പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം നടത്തുമെന്ന് പ്രഖ്യാപനം; കലൂര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നത് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതും മാത്രം; സ്റ്റേഡിയത്തില്‍ അവകാശം വേണമെന്ന് ആന്റോ അഗസ്റ്റിന്‍; 'സ്‌പോണ്‍സര്‍' മെസിയുടെ പേരുപറഞ്ഞ് ലക്ഷ്യമിട്ടത് ഗോട്ടി കളിയല്ല, വലിയ കളികള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയാണ് അര്‍ജന്റീന ടീം നവംബറില്‍ കൊച്ചിയിലെത്തില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. മെസി കേരളത്തില്‍ കളിക്കില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം തന്നെ വ്യക്തമാക്കുകയായിരുന്നു. മെസിയുടെ കേരള സന്ദര്‍ശനം അടുത്ത വിന്‍ഡോയില്‍ നോക്കാമെന്നാണ് ഇപ്പോള്‍ സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ പറയുന്നത്. നടക്കുന്നത് ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണെന്നും അടുത്ത മാര്‍ച്ച് വിന്‍ഡോയിലേക്കുള്ള അപ്ലിക്കേഷന്‍ ഫിഫയ്ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് ആന്റോ പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും പേരുപറഞ്ഞ് ഗോട്ടി കളിയല്ല, വലിയ കളികള്‍ തന്നെയായിരുന്നു സ്‌പോണ്‍സറുടെ ലക്ഷ്യമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ സ്‌പോണ്‍സറുടെ താല്‍പര്യത്തിലാണ് ദുരൂഹത ഉയരുന്നത്. അര്‍ജന്റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തില്‍ അവകാശം വേണമെന്നാണ് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ ആവശ്യം അന്നേ തള്ളിയ ജിസിഡിഎ, വീണ്ടും മത്സരം കൊണ്ടുവന്നാല്‍ പരിഗണന മാത്രം നല്‍കാമെന്ന നിലപാടിലാണ്. വിവിഐപി ഗാലറികള്‍, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തല്‍, പുറമേയുള്ള അറ്റകുറ്റപ്പണികള്‍ എല്ലാം ഉടന്‍ പൂര്‍ത്തിയാക്കും, അര്‍ജന്റീനയുടെ മത്സരത്തിനുശേഷം മറ്റ് രാജ്യാന്തര മത്സരങ്ങള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാം തുടങ്ങിയവയായിരുന്നു സ്‌പോണ്‍സറുടെ അവകാശവാദങ്ങള്‍. സ്റ്റേഡിയത്തില്‍ തുടര്‍ന്നും അവകാശം വേണമെന്ന ആവശ്യവും ഇതോടൊപ്പം സ്‌പോണ്‍സര്‍ സര്‍ക്കാറിനു മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ജിസിഡിഎ ഒരു മത്സരത്തിന് മാത്രമാണ് സ്റ്റേഡിയം വിട്ടുനല്‍കിയതെന്നും മറ്റൊരു കരാറുമില്ലെന്നും ആളുകള്‍ക്ക് എന്തും ആവശ്യപ്പെടാമല്ലോയെന്നുമാണ് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള പ്രതികരിച്ചത്.
നവംബറില്‍ കളി നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണവും താളം തെറ്റി. പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം വേഗത്തിലാക്കും എന്നായിരുന്നു സ്‌പോണ്‍സറുടെ പ്രഖ്യാപനമെങ്കിലും സ്റ്റേഡിയത്തിന് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതുമാണ് നിലവില്‍ പൂര്‍ത്തിയായ പണി. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ആണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കിയതെന്നും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ഉണ്ടല്ലോയെന്നുമാണ് ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്. എന്നാല്‍ അര്‍ജന്റീന മത്സരത്തെക്കുറിച്ചുള്ള സ്‌പോണ്‍സറുടെ പല പ്രഖ്യാപനങ്ങളും സംശയത്തിനിടവരുത്തിയിരുന്നു. പക്ഷേ നേടാന്‍ ഉദ്ദേശിച്ചിരുന്ന കാര്യം ചെറുതൊന്നുമല്ലെന്നാണ് ഗ്രൗണ്ടിന് പുറത്ത് സ്‌പോണ്‍സര്‍ നടത്തിയ നീക്കത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വ്യക്തമാകുന്നത്.
