'അയാള്‍ കഥയെഴുതുകയാണ്!' മോഹന്‍ലാലിന്റെ സിനിമയില്‍ തഹസീല്‍ദാറെങ്കില്‍ നാഗ്പുരില്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍; കേന്ദ്രമന്ത്രി വേദിയിലിരിക്കെ പിച്ചിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥരുടെ പോര്! വീഡിയോ വൈറലായതോടെ വിമര്‍ശനം രൂക്ഷം

Update: 2025-10-26 06:37 GMT

നാഗ്പുര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ വേദിയിലിരിക്കെ പരസ്പരം വഴക്കുണ്ടാക്കുന്ന രണ്ട് ഉന്നത വനിതാ ഉദ്യാഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മോഹന്‍ ലാലും ശ്രീനിവാസനും ഒന്നിച്ച 'അയാള്‍ കഥയെഴുതുകയാണ്' എന്ന സിനിമയില്‍ സ്ഥലംമാറ്റത്തെച്ചൊല്ലി തഹസീല്‍ദാര്‍മാര്‍ തമ്മിലുള്ള പോരാണ് ചിത്രീകരിക്കുന്നതെങ്കില്‍ നാഗ്പുരില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാരുടെ സ്ഥലം മാറ്റമായിരുന്നു. നാഗ്പുരില്‍വച്ച് നടന്ന ചടങ്ങിനിടെയാണ് വനിതാ പോസ്റ്റുമാസ്റ്റര്‍ ജനറല്‍മാര്‍ തമ്മില്‍ സ്ഥലം മാറ്റത്തെ ചൊല്ലിയുള്ള പോര് പരസ്യമായത്.

നാഗ്പുര്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ ശോഭ മദ്ദലെയും നവി മുംബയ് പോസ്റ്റുമാസ്റ്റര്‍ ജനറല്‍ സുചിത ജോഷിയുമായി വഴക്ക് തുടങ്ങിയത്. നാഗ്പുര്‍ പിഎംജി ആയിരുന്ന ശോഭയ്ക്ക് സെപ്തംബര്‍ എട്ടിനാണ് ഘര്‍വാഡിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ നാഗ്പുറിലെ ഇടക്കാല പിഎംജിയായി സുചിതയ്ക്ക് നിയമനവും ലഭിച്ചു. എന്നാല്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയ ശോഭ തിരികെയെത്തി നാഗ്പുരിലെ പദവിയില്‍ തുടര്‍ന്നു. ഇതോടെ പോര് രൂക്ഷമായത്.

ഗഡ്കരി നോക്കിയിരിക്കെ അടുത്തടുത്ത ഇരിപ്പിടത്തില്‍ ഇരിക്കുന്ന സുചിതയും ശോഭയും പരസ്പരം പിച്ചുന്നതും ഇതോടെ ഒരാളുടെ കയ്യിലെ വെള്ളം മറിഞ്ഞ് സീറ്റില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞതോടെ കൈമുട്ട് കൊണ്ട് വീണ്ടും തട്ടുകയും എഴുന്നേറ്റ് മാറിയിരിക്കാന്‍ സുചിതയോട് ശോഭ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. പൊതുവിടത്തില്‍ പോസ്റ്റല്‍ വകുപ്പിനെ നാണംകെടുത്തുകയാണ് ഇരുവരും ചെയ്തതെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ വൈകരുതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ വിഡിയോയ്ക്ക് ചുവടെ ആളുകള്‍ കുറിക്കുന്നത്.



Similar News