സീറ്റുകള്‍ ലഭ്യമായിരുന്നിട്ടും എമിറേറ്റ്സ് യാത്രക്കാരെ സീറ്റ് പ്രീ-ബുക്കിംഗിന് പണം നല്‍കാന്‍ നിര്‍ബന്ധിച്ചതിന് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയും; മുംബൈ സ്വദേശികള്‍ക്ക് നീതി ഉറപ്പാക്കി മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും; വിമാനക്കമ്പനിയുടെ ചതി വീണ്ടും ചര്‍ച്ചകളില്‍
മുംബൈ: സീറ്റുകള്‍ ലഭ്യമായിരുന്നിട്ടും പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് യാത്രക്കാരെ സീറ്റ് പ്രീ-ബുക്കിംഗിന് പണം നല്‍കാന്‍ നിര്‍ബന്ധിച്ചതിന് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയും ആരോപിച്ച് 2020-ല്‍ ഇറങ്ങിയ ഉത്തരവ് മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ശരിവച്ചു. മുംബൈയില്‍ നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് വിമാനം ബുക്ക് ചെയ്ത നവി മുംബൈ സ്വദേശികളായ ദമ്പതികളാണ് എമിറേറ്റ്സിനെതിരെ പരാതി
നല്‍കിയിരുന്നത്.
നിരവധി സീറ്റുകള്‍ ലഭ്യമായിട്ടും സീറ്റ് പ്രീ-ബുക്കിംഗിന് അവരില്‍ നിന്ന് കമ്പനി പണം ഈടാക്കിയിരുന്നു. ഇതാണ് ഈ സുപ്രധാന വിധിയിലേക്ക് നയിച്ച നിയമ പോരാട്ടത്തിന് കാരണമായത്. കമ്മീഷന്‍ അധ്യക്ഷനായ റിട്ടയേര്‍ഡ് ജസ്റ്റിസ് എസ്.പി. തവാഡെ അംഗം വിജയ് സി. പ്രേംചന്ദാനി എന്നിവരടങ്ങിയ ബെഞ്ച് എമിറേറ്റ്‌സിന്റെ അപ്പീല്‍ തള്ളുകയും സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ച മുന്‍ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു. നവി മുംബൈയിലെ ഖാര്‍ഘര്‍ നിവാസികളായ ഡോ. കേശബ് നന്ദി, മീനു പാണ്ഡെ എന്നിവര്‍ സമര്‍പ്പിച്ച പരാതിയില്‍, അടുത്തടുത്ത സീറ്റുകള്‍ ലഭിക്കാനായി 7200 രൂപ കമ്പനി ഇവരില്‍ നിന്നും ഈടാക്കിയതായി ചൂണ്ടിക്കാട്ടിയിരുന്നു. ദമ്പതികള്‍ 2017 ഓഗസ്റ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
പ്രമേഹവും രക്താതിമര്‍ദ്ദവുമുള്ള ഡോ. നന്ദിക്ക് യാത്രയ്ക്കിടെ വൈദ്യസഹായത്തിനായി ഭാര്യയുടെ അരികില്‍ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് കൊണ്ടാണ് അവര്‍ അടുത്തടുത്ത സീറ്റുകള്‍ ബുക്ക് ചെയ്തത്. എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍, മറ്റ് യാത്രക്കാര്‍ക്ക് സൗജന്യമായി അടുത്തടുത്ത സീറ്റുകള്‍ അനുവദിച്ചതായി അവര്‍ കണ്ടെത്തി. ബുക്കിംഗ് സമയത്ത് എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ലെന്ന് കാണിച്ചിരുന്ന സീറ്റുകളായിരുന്നു ഇവ.
ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷന്റെ 2020 ലെ ഉത്തരവ് പ്രകാരം, 2017 ഒക്ടോബര്‍ 5 മുതല്‍ 6% വാര്‍ഷിക പലിശ സഹിതം 7,200 രൂപ എമിറേറ്റ്‌സിനോട് തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ, മാനസിക പീഡനത്തിന് 5,000 രൂപയും കേസ് ചെലവായി 3,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ചില പ്രീമിയം സീറ്റുകള്‍ക്ക് എയര്‍ലൈനുകള്‍ അധിക നിരക്ക് ഈടാക്കുമെങ്കിലും, ഏതൊക്കെ സീറ്റുകള്‍ സൗജന്യമാണെന്നും ഏതൊക്കെ സീറ്റുകള്‍ക്കാണ് പണം നല്‍കേണ്ടതെന്നും വ്യക്തമായി വെളിപ്പെടുത്താന്‍ അവര്‍ക്ക് നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയുണ്ടെന്ന് സംസ്്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിരീക്ഷിച്ചു.
എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റ്, ടിക്കറ്റ് സ്ഥിരീകരീച്ചതിന് ശേഷവും സൗജന്യ സീറ്റുകളുടെ ലഭ്യത സൂചിപ്പിച്ചിട്ടില്ല എന്നും അതുവഴി യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എമിറേറ്റ്‌സിന്റെ സുതാര്യതയില്ലായ്മ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് ബെഞ്ച് വിധിച്ചു. യാത്രക്കാരെ അവരുടെ യഥാര്‍ത്ഥ സീറ്റിംഗ് ഓപ്ഷനുകളെക്കുറിച്ച് ഇരുട്ടില്‍ നിര്‍ത്തിയതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഇത് 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ പോരായ്മയാണ് എന്നും കമ്മീഷന്‍ വ്യക്തമാക്കി. സീറ്റുകള്‍ ലഭ്യമായിരുന്നിട്ടും പരാതിക്കാര്‍ അധിക തുക നല്‍കി സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇത്തരം പെരുമാറ്റം അന്യായമായ വ്യാപാര രീതിയും ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവുമാണ് എന്നും ഉത്തരവില്‍ പറയുന്നു.