നവംബറില്‍ രാജ്യാന്തര സൗഹൃദമത്സരം കളിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കില്ലെന്ന് ഉറപ്പായിരുന്നു. നവംബറിലെ മത്സരം അംഗോളയിലാണു നടക്കുകയെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) സ്ഥിരീകരിച്ചു. ലയണല്‍ മെസ്സി നായകനായ ടീം നവംബര്‍ 17ന് ഓസ്‌ട്രേലിയയുമായി കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ സൗഹൃദമത്സരം കളിക്കുമെന്ന തരത്തില്‍ സര്‍ക്കാരും സ്‌പോണ്‍സറും നടത്തിവന്ന പ്രഖ്യാപനങ്ങളാണ് ഇതോടെ പൊളിഞ്ഞത്. കൊച്ചി സ്റ്റേഡിയത്തിന് ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസമാണ് മത്സരം മാറ്റാനുള്ള കാരണമെന്ന് സ്‌പോണ്‍സര്‍ പ്രതികരിച്ചു. ഓസ്‌ട്രേലിയയുടെ നവംബറിലെ സൗഹൃദ മത്സരങ്ങള്‍ കൊളംബിയ, വെനസ്വേല ടീമുകള്‍ക്കെതിരെ യുഎസില്‍ നടക്കുമെന്ന് ഫുട്‌ബോള്‍ ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്റോ പറഞ്ഞത്:
'ഫിഫാ വിന്‍ഡോയില്‍ ഉള്ള മാച്ച് ഫിഫ അപ്രൂവല്‍ ഇല്ലാതെ നടക്കില്ല. ആ അപ്രൂവല്‍ എടുക്കാനുള്ള മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അപ്രൂവല്‍ കിട്ടിയാല്‍ കളി നടക്കും. ഞങ്ങളും സര്‍ക്കാരും ഗൗരവമായി തന്നെയാണ് ഇതിനെ കൈകാര്യം ചെയ്തത്. അത്രയും മുതല്‍മുടക്ക് ചെയ്യുന്നതും അതുകൊണ്ട് തന്നെയാണ്. നവംബറിലെ കളിക്ക് ഫിഫ അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ച് വിന്‍ഡോയിലേക്കുള്ള ആപ്ലിക്കേഷന്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് വിന്‍ഡോയില്‍ കളി നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഗോട്ടി കളിയല്ല, അന്താരാഷ്ട്ര മത്സരമാണ് നടക്കുന്നത്. അതിന് വേണ്ടിയാണ് ഒരു സ്റ്റേഡിയം നവീകരിച്ച്, ഫിഫയുടെ അപ്രൂവല്‍ എടുത്ത്, ചര്‍ച്ചകള്‍ നടത്തിയതെല്ലാം. ഫിഫയാണ് മത്സരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്ന് 500 വട്ടം പറഞ്ഞതാണ്. ഫിഫ അനുമതിയില്ലാതെ ഒന്നും നടക്കില്ല.'
'നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് കണ്ടിട്ടുണ്ട്. നിങ്ങള്‍ ചിലര്‍ മാത്രമാണ് അതൊന്നും കാണാത്തത്. കേരളത്തില്‍ മെസ്സിയെ കൊണ്ടുവരിക മാത്രമല്ല ലക്ഷ്യം. ഫിഫ അംഗീകാരത്തോടെ ഒരു രാജ്യാന്തര സൗഹൃദ മത്സരം നടത്തുകയാണ് ലക്ഷ്യം. അത് നമ്മുട ഫുട്‌ബോളിന്റെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടാണ്. ഫിഫ നിലവാരത്തിലുള്ള രാജ്യാന്തര സ്റ്റേഡിയം ആക്കാനാണ് ലക്ഷ്യമിടുന്നത്'. ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
നവംബറില്‍ കളിച്ചില്ലെങ്കില്‍ പിന്നെ ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞിരുന്നില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അല്ലെ അന്ന് അത് പറഞ്ഞതെന്നും തനിക്ക് തീരുമാനം മാറ്റാലോ എന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ മറുപടി. നവംബറില്‍ ഇല്ലെങ്കില്‍ ഡിസംബറില്‍ ഇന്ത്യയില്‍ ഒരു നഗരത്തിലും അര്‍ജന്റീന വരില്ലെന്ന് നേരത്തെ പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോള്‍ അന്ന് കരാര്‍ പ്രകാരമുള്ളത് നടക്കില്ലെന്ന് കരുതി പറഞ്ഞതാണെന്നും ഇന്ന് ടീം താനുമായി നന്നായി സഹകരിക്കുന്നുണ്ടെന്നും അതുകൊണ്ട് അന്ന് മാര്‍ച്ച് മാസത്തില്‍ കളിക്കേണ്ടെന്ന് പറഞ്ഞ തീരുമാനം ഇപ്പോള്‍ മാറ്റിയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
