ഹൈബ്രിഡ് കഞ്ചാവും തൂക്കാനുളള ത്രാസുമായി പിടിയിലായ അസി.ഫിസിഷ്യനെ പുറത്താക്കി ആസ്റ്റര്‍ മെഡിസിറ്റി; ജോലിയില്‍ നിന്ന് നീക്കിയത് എഫ്‌ഐആര്‍ ഇട്ടതിനെ തുടര്‍ന്ന്; സംഭവം നടന്നത് ആശുപത്രിക്ക് പുറത്തെന്നും തങ്ങളുമായി ഒരുബന്ധവും ഇല്ലെന്നും ആശുപത്രി മാനേജ്‌മെന്റ് മറുനാടനോട്
ഹൈബ്രിഡ് കഞ്ചാവും തൂക്കാനുളള ത്രാസുമായി പിടിയിലായ അസി.ഫിസിഷ്യനെ പുറത്താക്കി ആസ്റ്റര്‍ മെഡിസിറ്റി
കൊച്ചി: എറണാകുളത്ത് ഹൈബ്രിഡ് കഞ്ചാവും തൂക്കാനുള്ള ത്രാസുമായി പിടിയിലായ ഫിസിഷ്യനെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. സംഭവം നടന്നത് ആശുപത്രിക്ക് പുറത്തെന്നും, തങ്ങളുമായി ഒരുബന്ധവുമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ 11 ന് രാത്രി എട്ടുമണിയോടെയാണ് കോതാട് കോരാമ്പാടം പാല്യത്ത് റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര ഉമ്മന്നൂര്‍ പ്ലാപ്പിള്ളി കളിക്കല്‍ പുത്തന്‍വീട്ടില്‍ അലന്‍ കോശി(25)യെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആസ്റ്റര്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു. കഞ്ചാവുമായി ഇയാള്‍ പിടിയിലായത് ആശുപത്രിയുടെ പേരിന് കളങ്കമായതിനെ തുടര്‍ന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുമാണ് ആശുപത്രി മാനേജ്മെന്റ് മാതൃകാപരമായി ഇയാളെ പുറത്താക്കിയത്.
അലന്‍ കോശി താമസിച്ചിരുന്ന വീട്ടില്‍ നിന്നുമാണ് 2.23 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 8.24 ഗ്രാം കഞ്ചാവും തൂക്കാന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ത്രാസും കണ്ടെടുത്തത്. നാലു കവറുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിന് ശേഷം ആസ്റ്റര്‍ മേനേജ്മെന്റിനോട് വിശദീകരണം തേടിയപ്പോള്‍ ഇ-മെയില്‍ വഴി മറുപടി ലഭിച്ചു. ആസ്റ്ററിലെ ജീവനക്കാരന്‍ ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിനാല്‍ ഇയാളെ ഉടന്‍ തന്നെ ജോലിയില്‍ നിന്നും പുറത്താക്കി എന്നും സംഭവം ആശുപത്രി പരിസരത്ത് നടന്നതല്ലാത്തതിനാല്‍ ഈ കുറ്റകൃത്യവുമായി ആസ്റ്റര്‍ മെഡിസിറ്റിക്ക് യാതൊരു ബന്ധവും ഇല്ലാ എന്നും ആസ്റ്റര്‍ ഹോസ്പിറ്റര്‍ അസോസിയേറ്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ പി.ആര്‍ ഐശ്വര്യ അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെട്ടാല്‍ ശക്തമായ നടപടി മാനേജ്മെന്റ് കൈക്കൊള്ളുമെന്നും ഈ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം അലന്‍ കോശിയുടെ വാടക വീട്ടില്‍ പരിശോധന നടത്തിയത്. അലനെ വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഞ്ചാവിന്റെ അളവ് കുറവാണെന്ന് കാണിച്ചാണ് ജാമ്യത്തില്‍ വിട്ടയച്ചത്. ആശുപത്രിയുടെ വടക്കുവശത്തായി പാല്യത്ത് റോഡില്‍ വെച്ചാണ് പിടിയിലായതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് സംശയത്തിലാണ് പരാതി എത്തിയത്. യുവാക്കള്‍ ഇയാളുടെ വാടകവീട്ടിലേക്ക് എത്തുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ വിവരം ഡാന്‍സാഫ് സംഘത്തെ അറിയിച്ചത്.
പരിശോധനക്കായി പോലീസ് സംഘം വാടക വീട്ടില്‍ എത്തുമ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. അലന്‍ പലര്‍ക്കും ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്നതായും സംശയമുണ്ട്. 8 ഗ്രാം കഞ്ചാവിനും ഒപ്പം കണ്ടെടുത്തത് തൂക്കം നോക്കാനുള്ള ത്രാസും കണ്ടെടുത്തിട്ടുണ്ട്. ചൈനീസ് നിര്‍മ്മിത വെയിംഗ് മെഷീനാണ് ഡാന്‍സാഫ് സംഘം കണ്ടെത്തിയത്.
അറസ്റ്റിലായ അലന്‍ ആശുപത്രിയിലെ ലിവര്‍ കെയറിലെ സഹായി മാത്രമാണെന്നാണ് ആശുപത്രി ജീവനക്കാരുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചത്.