അടുക്കളയില്‍ ഒന്നുകയറൂ, മറവി രോഗത്തെ അകറ്റൂ! ഭരണികളില്‍ അടച്ചുവച്ചിരിക്കുന്ന കുങ്കുമുപ്പൂവും, ജീരകവും ഏലവും ഇറാനില്‍ നിന്നുള്ള സുമാക്കും തലച്ചോറിന്റെ പവര്‍ഹൗസുകള്‍; മറവിരോഗം വരാതിരിക്കാന്‍ പുതിയ ചേരുവകളുമായി ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞര്‍
മറവിരോഗം വരാതിരിക്കാന്‍ പുതിയ ചേരുവകളുമായി ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞര്‍
സിയോള്‍: മറവി രോഗം നമ്മളെ ഏറ്റവും പേടിപ്പെടുത്തുന്ന രോഗാവസ്ഥകളില്‍ ഒന്നാണ്. ഈ രോഗം വരാതെ എങ്ങനെ സൂക്ഷിക്കാം എന്ന കാര്യത്തില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്‍മാര്‍ വിവിധ തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മറവി രോഗം ഒഴിവാക്കാന്‍ സഹായിക്കുന്ന നമ്മുടെ നിത്യജീവിതത്തിലെ ചേരുവകളെ കുറിച്ചാണ് ഇപ്പോള്‍ അവര്‍ ഏറെ സന്തോഷകരമായ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
വളരെ ലളിതവും വില കുറഞ്ഞതുമായ ചേരുവകളാണ് ഈ രോഗം വരാതിരിക്കാനായി അവര്‍ നിര്‍ദ്ദേശിക്കുന്നത്. ഇവയെല്ലാം തന്നെ നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി ഉപയോഗിക്കുന്നതുമാണ്. കുങ്കുമപ്പൂ, ജീരകം, ഏലം എന്നിവ കൂടാതെ നമുക്ക് അപരിചിതമായ സുമാക്ക് എന്നീ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കാന്‍ കഴിയുമെന്നും ഇതിലൂടെ മറവി രോഗത്തില്‍ നിന്ന് മോചനം നേടാം എന്നുമാണ് ദക്ഷിണ കൊറിയന്‍ ശാസ്്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നത്.
സുമാക്ക് ഇറാന്‍ വിഭവങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്‍ഷിമേഴ്‌സ് കാരണം തകരാറിലായ തലച്ചോറിന്റെ സുപ്രധാന ബന്ധങ്ങളെ സംരക്ഷിക്കാന്‍ ഈ സുഗന്ധവ്യഞ്ജന സംയുക്തങ്ങള്‍ സഹായിക്കുന്നു. തലച്ചോറിലെ വീക്കം ഇല്ലാതാക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും സഹായിക്കുന്നതിലൂടെ ഇവ ഹൃദയാരോഗ്യത്തിനും ഗണ്യമായി ഗുണം ചെയ്യുന്നുണ്ട്.
അമേരിക്കയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. എല്ലാ വര്‍ഷവും ഇവിടെ അഞ്ച് പേരില്‍ ഒരാള്‍ വീതം മരിക്കുന്നത് ഹൃദ്രോഗം കാരണമാണ്. അടുത്ത 35 വര്‍ഷത്തിനുള്ളില്‍ അല്‍ഷിമേഴ്‌സ് രോഗ നിരക്ക് നിലവിലെ 7 ദശലക്ഷത്തില്‍ നിന്ന് ഏകദേശം 13 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പ്യൂട്ടര്‍സ് ഇന്‍ ബയോളജി ആന്‍ഡ് മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തില്‍ ശാസ്ത്രജ്ഞര്‍, അല്‍ഷിമേഴ്‌സ്, ഹൃദ്രോഗം എന്നിവയെ ചെറുക്കുന്നതില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ചു.
ആദ്യമായി, സൗദി അറേബ്യന്‍ പാചകരീതിയിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും കേന്ദ്രീകൃതമായ 10 സുഗന്ധവ്യഞ്ജനങ്ങളില്‍ കാണപ്പെടുന്ന എല്ലാ പ്രകൃതിദത്ത സംയുക്തങ്ങളുടെയും ഒരു പട്ടിക അവര്‍ തയ്യാറാക്കി. ജീരകം, കാരവേ, ഏലം, കുങ്കുമപ്പൂവ്, സുമാക്, അജ്വെയ്ന്‍, നെല്ലിക്ക, കായം, ബ്രഹ്‌മി തുടങ്ങിയവയാണ് ഇതിനായി അവര്‍ തെരഞ്ഞെടുത്തത്.
സുമാക്, കുങ്കുമപ്പൂവ് എന്നിവ കോശങ്ങളെ വിഷവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുന്നവയാണ്. അജ്വെയ്ന്‍, ജീരകം, കാരവേ എന്നിവ ദഹനത്തെ സഹായിക്കുന്നു; ഏലം, കുങ്കുമപ്പൂവ് എന്നിവ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കും. രോഗപ്രതിരോധ സംവിധാനത്തിനുള്ള വിറ്റാമിന്‍ സിയുടെ പവര്‍ഹൗസാണ് നെല്ലിക്ക. ബ്രഹ്‌മി ഓര്‍മ്മശക്തിക്കും ഉത്കണ്ഠയ്ക്കും ഒരു ബ്രെയിന്‍ ടോണിക്ക് ആയി ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിക്കുന്നു. മനസ്സ്, ശരീരം, ആത്മാവ് എന്നിവ സന്തുലിതമാക്കി ആരോഗ്യം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ പാരമ്പര്യത്തില്‍ വേരൂന്നിയ ഒരു രീതിയാണിത്.