കാമുകിയുമായുള്ള ഉല്ലാസയാത്രയ്ക്കിടെ ഡൊമിനിക്കയില്‍ പിടിയിലായി; അന്ന് വിമാനം അയച്ചിട്ടും തിരിച്ചെത്തിക്കാന്‍ കഴിയാത്തത് ആന്റ്വിഗന്‍ ഇടപെടലില്‍; ബെല്‍ജിയം കോടതി നീതിയ്‌ക്കൊപ്പം; മെഹുല്‍ ചോക്‌സിയെ വെട്ടിലാക്കി വിധി; അപ്പീല്‍ നിര്‍ണ്ണായകം; വജ്ര വ്യാപാരിയെ ഇന്ത്യയ്ക്ക് കിട്ടിയേക്കും
ബ്രസ്സല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. ബെല്‍ജിയന്‍ നഗരമായ ആന്റ്വെര്‍പ്പിലെ കോടതിയാണ് മെഹുല്‍ ചോക്സിയുടെ അറസ്റ്റ് ശരിവച്ചുകൊണ്ട് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഇനിയും അപ്പീലിന് അവസരമുള്ളതിനാല്‍ മെഹുല്‍ ചോക്സിയെ ഉടന്‍ ഇന്ത്യയിലെത്തിക്കാനാകുമോയെന്ന് ഉറപ്പില്ല. ബെല്‍ജിയം സുപ്രീംകോടതിയില്‍ ചോക്‌സിയ്ക്ക് അപ്പീല്‍ നല്‍കാം.
2025 ഏപ്രില്‍ 11 ന് ആന്റ്വെര്‍പ്പ് പൊലീസ് മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ തടവിലാണ് ചോക്സി. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒന്നിലധികം ജാമ്യാപേക്ഷകള്‍ ചോക്‌സി കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അതെല്ലാം തള്ളി. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഇന്ത്യയില്‍ ചോക്സിക്കെതിരെ ചുമത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ബെല്‍ജിയന്‍ പോലീസ് ചോക്സിയെ അറസ്റ്റ്ചെയ്ത നടപടി സാധുവാണെന്നും കോടതി കണ്ടെത്തി.
അതേസമയം, ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കിയെങ്കിലും അദ്ദേഹത്തിന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്ന് ആന്റ്വര്‍പ്പിലെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ചോക്സിയെ ഉടനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, കുറ്റവാളിയെ കൈമാറുന്ന നടപടികളുമായി ബന്ധപ്പെട്ട് ഏറെ സുപ്രധാനമാണ് കോടതിയുടെ ഈ ഉത്തരവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വര്‍ഷമെങ്കിലും അപ്പീല്‍ നടപടികള്‍ നീളാന്‍ സാധ്യതയുണ്ട്. കേസില്‍ പ്രതിയായതോടെ ചോക്സി രാജ്യംവിടുകയായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഏപ്രില്‍ 22-നാണ് അദ്ദേഹത്തെ ബെല്‍ജിയത്തില്‍ അറസ്റ്റ്ചെയ്തത്.
സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ പിടിയിലായത്. കാന്‍സര്‍ ബാധിതനായതിനാല്‍ ചികിത്സയ്ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനായിരുന്നു ചോക്‌സിയുടെ പദ്ധതി. ഇതിനായുള്ള നടപടിക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എന്നാല്‍, രാജ്യംവിടുന്നതിന് മുന്‍പാണ് ബെല്‍ജിയത്തിലെ ആന്റ്വര്‍പ്പില്‍നിന്ന് മെഹുല്‍ ചോക്‌സിയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ ചോക്‌സിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങളും ഇന്ത്യന്‍ ഏജന്‍സികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെഭാഗമായി മുംബൈയിലെ പ്രത്യേക കോടതി ചോക്‌സിക്കെതിരേ 2018-ലും 2021-ലും പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകളടക്കം ഇന്ത്യ ബെല്‍ജിയത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 2018-ലാണ് മെഹുല്‍ ചോക്‌സിയും ബന്ധുവായ നീരവ് മോദിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐയും ഇഡിയും കേസെടുത്തത്. എന്നാല്‍, അതേവര്‍ഷം തന്നെ മെഹുല്‍ ചോക്‌സി ഇന്ത്യയില്‍നിന്ന് മുങ്ങി. ആദ്യം അമേരിക്കയിലേക്കും അവിടെനിന്ന് ആന്റിഗ്വയിലേക്കുമാണ് ചോക്‌സി പറന്നത്. ചോക്‌സിക്ക് ആന്റിഗ്വയിലെ പൗരത്വം ലഭിച്ചു. ഇതിനിടെ കാന്‍സര്‍ ചികിത്സയ്ക്കായി ചോക്‌സിയും ഭാര്യയും ബെല്‍ജിയത്തിലേക്ക് പോയി. പിന്നീട് ആന്റിഗ്വയില്‍ തിരികെ എത്തിയെങ്കിലും ഇരുവരും ബെല്‍ജിയത്തില്‍ വീണ്ടും താമസമാക്കി. മെഹുല്‍ ചോക്‌സിയും ഭാര്യ പ്രീതി ചോക്‌സിയും ബെല്‍ജിയത്തിലെ എഫ് റെസിഡന്‍സി കാര്‍ഡുകള്‍ നേടിയിരുന്നതായാണ് വിവരം. പ്രീതി ചോക്‌സിക്ക് ബെല്‍ജിയം പൗരത്വമുള്ളതിനാല്‍ മെഹുല്‍ ചോക്‌സിക്ക് എഫ് റെസിഡന്‍സി കാര്‍ഡ് എളുപ്പത്തില്‍ ലഭിച്ചു.
ഇന്ത്യന്‍, ആന്റ്വിഗന്‍ പൗരത്വം ഉപേക്ഷിക്കാതെ ബെല്‍ജിയം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് മെഹുല്‍ ചോക്‌സി റെസിഡന്‍സി കാര്‍ഡ് നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ മെഹുല്‍ ചോക്‌സി തന്റെ എഫ് റെസിഡന്‍സി കാര്‍ഡ് എഫ് പ്ലസ് റെസിഡന്‍സി കാര്‍ഡിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. നേരത്തെ ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്കുള്ള യാത്രയ്ക്കിടെ ഡൊമിനിക്കയില്‍ ചോക്‌സി അറസ്റ്റിലായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്‌സിയെ അന്ന് ഡൊമിനിക്കന്‍ അധികൃതര്‍ പിടികൂടിയത്. കാമുകിയുമായുള്ള ഉല്ലാസയാത്രയ്ക്കിടെയാണ് ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ആന്റ്വിഗന്‍ പൗരത്വമുള്ളതിനാല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനാകില്ലെന്ന് ആന്റ്വിഗന്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ചോക്‌സിയെ തിരികെ എത്തിക്കാനായി ഇന്ത്യയില്‍നിന്നുള്ള വിമാനം ഡൊമിനിക്കയില്‍ എത്തിയെങ്കിലും നിരാശയോടെ തിരികെ മടങ്ങുകയായിരുന്നു. അതേസമയം, ചോക്‌സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആരോപണം. റോയാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം.