രാത്രി വൈകി കോണ്‍ക്രീറ്റ് ചെയ്തത് സ്ഥിരീകരിച്ച് പിഡബ്ല്യൂഡി; ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്നും അഞ്ചടി മാറി ലാന്‍ഡ് ചെയ്തത് സെറ്റാവാത്ത കോണ്‍ക്രീറ്റുള്ളിടത്ത്; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആ ഹെലികോപ്ടര്‍ തള്ളി നീക്കി എത്തിച്ചത് ഉറച്ച പ്രതലത്തിലേക്ക്; മോദിയും പ്രിയങ്കയും വന്നപ്പോള്‍ കോണ്‍ക്രീറ്റ് വേണ്ടിയിരുന്നില്ല; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ താഴുന്നത് ആദ്യമോ? പ്രമാടത്തെ വിവാദം ദേശീയ ചര്‍ച്ചകളില്‍

Update: 2025-10-22 08:02 GMT

പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. ആ നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇത് സെറ്റാവാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിന് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാന്‍ഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

പിഡബ്ല്യുഡിയാണ് ഹെലിപാഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്തത്. എയര്‍ഫോഴ്സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു. രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്‍ക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്നും എയര്‍ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കി. പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതാണ് വിവാദമാകുന്നത് തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സുരക്ഷിതമായിത്തന്നെ ആയിരുന്നു ഇറങ്ങിയത്. എന്നാല്‍ ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. ഇത് ദേശീയ മാധ്യമങ്ങള്‍ അടക്കം വലിയ വാര്‍ത്തയാക്കിയിട്ടുണ്ട്.

രാഷ്ട്രപതിയെയുംകൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലിക്കോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റര്‍ വന്നിറങ്ങാനുള്ള ഹെലിപാഡ് നിര്‍മാണം പൂര്‍ത്തിയായത്. അതുകൊണ്ട് കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. കോണ്‍ക്രീറ്റ് ഇട്ട് 12 മണിക്കൂര്‍ തികയും മുമ്പാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രിയങ്കാ ഗാന്ധി എം.പി, തുടങ്ങിയവരുടെ ഹെലികോപ്റ്ററുകള്‍ പ്രമാടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍, അത് വേനല്‍ക്കാലമായതിനാല്‍ ഹെലിപാഡില്‍ കോണ്‍ക്രീറ്റ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി പ്രമാടത്ത് എത്തിയത്. രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ താഴുന്നത് അത്യപൂര്‍വ്വമാണ്. 9.05-ന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗം രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചു. 11.50-ഓടെ സന്നിധാനത്തെത്തുകയും ചെയ്തു. നിലയ്ക്കലില്‍ നിന്നാണ് തിരുവനന്തപുരത്തേക്കുള്ള രാഷ്ട്രപതിയുടെ മടക്ക യാത്ര. അതുകൊണ്ട് തന്നെ ഇനി രാഷ്ട്രപതി പ്രമാടത്തേക്ക് വരികയുമില്ല. ഹെലികോപ്ടര്‍ താഴ്ന്നത് രാഷ്ട്രപതി ഭവന്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഇതിനിടെയാണ് സുരക്ഷാ പ്രശ്‌നമൊന്നും ഉണ്ടായില്ലെന്ന് ഡിജിപി പറയുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കും ഹെലിപാട് വിലയിരുത്തുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്.

ശബരിമല സന്നിധാനത്ത് ധര്‍മശാസ്താവിനെ ദര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു മടങ്ങുകയും ചെയ്തു. പതിനൊന്നരയോടെ പമ്പയിലെത്തിയ രാഷ്ട്രപതിയും സംഘവും അവിടെനിന്നു കെട്ടു നിറച്ചാണ് മല കയറിയത്. പ്രത്യേക വാഹനത്തിലായിരുന്നു മലകയറ്റം. 15 മിനിറ്റ് കൊണ്ട് സന്നിധാനത്തെത്തിയ രാഷ്ട്രപതി 11.45 ന് പതിനെട്ടാംപടി കയറി. കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം എഡിസി സൗരഭ് എസ്.നായര്‍, പിഎസ്ഒ വിനയ് മാത്തൂര്‍, രാഷ്ട്രപതിയുടെ മരുമകന്‍ ഗണേഷ് ചന്ദ്ര ഹോംബ്രാം എന്നിവരും ഇരുമുടിക്കെട്ടേന്തി പടിചവിട്ടി. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ സന്നിധാനത്തുണ്ടായിരുന്നു. ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ഉടന്‍ മടങ്ങുകയും ചെയ്തു.

Tags:    

Similar News