അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന; എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപും; ഈ ഏറ്റുമുട്ടല്‍ ആഗോള വ്യാപാര യുദ്ധമായി മാറിയേക്കും
ചൈന അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത് വ്യാപാര യുദ്ധമായി മാറും. പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള തന്റെ നല്ല ബന്ധം കണക്കിലെടുത്ത് ചൈന ഇത് ചെയ്യുമെന്ന് അറിഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു എന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
'ഇത് ഞാന്‍ പ്രേരിപ്പിച്ച ഒന്നല്ല, അവര്‍ ചെയ്ത ഒരു കാര്യത്തിനുള്ള മറുപടി മാത്രമായിരുന്നു. അവര്‍ യഥാര്‍ത്ഥത്തില്‍ ഇത് നമ്മളെ ലക്ഷ്യം വച്ചല്ല, മുഴുവന്‍ ലോകത്തെയും ലക്ഷ്യം വച്ചാണ് ചെയ്തത്. ഇത് വളരെ മോശമായിരുന്നു,' അദ്ദേഹം വെള്ളിയാഴ്ച ഓവല്‍ ഓഫീസിലെ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ചൈനയുടെ അസാധാരണമായ നീക്കങ്ങള്‍ക്കുള്ള പ്രതികാര നടപടിയായി നവംബര്‍ 1 മുതല്‍ രാജ്യത്തിന് മേല്‍ അധിക നികുതി ബാധകമായിരിക്കും. നിര്‍ണമായ സോഫ്‌റ്റ്വെയറുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ അവരത് ചെയ്തിരിക്കുന്നു, ഇനി നടക്കാന്‍ പോകുന്നത് ചരിത്രമാണെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ഏഴ് അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചിരുന്നു. ഇതിന് പുറമെ ഇപ്പോള്‍ അഞ്ച് ലോഹങ്ങളില്‍ കൂടി നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. ഹോള്‍മിയം, എര്‍ബിയം, തൂലിയം, യൂറോപ്പിയം, യെറ്റര്‍ബിയം എന്നീ ലോഹങ്ങള്‍ക്കാണ് നിലവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. സമരിയം, ഗാഡോലിനിയം, ടെര്‍ബിയം, ഡിസ്‌പ്രോസിയം, ലുട്ടീഷ്യം, സ്‌കാര്‍ഡിയം, യട്രിയം എന്നീ ലോഹങ്ങളുടെ കയറ്റുമതിയാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിയന്ത്രിച്ചത്. രാജ്യത്ത് 17 അപൂര്‍വ ഭൗമ ലോഹങ്ങളാണുള്ളത്.
ഇവയില്‍ 12 എണ്ണത്തിനും ചൈന കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നു. ഇതിന് പറമെ അപൂര്‍വ ലോഹങ്ങള്‍ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക ഉപകരണങ്ങളുടെ കയറ്റുമതിയിലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ നിയന്ത്രണങ്ങളെല്ലാം തന്നെ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പടുന്നത്. പ്രസിഡന്റ് ഷി ജിന്‍പിയുമായുള്ള ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ നടക്കാനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചതായി ട്രംപ് പറഞ്ഞു. അപൂര്‍വ്വഭൗമ ധാതുക്കളുടെ ആഗോള വിതരണത്തിന്റെ 70 ശതമാനവും സംസ്‌കരണ ശേഷിയുടെ 90 ശതമാനവും ചൈനയാണ് നിയന്ത്രിക്കുന്നത്. ഇത് ഹൈടെക് വിതരണ ശൃംഖലയെക്കാള്‍ വലിയ സ്വാധീനം ചെലുത്തുന്നു. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ 100 ശതമാനം താരിഫ് നിലവിലുള്ള നിരക്കുകള്‍ക്ക് പുറമേ ചേര്‍ക്കുമെന്നും ഇത് ഇറക്കുമതിയുടെ വില ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
കയറ്റുമതി നിയന്ത്രണങ്ങള്‍ക്കായി ഇനിയും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകാമെന്ന് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. അസാധാരണമായ ഈ താരിഫ് പ്രഖ്യാപനം അമേരിക്കന്‍ ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവരുടെ വാലറ്റുകളെയാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ മുതല്‍ ഫര്‍ണിച്ചര്‍, അടുക്കള ഉപകരണങ്ങള്‍ വരെ വില കുതിച്ചുയരും. ഐ.ടി മേഖലയില്‍ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ടിവികള്‍, ഗെയിമിംഗ് കണ്‍സോളുകള്‍ എന്നിവ ചൈനീസ് ഘടകങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ശരാശരി താരിഫ് നിലവില്‍ ഏകദേശം 57 ശതമാനമാണ്. ഈ വര്‍ഷം ആദ്യം ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഇത് 140 ശതമാനത്തിലെത്തി.
യുഎസ് ഉല്‍പ്പന്നങ്ങളുടെ ചൈനീസ് താരിഫ് ഏകദേശം 33 ശതമാനമാണ്. പല കാറുകളും ഇലക്ട്രിക് വാഹനങ്ങളും ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക്സ്, ബാറ്ററികള്‍ എന്നിവ ഉപയോഗിക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് പരിഹരിച്ച വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള തര്‍ക്കത്തിന്റെ ആവര്‍ത്തനമാണ് പുതിയ സംഘര്‍ഷം.