'ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് മരണം, മരണം' എന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഫലസ്തീന്‍ അനുകൂലികള്‍; 'പരാജിതര്‍' എന്നും 'മൃഗങ്ങള്‍' എന്നും ആര്‍ത്തുവിളിച്ചുകൊണ്ട് ഇസ്രയേല്‍ അനുകൂലികളും; ലണ്ടനിലെ മാര്‍ച്ചില്‍ കാര്യങ്ങള്‍ കൈവിട്ടതോടെ ഏറ്റുമുട്ടലും സംഘര്‍ഷവും; അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

ലണ്ടനില്‍ ഫലസ്തീന്‍ അനുകൂല പ്രകടനത്തില്‍ സംഘര്‍ഷം

Update: 2025-10-11 16:36 GMT

ലണ്ടന്‍: ലണ്ടനില്‍, ഫലസ്തീന്‍ അനുകൂല വിഭാഗത്തിന്റെ മാര്‍ച്ചിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ സംഘര്‍ഷം. മധ്യ ലണ്ടന്‍ തെരുവുകളിലൂടെ പ്രകടനം നടത്തിയ ഫലസ്തീന്‍ അനുകൂലികള്‍ 'ഐ.ഡി.എഫിന് മരണം, മരണം' ( ഇസ്രയേല്‍ പ്രതിരോധ സേന) എന്ന് ആവര്‍ത്തിച്ചതോടെ ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ഇസ്രായേല്‍ അനുകൂല വിഭാഗക്കാരുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. ഇതോടെ ഇസ്രയേല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഞങ്ങള്‍ ബ്രിട്ടീഷ് യഹൂദര്‍ക്കൊപ്പമാണ്' എന്നെഴുതിയ ബാനറുകളുമായി ഇറങ്ങിയ 'ഔര്‍ ഫൈറ്റ്' എന്ന ഇസ്രായേല്‍ അനുകൂല സംഘടനയിലെ ഒരു ചെറിയ സംഘം പ്രകടനക്കാരെ നേരിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. ഇരു വിഭാഗങ്ങള്‍ക്കിടയിലുണ്ടായ നേരിയ സംഘര്‍ഷത്തെത്തുടര്‍ന്ന് മെറ്റ് പോലീസ് കുറച്ചുപേരെ അറസ്റ്റുചെയ്തു. അതിവേഗം സ്ഥലത്തെത്തിയ പോലീസ് സംഘര്‍ഷം നിയന്ത്രിക്കുകയും, യൂണിയന്‍ പതാകകളുമായി വന്നവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു.

വാട്ടര്‍ലൂ ബ്രിഡ്ജിന് സമീപം നൂറുകണക്കിന് ഇസ്രായേല്‍ അനുകൂലികളെ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഫലസ്തീന്‍ അനുകലികളെ അവര്‍ 'പരാജിതര്‍' എന്നും 'മൃഗങ്ങള്‍' എന്ന് മെഗാഫോണിലൂടെ വിളിക്കുന്നുണ്ടായിരുന്നു. അതേസമയം, ഫലസതീന്‍ അനുകൂലികള്‍ ഐഡിഎഫിന് മരണം, 'നദി മുതല്‍ കടല്‍ വരെ, ഫലസ്തീന്‍ സ്വതന്ത്രമാകും' എന്നിങ്ങനെ മുദ്രാവാക്യവും വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇരുപക്ഷത്തെയും കുറച്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പങ്കെടുത്ത ഫലസ്തീന്‍ അനുകൂല പ്രകടനം നടന്നത്. 2023 ഒക്ടോബറിന് ശേഷം ഫലസ്തീന് അനുകൂലമായുള്ള 32-ാമത്തെ ദേശീയ പ്രകടനമാണിത്. യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സ്ഥിരം കരാറാക്കണമെന്നാണ് ഫലസ്തീന്‍ അനുകൂലികളുടെ ആവശ്യം.

Tags:    

Similar News