'ആദ്യരാത്രിയില്‍ അവള്‍ എന്നെ തൊടാന്‍ പോലും അനുവദിച്ചില്ല; അവള്‍ വിവാഹം കഴിച്ചത് എന്നെയല്ല, എന്റെ അച്ഛനെയാണ്; അവര്‍ എന്നെ ഒരു കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയപ്പെടുന്നു'; മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ വീഡിയോ; പിന്നാലെ ക്ഷമ പറച്ചില്‍; പഞ്ചാബ് മുന്‍ മന്ത്രിയുടെ മകന്റെ മരണത്തില്‍ ദുരൂഹത; കൊലക്കുറ്റം ചുമത്തി കേസെടുത്തു

പഞ്ചാബ് മുന്‍ മന്ത്രിയുടെ മകന്റെ മരണത്തില്‍ ദുരൂഹത; കൊലക്കുറ്റം ചുമത്തി കേസെടുത്തു

Update: 2025-10-21 11:52 GMT

ചണ്ഡിഗഢ്: പഞ്ചാബ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റാസിയ സുല്‍ത്താനയുടെയും മുന്‍ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മുന്‍ മന്ത്രിയുടെ മകനായ 33-കാരന്‍ അഖില്‍ അക്തറിന്റെ മരണത്തെത്തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. അഖിലിന്റെ ഭാര്യയും പിതാവും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 27-ന് അഖീല്‍ റെക്കോര്‍ഡ് ചെയ്ത 16 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ത്തിയത്.

മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മുഹമ്മദ് മുസ്തഫയുടേയും മുന്‍ പഞ്ചാബ് മന്ത്രി റസിയ സുല്‍ത്താനയുടേയും മകനാണ് അഖില്‍ അക്തര്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പഞ്ച്കുളയിലെ വീട്ടില്‍ അഖിലിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. ചില മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതാകാം മരണകാരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

അഖില്‍ റെക്കോര്‍ഡ് ചെയ്ത ചില വിഡിയോകളാണ് പിന്നീട് കേസില്‍ വഴിത്തിരിവായത്. ഒരു വീഡിയോയില്‍, തന്റെ പിതാവും ഭാര്യയും തമ്മില്‍ ബന്ധമുണ്ടെന്ന് അഖില്‍ ആരോപിക്കുന്നു: 'എന്റെ ഭാര്യക്ക് എന്റെ അച്ഛനുമായി അവിഹിതബന്ധമുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഞാന്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലും മാനസിക ആഘാതത്തിലുമാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അവര്‍ എന്നെ കള്ളക്കേസില്‍ കുടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.' കള്ളക്കേസില്‍ കുടുക്കാനോ കൊല്ലാനോ ആണ് അവരുടെ പദ്ധതിയെന്നും, തന്റെ അമ്മ റസിയ സുല്‍ത്താനയും സഹോദരിയും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും അഖില്‍ ആരോപിച്ചു.

തന്റെ വിവാഹത്തിന് മുന്‍പുതന്നെ പിതാവിന് ഭാര്യയെ അറിയാമായിരുന്നു എന്നും, അവള്‍ എന്നെയല്ല എന്റെ അച്ഛനെയാണ് കല്യാണം കഴിച്ചതെന്നും അഖില്‍ പറയുന്നു. താന്‍ ഭ്രാന്തനാണെന്ന് വരുത്തിത്തീര്‍ത്ത് കുടുംബത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം എന്നും അഖില്‍ ആരോപിക്കുന്നു. തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി കുടുംബാംഗങ്ങള്‍ തന്നെ ഭ്രാന്തനായി ചിത്രീകരിച്ച്, നിയമവിരുദ്ധമായി പുനരധിവാസ കേന്ദ്രത്തില്‍ അടച്ചു എന്നും അഖില്‍ പറയുന്നു.

എന്നാല്‍ മറ്റൊരു വിഡിയോയില്‍, താന്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും മാനസികരോഗം കാരണമാണെന്ന് അഖില്‍ പറയുന്നു: 'ഞാന്‍ സ്‌കീസോഫ്രീസിയ ബാധിതനായിരുന്നു. ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു. എന്റെ കുടുംബാംഗങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്നെ ഇങ്ങനെയൊരു കുടുംബംകൊണ്ട് അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം', ഈ സമയത്ത് അദ്ദേഹത്തിന്റെ മുഖം വീഡിയോയില്‍ കാണുന്നില്ല. പിന്നീട് മുഖം വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍, അവര്‍ എന്നെ കൊല്ലുമോ എന്നാണ് അഖില്‍ ചോദിക്കുന്നത്.

ആദ്യം കേസില്‍ ദുരൂഹതയൊന്നും സംശയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് സൃഷ്ടി ഗുപ്ത അറിയിച്ചു. എന്നാല്‍, കുടുംബാംഗങ്ങള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് കാണിച്ച് ഷംസുദ്ദീന്‍ എന്ന അടുത്ത കുടുംബ സുഹൃത്ത് നല്‍കിയ പരാതിയുടേയും, അഖിലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വിഡിയോകളും സംശയം ജനിപ്പിച്ചതിന്റേയും അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഹമ്മദ് മുസ്തഫ, റസിയ സുല്‍ത്താന, അഖിലിന്റെ ഭാര്യ, സഹോദരി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2017-2022 കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു റാസിയ. 2022ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മലേര്‍കോട്ല മണ്ഡലത്തില്‍ പരാജയപ്പെട്ടു.

