ആഗ്രഹിച്ചത് ദലൈലാമയെ കൊണ്ട് തന്റെ പേരില്‍ പൂജകള്‍ നടത്തിപ്പിച്ച്, 'പുനര്‍ജന്മം നേടിയ ദേവത' ആയി അഭിഷേകം ചെയ്യാന്‍; 'ലിബര്‍ലാന്‍ഡ്' എന്ന രാജ്യം സൃഷ്ടിച്ച് അത് ഭരിക്കാനും ആഗ്രഹിച്ചു; രഹസ്യ പോക്കറ്റില്‍ നിന്നും ബ്രീട്ടീഷ് പോലീസ് കണ്ടെത്തിയത് അളവില്ലാ ക്രിപ്‌റ്റോ കറന്‍സി; യാദി ഷാങിന്റെ സമ്പാദ്യം ബ്രിട്ടന്‍ എടുക്കുമോ?

Update: 2025-10-16 03:10 GMT

ലണ്ടന്‍: ചൈനീസ് നിക്ഷേപത്തട്ടിപ്പിന്റെ മുഖ്യസൂത്രധാര യാദി ഷാങ് (47), അറസ്റ്റിലായ സമയത്ത് രഹസ്യ പോക്കറ്റില്‍ 6.7 കോടി പൗണ്ട് വിലവരുന്ന ക്രിപ്റ്റോകറന്‍സിയുള്ള ഉപകരണം സൂക്ഷിച്ചിരുന്നതായി ബ്രിട്ടീഷ് കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം സമ്മതിച്ച ഷാങ്, സിമിന്‍ ക്വിയാന്‍ എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടനില്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഏപ്രിലില്‍ യോര്‍ക്കില്‍ വെച്ച് അറസ്റ്റിലായ ഷാങ്ങിനെതിരെ 500 കോടി പൗണ്ടിന്റെ നിക്ഷേപ തട്ടിപ്പു കേസാണുള്ളത്. അഞ്ച് ബില്യണ്‍ ഡോളറിലധികം വരുന്ന ഒരു ക്രിപ്റ്റോ കറന്‍സി കുംഭകോണത്തിന് പിന്നാലെയാണ് ഷിമിന്‍ ക്വിയാന്‍ എന്ന ചൈനീസുകാരിയെ ബ്രിട്ടീഷ് പൊലീസ് തേടിയെത്തുന്നത്. 'യാദി ഷാങ്' എന്നൊരു ഇരട്ട പേര് കൂടി അവര്‍ക്ക് ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകാരിയെന്ന ലേബലില്‍ അവരെ പിടികൂടുമ്പോള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞത് ചില രസകരമായ വസ്തുതകളായിരുന്നു.

2014നും 2017നും ഇടയില്‍ ഏകദേശം 128,000 നിക്ഷേപകരില്‍ നിന്ന് തട്ടിപ്പ് നടത്തിയ ഇവര്‍ക്കെതിരെ നഷ്ടപരിഹാരം ഈടാക്കാനാണ് നീക്കം. 61,000-ത്തിലധികം ബിറ്റ്കോയിനുകള്‍ ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു, നിലവില്‍ 500 കോടി പൗണ്ടിന് മുകളില്‍ മൂല്യമുള്ള ഇത് ബ്രിട്ടനിലെ എക്കാലത്തെയും വലിയ ക്രിപ്റ്റോകറന്‍സി കണ്ടുകെട്ടലാണ്. 2017 സെപ്റ്റംബറില്‍ വ്യാജ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാസ്‌പോര്‍ട്ടുമായി ബ്രിട്ടനിലെത്തിയ ഷാങ്, ലണ്ടനിലെ ഏറ്റവും വിലകൂടിയ ചില വസ്തുവകകള്‍ വാങ്ങാന്‍ ശ്രമിച്ചതോടെയാണ് സംശയത്തിലായത്. 2018-ല്‍ നോര്‍ത്ത് ലണ്ടനിലെ ഹാംപ്സ്റ്റെഡ് ഹീത്തിന് സമീപമുള്ള 50 ലക്ഷം പൗണ്ട് വിലയുള്ള വാടകവീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെ ഇവര്‍ അപ്രത്യക്ഷയായിരുന്നു.

