പര്‍വ്വതാരോഹകരുടെ ടെന്റുകള്‍ പലതും തകര്‍ന്നു; കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയത് നൂറു കണക്കിന് പേര്‍; പലരുടേയും ശരീര താപനില തീരെ കുറഞ്ഞു; നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം

Update: 2025-10-06 04:30 GMT

ഖുഡാങ്: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായി വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. പര്‍വ്വതാരോഹകരുടെ ടെന്റുകള്‍ പലതും തകര്‍ന്നിട്ടുണ്ട്. പലരുടേയും ശരീരതാപനില വലിയ തോതില്‍ കുറഞ്ഞതിന്റെ ഫലമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പതിനാറായിരം അടി ഉയരത്തിലുള്ള ക്യാമ്പ്‌സൈറ്റുകളില്‍ എത്തിച്ചേരുന്നതിനായി ഇവിടെയുള്ള റോഡുകള്‍ വൃത്തിയാക്കാന്‍ ഗ്രാമവാസികളും രക്ഷാപ്രവര്‍ത്തകരും മഞ്ഞ് കോരി നീക്കുകയാണ്.

ചൈനയുടെ ഔദ്യാഗിക മാധ്യമമായ ജിമു ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവിടെ ട്രെക്കിംഗ് നടത്തിയിരുന്ന 350 ഓളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട് എന്നതാണ്. അവരെ ഇവിടെയുള്ള ചെറു പട്ടണമായ ഖുഡാങ്ങില്‍ എത്തിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന 200-ലധികം പേരുമായി രക്ഷാപ്രവര്‍ത്തക്കര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. ടിബറ്റിലെ എവറസ്റ്റ് കൊടുമുടിയുടെ കിഴക്കന്‍ ചരിവിലാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് മഞ്ഞ് ശക്തമായി പെയ്യാന്‍ തുടങ്ങിയത്. ശനിയാഴ്ച മുഴുവന്‍ അത് തുടര്‍ന്നു. മോശം കാലാവസ്ഥ കാരണം എവറസ്റ്റ് സീനിക് ഏരിയയിലേക്കുള്ള ടിക്കറ്റ് വില്‍പ്പനയും പ്രവേശനവും ശനിയാഴ്ച വൈകുന്നേരം മുതല്‍ നിര്‍ത്തിവച്ചതായി പ്രാദേശിക ടൂറിസം കമ്പനി അറിയിച്ചു. മേഖലയില്‍ കടുത്ത തണുപ്പാണ് ഉണ്ടായതെന്നും തങ്ങളുടെ കൂട്ടിത്തിലുണ്ടായിരുന്ന പലരുടേയും ശരീര താപനില അപകടകരമായ രീതിയില്‍ കുറഞ്ഞതായും ഖുഡാങ്ങില്‍ തിരിച്ചെത്തിയ ട്രെക്കിംഗ് സംഘത്തിലെ ചിലര്‍ വെളിപ്പെടുത്തി.

സാധാരണയായി ഒക്ടോബര്‍ മാസത്തില്‍ ഇത്തരം കാലാവസ്ഥ അനുഭവപ്പെടുന്നത് പതിവല്ല. വളരെ പെട്ടെന്നാണ് കാലാവസ്ഥ മോശമായത് എന്നാണ് സംഘത്തിലെ ഗൈഡും ചൂണ്ടിക്കാട്ടിയത്. അവശേഷിക്കുന്ന പര്‍വ്വതാരോഹകര്‍ പ്രാദേശിക ഭരണകൂടം നിയോഗിച്ച രക്ഷാപ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദേശത്തിലും സഹായത്തിലും ഘട്ടം ഘട്ടമായി ഖുഡാങ്ങില്‍ എത്തിച്ചേരും.

ഇന്നലെ ആദ്യസംഘം സുരക്ഷിതരായി എത്തിച്ചേര്‍ന്നപ്പോള്‍ ഗ്രാമവാസികള്‍ അവരെ സ്വീകരിക്കാനായി എത്തിയിരുന്നു. ചായയും ലഘുഭക്ഷണവും നല്‍കിയാണ് നാട്ടുകാര്‍ അവരെ വരവേറ്റത്.

പിന്നീട് എല്ലാവരേയും ഗ്രാമത്തില്‍ എത്തിച്ച് ഭക്ഷണവും നല്‍കി. നിരവധി കൂടാരങ്ങള്‍ തകര്‍ന്നതായും ക്യാമ്പില്‍ ഒരു മീറ്ററിലധികം മഞ്ഞുണ്ടെന്നും എല്ലാ വഴികളും അടഞ്ഞുകിടക്കുകയാണ് എന്നുമാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ചൈനയില്‍ എട്ട് ദിവസത്തെ ദേശീയ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എവറസ്റ്റിന്റെ കിഴക്ക് ഭാഗത്തുള്ള കര്‍മ്മ താഴ്വരയിലേക്ക് നൂറ് കണക്കിന് സന്ദര്‍ശകര്‍ എത്തിയത്. അതേസമയം, ഇന്നലെ നേപ്പാളിലെ അതിര്‍ത്തിക്കപ്പുറത്ത് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 44 പേര്‍ മരിച്ചു. കിഴക്കന്‍ പര്‍വത ജില്ലയായ ഇല്ലാമില്‍ 37 പേരെങ്കിലും മരിച്ചതായി നേപ്പാളിന്റെ ദേശീയ ദുരന്ത നിവാരണ, മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. അവിടെ മണ്ണിടിച്ചിലില്‍ ഗ്രാമങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. നിരവധി പേരെ ഇപ്പോഴും കാണാനില്ല. ഇന്ത്യയുടെ അതിര്‍ത്തി പങ്കിടുന്ന, തേയില കൃഷിക്ക് പേരുകേട്ട ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ കനത്ത മഴയായിരുന്നു. ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ക്ക് മഴ തടസ്സമായി.

ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ശനിയാഴ്ച നേപ്പാളില്‍ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും വ്യോമയാന അധികൃതര്‍ നിര്‍ത്തിവച്ചെങ്കിലും ഞായറാഴ്ച പുനരാരംഭിച്ചിട്ടുണ്ട്. നേപ്പാളിലെ കനത്ത മഴയില്‍ ഉണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളും ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പറഞ്ഞു. ദുഷ്‌കരമായ ഈസമയത്ത് ഞങ്ങള്‍ നേപ്പാള്‍ ജനതയ്ക്കും സര്‍ക്കാരിനുമൊപ്പം നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Similar News