'പച്ച മഞ്ഞ ചുവപ്പ്'; ഇനി സുരേഖ ഏറ്റവും അധികം മിസ് ചെയ്യുക വഴികാട്ടിയായ സിഗ്നലുകള്‍; മഴയെന്നോ വെയിലെന്നോ ഇല്ലാതെ പലതരം വെല്ലുവിളികളെ അതിജീവിച്ച് 36 വര്‍ഷം; ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പറയുന്നു എല്ലാം ഒരുസ്വപ്‌നം പോലെ

ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍ സുരേഖാ യാദവ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു

Update: 2025-10-06 06:00 GMT

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍ സുരേഖാ യാദവ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 36 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അവര്‍ ജോലിയോട് വിട പറയുന്നത്. യന്ത്രങ്ങള്‍ ലിംഗഭേദം കാണുന്നില്ലെന്നും അവ നിങ്ങളുടെ ശക്തിയാണ് കാണുന്നതെന്നുമാണ് സുരേഖ യാദവ് പറയുന്നത്.

വര്‍ഷങ്ങളായി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ ട്രെയിനുകള്‍ അവര്‍ ഓടിച്ചിട്ടുണ്ട്. ചിലപ്പോള്‍ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കഠിനമായ കാലാവസ്ഥയിലും എല്ലാം സുരേഖ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ 2,000-ത്തിലധികം വനിതാ ലോക്കോ പൈലറ്റുമാര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് സാധാരണമല്ലായിരുന്ന ഒരു കാലത്താണ് സുരേഖാ യാദവ് ഈ ജോലി ഏറ്റെടുത്തത്.



പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച സുരേഖ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. അച്ഛനമ്മമാരുടെ അഞ്ച് മക്കളില്‍ മൂത്തയാളാണ് സുരേഖ. ചെറുപ്പം മുതലേ ഒരു കഠിനാദ്ധ്വാനി ആയിരുന്നു അവര്‍. പഠിക്കുമ്പോള്‍ തന്നെ കുടുംബത്തെ കൃഷി കാര്യങ്ങളില്‍ അവര്‍ സഹായിച്ചിരുന്നു.

എന്നാല്‍, പഠനത്തിന് ആദ്യ പരിഗണന നല്‍കാനാണ് മാതാപിതാക്കള്‍ എപ്പോഴും അവരെ പ്രോത്സാഹിപ്പിച്ചിരുന്നത് എന്നാണ് സുരേഖ പറയുന്നത്. സാധാരണ കുടുംബമാണ് തങ്ങളുടേത് എങ്കിലും മാതാപിതാക്കള്‍ പുരോഗമന ചിന്താഗതിക്കാരായി എന്നതാണ് തന്റെ ഭാഗ്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ തന്നെ പഠിപ്പിക്കുകയും ജോലി ചെയ്യാന്‍ അനുവദിച്ചതും ഇതിന് ഉദാഹരണമായി സുരേഖ പറയുന്നു.

ഇലക്ട്രിക്കല്‍ എഞ്ചിനീയറായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് അസിസ്റ്റന്റ് ട്രെയിന്‍ ഡ്രൈവര്‍മാരെ അന്വേഷിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പത്ര പരസ്യം കണ്ട അവര്‍ ജോലിക്കായി അപേക്ഷിക്കുന്നത്. അക്കാലത്ത് രാജ്യത്ത് വനിതാ ട്രെയിന്‍ ലോക്കോ പൈലറ്റുമാര്‍ ഇല്ലെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

വരുമാനം നേടാനുള്ള ഒരു മാര്‍ഗമായിട്ടാണ് അവര്‍ ജോലിയെ കണ്ടത്. 1989 ലാണ് സുരേഖ സര്‍വ്വീസില്‍ പ്രവേശിച്ചത്. ആദ്യത്തെ ജോലി തുടങ്ങിയത് ഗുഡ്സ് ട്രെയിനിലായിരുന്നു. അതിനായി പരിശീലനം ആരംഭിച്ചപ്പോഴാണ് ഈ തൊഴില്‍ അവിശ്വസനീയമാംവിധം പുരുഷാധിപത്യമാണെന്ന് അവര്‍ മനസ്സിലാക്കിയത്. ആദ്യ വര്‍ഷങ്ങള്‍ അവരെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ജോലിയില്‍ ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതായി സുരേഖ പറഞ്ഞു.

1996 ലാണ് പ്രധാന തസ്തികയായ ലോക്കോമോട്ടീവ് പൈലറ്റ് തസ്തികയിലേക്ക് അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. മഴയായാലും വെയിലായാലും അവര്‍ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടി വന്നു. പ്രവചനാതീതമായ ഭക്ഷണ സമയങ്ങളും ചില ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് ശുചിമുറി സൗകര്യങ്ങളോ വസ്ത്രം മാറാനുള്ള മുറികളോ ഇല്ലാത്തതും വെല്ലുവിളികളായിരുന്നു.



വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ട്രാക്കുകളിലും, പര്‍വതനിരകളിലൂടെയും, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന യാത്രകളിലും താന്‍ ട്രെയിനുകള്‍ ഓടിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. രണ്ട് ഗര്‍ഭകാലങ്ങളില്‍ അവര്‍ ജോലി ചെയ്യുകയും ജോലിയില്‍ തുടരുന്നതിനിടയില്‍ കുട്ടികളെ വളര്‍ത്തുകയും ചെയ്തു. ജോലി കാരണം നിരവധി കുടുംബ ആഘോഷങ്ങളും വിനോദയാത്രകളും നഷ്ടപ്പെടുത്തേണ്ടിവന്നു എന്ന് അവര്‍ ഓര്‍ക്കുന്നു.

എന്നാല്‍ കുടുംബത്തില്‍ നിന്നും പുരുഷ സഹപ്രവര്‍ത്തകരില്‍ നിന്നുമുള്ള പിന്തുണ ഏറെ സഹായകരമായി എന്നാണ് സുരേഖ പറയുന്നത്. വിരമിക്കുന്ന ദിവസം അവര്‍ രാജധാനി എക്സ്പ്രസാണ് ഓടിച്ചത്. മുംബൈയിലെ ടെര്‍മിനല്‍ സ്റ്റേഷനില്‍ ഒരു ഗംഭീര വിടവാങ്ങലാണ് സഹപ്രവര്‍ത്തകര്‍ അവര്‍ക്ക് നല്‍കിയത്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍, ഏറ്റവും മിസ് ചെയ്യുന്നത് എന്തെന്ന് ചോദിച്ചപ്പോള്‍ ഫ്‌ളാഷിങ് സിഗ്നലുകള്‍ എന്നാണ് സുരേഖ മറുപടി നല്‍കിയത്.

Tags:    

Similar News