത്. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ എതിര്‍ത്തതോടെയാണ് ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയത്. പ്ലസ്വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസി ആദ്യമായി സാമിനെ കണ്ടത്. സാമിന്റെ പ്രണയാഭ്യര്‍ഥനയോടെയാണ് ആ ബന്ധം ശക്തമായത്. ജെസിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. 1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചായിരുന്നു ഇരുവരും മാത്രമായ വിവാഹച്ചടങ്ങ്. വീട്ടുകാരുടെ എതിര്‍പ്പ് അവണഗിച്ചായിരുന്നു സാമിനൊപ്പം ജെസി പോകാന്‍ തീരുമാനിച്ചത്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തില്ല.

1994-ലാണ് ജെസിയും സാമും വിവാഹിതരാകുന്നത്. ആദ്യഭാര്യ പ്രസവിച്ചദിവസം തന്നെയായിരുന്നു സാം ജെസിയെ ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹംകഴിച്ചതെന്നാണ് ജെസിയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, നിയമപരമായി അന്ന് വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസിയെ വിവാഹംകഴിച്ചതോടെ ആദ്യഭാര്യ കുഞ്ഞിനെ സാമിനെ ഏല്‍പ്പിച്ച് പോയി. ഇതോടെ ഈ കുട്ടിയെയും ജെസിയാണ് വളര്‍ത്തിയത്. സാം-ജെസി ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

അഭിഭാഷകന്റെ വാക്കുകളിലൂടെ ''ജെസിയെ വിവാഹംകഴിക്കുന്നതിന് മുന്‍പ് മറ്റൊരുസ്ത്രീയെ സാം വിവാഹംകഴിച്ചിരുന്നു. ആ സ്ത്രീയില്‍ കുട്ടിയുണ്ടായ അതേദിവസമാണ് ജെസിയും സാമും ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹിതരായത്. നിയമപരമായി വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസി-സാം ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. സാമിന്റെ ആദ്യഭാര്യയിലെ കുഞ്ഞിനെയും ജെസിയാണ് വളര്‍ത്തിയത്. ആ കുട്ടിയുടെ അമ്മ ആരാണെന്ന് പോലും ആ കുട്ടിക്ക് അറിയില്ലായിരുന്നു. ജെസിക്കും അറിയില്ല. മൂന്നുകുട്ടികളെയും ജെസി വളര്‍ത്തി. ഇവരുടെ രേഖകളിലും അമ്മയുടെ പേര് ജെസിയുടെ പേരാണ്'', അദ്ദേഹം വ്യക്തമാക്കി.

ജെസിയും സാമും നേരത്തേ വിദേശത്തായിരുന്നു. ഐടി മേഖലയിലായിരുന്നു സാമിന്റെ ജോലി. വിദേശത്തായിരിക്കെ ജെസി ഡേകെയര്‍ നടത്തിയിരുന്നു. വിദേശത്ത് താമസിക്കുന്നതിനിടെയും സാം ജെസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഡോറിന്റെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചാണ് ജെസിയെ ആക്രമിച്ചത്. ഗുരുതരപരിക്കേറ്റ് ജെസി വെന്റിലേറ്ററിലായി. എന്നാല്‍, സാം കരഞ്ഞുപറഞ്ഞതിനാല്‍ അവര്‍ കേസ് ഒഴിവാക്കി. കുടുംബപ്രശ്നങ്ങള്‍ രൂക്ഷമായതോടെയാണ് ജെസിയും സാമും വിദേശത്തുനിന്ന് തിരികെയെത്തിയത്.

സാം ജോര്‍ജിന് വിദേശയുവതികളടക്കം ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. വിദേശയുവതികളുമായി സാം വീട്ടിലെത്തുന്നതും ജെസി ചോദ്യംചെയ്തിരുന്നു. ജെസിയെ കാണാതായ കേസില്‍ പോലീസ് സാമിനെ ബെംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു ഇറാനിയന്‍ യുവതി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നതായി സൂചനയുണ്ട്.

സംഭവദിവസങ്ങളില്‍ ഇതേ യുവതി സാമിനൊപ്പം വീട്ടിലെത്തിയിരുന്നതായി ജെസിയുടെ അഭിഭാഷകനും പറഞ്ഞു. ഈ യുവതിയോട് ജെസി കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ടതോടെ ഇനി സാമിനൊപ്പം വരില്ലെന്ന് ഇറാനിയന്‍ യുവതി പറഞ്ഞു. എന്നാല്‍, ബെംഗളൂരുവില്‍ സാമിനൊപ്പം ഇതേ യുവതിയെയും കണ്ടത് സംശയത്തിനിടയാക്കുന്നതാണ്.

സെപ്റ്റംബര്‍ 26-ന് രാത്രി ജെസി താമസിക്കുന്ന താഴത്തെ നിലയിലെത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അടുത്തദിവസം പുലര്‍ച്ചെ കാറില്‍ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു. 29-ന് ജെസിയെ സുഹൃത്ത് ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇവര്‍ കുറവിലങ്ങാട് പോലീസില്‍ പരാതിപ്പെട്ടു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലാക്കി. പോലീസ് അവിടെയെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതോടെയാണ് മിസ്സിങ് കേസ് കൊലക്കേസായി മാറിയത്. മൃതദേഹം ഉപേക്ഷിച്ച സ്ഥലം ഉള്‍പ്പെടെ പ്രതി പോലീസിനോട് വെളിപ്പെടുത്തുകയുംചെയ്തു.

Tags:    

Similar News