അറസ്റ്റിലാകുമ്പോള്‍ ഷാങ് ധരിച്ചിരുന്ന ജോഗിംഗ് ബോട്ടംസിലെ രഹസ്യ പോക്കറ്റില്‍ നിന്ന് ഒരു ലെഡ്ജറും പാസ്വേഡുകളും കണ്ടെത്തി. ജയിലില്‍ നടന്ന അഭിമുഖങ്ങളില്‍ രണ്ട് ക്രിപ്റ്റോ വാലറ്റുകളിലേക്കുള്ള പ്രവേശന കോഡുകള്‍ വെളിപ്പെടുത്തിയതോടെ ഏകദേശം 6.7 കോടി പൗണ്ട് വിലവരുന്ന ക്രിപ്റ്റോകറന്‍സി കൂടി കണ്ടെത്താനായി. ഈ തുക 500 കോടി പൗണ്ടിന്റെ ബിറ്റ്കോയിന്‍ ശേഖരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ പണം പൊതു ധനകാര്യത്തിലെ കുറവ് നികത്താന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നീക്കിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കണമെന്നും ബിറ്റ്‌കോയിന്റെ മൂല്യവര്‍ദ്ധനവ് പ്രതിഫലിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ചൈനീസ് നിക്ഷേപകരും യുകെ സര്‍ക്കാരും തമ്മില്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുകയാണ്.

5.5 ബില്യണ്‍ പൗണ്ടിലധികം വിലമതിക്കുന്ന 61,000 ബിറ്റ്‌കോയിനുകളാണ് ഇവര്‍ കൈവശം വച്ചിരുന്നത്. ഇതിലൂടെ സ്വന്തമായി ഒരു രാജ്യം കെട്ടിപ്പടുക്കാനും ഒരു ദേവതയെ പോലെ വാഴാനുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി വേട്ടയായിരുന്നു ഇത്. ഷിമിന്‍ ക്വിയാന്‍ 2014നും 2017നും ഇടയില്‍ ചൈനയില്‍ ആയിരക്കണക്കിന് ആളുകളെയാണ് വഞ്ചിച്ചത്. നിക്ഷേപകര്‍ക്ക് 300 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത 'ടിയാന്‍ജിന്‍ ലാന്റിയന്‍ ഗെറുയി ഇലക്ട്രോണിക് ടെക്‌നോളജി' എന്ന ചൈനീസ് തട്ടിപ്പ് കമ്പനി ഇവര്‍ നടത്തിയിരുന്നു.

ആളുകളുടെ പണം നിയമാനുസൃത രീതിയില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന് പകരം, ഈ 'കറക്ക് കമ്പനി' നിക്ഷേപകരുടെ പണം ക്രിപ്റ്റോ കറന്‍സിയിലേക്ക് വകമാറ്റുകയായിരുന്നു. 2017 സെപ്റ്റംബറില്‍ ബ്രിട്ടനിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ചൈനയിലെ 1,28,000 നിക്ഷേപകരെ കബളിപ്പിക്കാന്‍ ക്വിയാന് കഴിഞ്ഞു. പരാതി വ്യാപകമായതോടെ ചൈനീസ് സര്‍ക്കാര്‍ ബ്രിട്ടന്റെ സഹായം തേടി. അങ്ങനെയാണ് അറസ്റ്റുണ്ടാകുന്നത്.

ദലൈലാമയെ കൊണ്ട് തന്റെ പേരില്‍ പൂജകള്‍ നടത്തിപ്പിച്ച്, 'പുനര്‍ജന്മം നേടിയ ദേവത' ആയി അഭിഷേകം ചെയ്യപ്പെടാനുള്ള ആഗ്രഹം ഷിമിന്‍ ക്വിയാന് ഉണ്ടായിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ ക്വിയാന്റെ ഡിജിറ്റല്‍ ഡയറി ബ്രിട്ടീഷ് പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. 'ലിബര്‍ലാന്‍ഡ്' എന്ന പേരിലൊരു രാജ്യം സൃഷ്ടിച്ച് അത് ഭരിക്കാനുള്ള ഈ തട്ടിപ്പുകാരിയുടെ പദ്ധതികളും ഡയറിയില്‍ കുറിച്ചിരുന്നു. ക്രൊയേഷ്യക്കും സെര്‍ബിയയ്ക്കും ഇടയിലുള്ള ഡാന്യൂബിലാണ് അവള്‍ ഭരിക്കാന്‍ ആഗ്രഹിച്ച ഈ തിരിച്ചറിയപ്പെടാത്തതും ജനവാസമില്ലാത്തതുമായ ഈ മൈക്രോ നേഷന്‍ സ്ഥിതി ചെയ്യുന്നത്.

അഞ്ച് മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കിരീടവും ചെങ്കോലും, ഒരു ബുദ്ധക്ഷേത്രം, വിമാനത്താവളം, തുറമുഖം എന്നീ സൗകര്യങ്ങളും ഒരുക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.

Tags:    

Similar News