ആ വീഡിയോ നിര്‍ണായകം

യുവാവിന്റെ മരണത്തിനു പിന്നാലെ, റെക്കോര്‍ഡ് ചെയ്തുവച്ചിരുന്ന വിഡിയോകള്‍ പുറത്തുവന്നതാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഓഗസ്റ്റില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടെന്നു കരുതുന്ന വിഡിയോയില്‍ പിതാവിന് തന്റെ ഭാര്യയുമായി അരുതാത്ത ബന്ധമുണ്ടെന്ന് അഖില്‍ ആരോപിക്കുന്നുണ്ട്. ''ഇതിന്റേതായ സമ്മര്‍ദവും മാനസിക ബുദ്ധിമുട്ടും ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. അവരെന്നെ വ്യാജ കേസുകളില്‍ പെടുത്തുമെന്ന് എപ്പോഴും എനിക്കുതോന്നുന്നു. എനിക്കെതിരായ ഗൂഢാലോചനയില്‍ അമ്മ റാസിയയ്ക്കും സഹോദരിക്കും പങ്കുണ്ട്. വ്യാജകേസില്‍ ജയിലില്‍ ഇടുകയോ കൊല്ലുകയോ ആണ് അവരുടെ പദ്ധതി. എന്റെ ഭാര്യയെ വിവാഹത്തിനുമുന്‍പുതന്നെ പിതാവിന് അറിയാമെന്നാണ് സംശയിക്കുന്നത്. ശരീരത്ത് സ്പര്‍ശിക്കാന്‍ ആദ്യ രാത്രിയില്‍ ഭാര്യ എന്നെ സമ്മതിച്ചില്ല. അവര്‍ എന്നെയല്ല വിവാഹം ചെയ്തത്. എന്റെ പിതാവിനെയാണ്.

എനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നത്. അവരോട് കൃത്യമായി കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരതിന് പല ഭാഷ്യങ്ങള്‍ ചമയ്ക്കും. കുടുംബം എന്നെ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് അയച്ചു. എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഞാന്‍ മദ്യപിച്ചിട്ടില്ലാത്തതിനാല്‍ ഈ തടവ് അന്യായമായിരുന്നു. മനോനില തെറ്റിയ ആളാണെങ്കില്‍ അവര്‍ക്ക് എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയാല്‍പ്പോരെ? പക്ഷേ, അതു ചെയ്തില്ല. എപ്പോഴും സമ്മര്‍ദമാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ബാര്‍ എക്‌സാം പാസായി ഞാനൊരു സംരക്ഷണ ഹര്‍ജി ഫയല്‍ ചെയ്യണോ? കുടുംബം എന്റെ സമ്പാദ്യവും അപഹരിച്ചു. എനിക്ക് ഭ്രാന്താണെന്ന് അവകാശപ്പെട്ട് കുടുംബത്തിന്റെ പ്രതിച്ഛായ നിലനിര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. അവര്‍ക്കെതിരെ എന്തെങ്കിലും നീക്കം നടത്തിയാല്‍ ബലാത്സംഗ, കൊലപാതകക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ ആരെങ്കിലും രക്ഷിക്കണം. എന്റെ മകള്‍ ശരിക്കും എന്റേതുതന്നെയാണോ എന്ന് ഉറപ്പില്ല'' ഒരു വിഡിയോയില്‍ അഖില്‍ പറയുന്നു.

പിന്നാലെ ക്ഷമ ചോദിച്ച് വീഡിയോ

മറ്റൊരു വിഡിയോയില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്റെ മാനസിക പ്രശ്‌നങ്ങള്‍കൊണ്ട് പറഞ്ഞതാണെന്നും പറയുന്നുണ്ട്. ''എനിക്ക് സ്‌കീസോഫ്രീനിയ ഉണ്ട്. കുടുംബാംഗങ്ങള്‍ എല്ലാവരും അങ്ങനെതന്നെയാണ്. എനിക്ക് സുഖമില്ലായിരുന്നതിനാല്‍ ഒന്നും മനസ്സിലായിട്ടില്ല. ഇപ്പോള്‍ എല്ലാം ഭേദമായിട്ടുണ്ട്. ക്ഷമ ചോദിക്കുന്നു. ഇത്രയും മികച്ചൊരു കുടുംബത്തെ കിട്ടിയതിന് ദൈവത്തിന് നന്ദി. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയാം'' ഈ വിഡിയോയില്‍ അഖില്‍ പറയുന്നു. അതേസമയം, ഈ വിഡിയോയില്‍ അഖിലിന്റെ മുഖം കാണുന്നില്ല. എന്നാല്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അഖില്‍ പൊടുന്നനെ ചോദിക്കുന്നു: ''അവരെന്നെ കൊല്ലുമോ? അവരെല്ലാവരും നീചന്മാരാണ്.''

Tags:    

Similar News