രണ്ട് കിലോ സ്വര്‍ണം കൈവശപ്പെടുത്തി; ഉത്തരവുകള്‍ ലംഘിച്ച് സ്വര്‍ണം കടത്തിയെന്നും പ്രത്യേക അന്വേഷണ സംഘം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു; തന്നെ കുടുക്കിയെന്നും കുടുക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രതികരണം; ബംഗളുരുവിലും ഹൈദരാബാദിലും തെളിവെടുപ്പ് നടത്താന്‍ എസ്‌ഐടി

Update: 2025-10-17 07:32 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് പോറ്റിയെ കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. തുടര്‍ന്ന് കോടതി പോറ്റിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതിനിടയില്‍ അഭിഭാഷകനോട് സംസാരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് 10 മിനിറ്റ് സമയം നല്‍കി.

അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസില്‍നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

എസ്‌ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലെന്ന് സൂചന. കോടതിയില്‍ നിന്നിറക്കി വൈദ്യ പരിശോധന പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അന്വേഷണ സംഘം പോറ്റിയുമായി ഉടന്‍ തെളിവെടുപ്പിന് പോയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കം. അഡ്വ. വില്‍സണ്‍ വേണാട്ട്, അഡ്വ. ലെവിന്‍ തോമസ് എനിവരാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഹാജരായത്. അടച്ച മുറിയിലാണ് കേസ് പരിഗണിച്ചത്.അന്വേഷണം ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രതിയും മാത്രമായിരുന്നു കോടതിയില്‍ ഉണ്ടായിരുന്നത്.

രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.സ്മാര്‍ട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതിനിടെ, കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതികരിച്ചു. എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം. പൊലീസ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും.

ഇന്നലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനും പങ്കുണ്ട്. പുറത്തു നിന്നും ആളെ എത്തിച്ച് സ്വര്‍ണ്ണം ഉരുക്കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. ഇന്ന് പുലര്‍ച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് പോറ്റിയുടെ നിര്‍ണായക മൊഴി. നടന്നത് വന്‍ഗൂഢാലോചനയെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും പലരില്‍ നിന്നും പണം കൈപ്പറ്റിയെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെല്ലാം താന്‍ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കി.

ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ പത്തു മണിക്കൂറോളമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പി.ബിജോയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. തുടര്‍ന്ന് എസ്പി ശശിധരനും രാത്രി പന്ത്രണ്ടരയോടെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്ന നടപടിയുടെ ഭാഗമായി എത്തി. രാവിലെ തന്നെ പോറ്റിയെ പത്തനംതിട്ടയില്‍ എത്തിച്ച് ഉച്ചയോടെ റാന്നി കോടതിയില്‍ ഹാജരാക്കും.

ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണക്കൊള്ള, കട്ടിളപ്പടിയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ശബരിമലയുടെ മറവില്‍ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. സ്‌പോണ്‍സറെന്ന് അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശലില്‍ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 56 പവനോളം അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണി വിലയില്‍ ഇതിന് അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ട്.

ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്താണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സ്വദേശം. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്ത പരിചയവുമായാണ് 2007ല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. കര്‍ണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളര്‍ന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലന്‍സ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നല്‍കിയത്.

ഗൂഢാലോചനയും ആസൂത്രണവും

ആദ്യം ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ വാതില്‍ മാറ്റി പുതിയ വാതില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി നല്‍കി. ഇതിന്റെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ബെല്ലാരി സ്വദേശി ഗോവര്‍ധന്‍ ആയിരുന്നെങ്കിലും നേതൃത്വം പോറ്റിക്കായിരുന്നു. 2017 ല്‍ പോറ്റി ക്ഷേത്ര അലങ്കാരം, പടിപൂജ, ഉദയാസ്മന പൂജ, മേളം എന്നിവ നടത്തി. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിതതിന് 10 ലക്ഷം രൂപ സംഭാവന നല്‍കി. 2017 ല്‍ തന്നെ 8.2 ലക്ഷം രൂപയുടെ രൂപയുടെ ചെക്കും 17 ടണ്‍ അരിയും 30 ടണ്‍ പച്ചക്കറിയും പോറ്റി സംഭാവന നല്‍കി. ശബരിമലയിലെ പതിനെട്ടാം പടിക്ക് മണിമണ്ഡപം നിര്‍മ്മിച്ച് നല്‍കുകയും മണിമണ്ഡപത്തിലേക്കുള്ള മണികള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. അന്നദാനത്തിനായി 2025 ജനുവരിയില്‍ ആറ് ലക്ഷം രൂപ നല്‍കി. 2025 മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപയും ഉണ്ണിക്കൃഷ്ണന്‍ പോറ്റി സംഭാവന നല്‍കി. ഇത് കൂടാതെ ചെറുതും വലുതുമായ പല പ്രവര്‍ത്തികളും വഴിപാടുകളും നടത്തി. പലതിന്റെയും യഥാര്‍ത്ഥ സ്‌പോണ്‍സര്‍മാര്‍ മറ്റ് വ്യക്തികള്‍ ആയിരുന്നെങ്കിലും എല്ലാത്തിനും നേതൃത്വം പോറ്റിക്കായിരുന്നു. ഈ മുഴുവന്‍ ഇടപാടുകളും വീണ്ടും അന്വേഷിക്കണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

2019 ജൂണിലും ഓഗസ്റ്റിലുമായി 21 പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് അതിലെ 989.8 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതില്‍ 394.9 ഗ്രാം സ്വര്‍ണം ഉപയോഗിച്ച് ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും ഗോള്‍ഡ് പ്ലേറ്റിംഗ് നടത്തി എന്നാണ് സ്മാര്‍ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. 109 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് കൂലിയായി എടുത്തു.

ബാക്കി 474.99 ഗ്രാം സ്വര്‍ണം പോറ്റി ചുമതലപ്പെടുത്തിയ പ്രതിനിധി എന്ന് പറയപ്പെടുന്ന കല്‍പ്പേഷിന് ഖര രൂപത്തില്‍ കൈമാറി. ഇത് ഇതുവരെ ശബരിമലയില്‍ തിരികെ എത്തിയിട്ടില്ല. അതായത് വിജയ് മല്യ വഴിപാടായി ചാര്‍ത്തിയ 24 കാരറ്റ് തനി തങ്കത്തില്‍ 474.99 ഗ്രാം ഉണ്ണികൃഷ്ണന്‍ പോറ്റി അപഹരിച്ചു. ഇതിനായി വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നു. സ്വര്‍ണപാളികള്‍ സ്വന്തം ചെലവില്‍ സ്വര്‍ണം പൂശുമെന്ന ഉറപ്പിന് വിരുദ്ധമായി പലരില്‍ നിന്നും സ്വര്‍ണം പണവും ഉണ്ണികൃഷ്ണന്‍ പോറ്റി കൈപ്പറ്റി. ശബരിമല ശ്രീകോവില്‍ ഭാഗങ്ങള്‍ പലയിടത്തും നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ച് ലാഭമുണ്ടാക്കി.

Tags:    

Similar News