'ജിസിഡിഎയുമായി കരാറില്ല; എന്നെ സമീപിച്ചത് എസ്‌കെഎഫ്; കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി പേരില്‍ എഴുതി നല്‍കില്ല; എനിക്ക് ഒരു അജണ്ടയുമില്ല; ടിക്കറ്റ് വിറ്റിട്ടില്ല; ആരോടും പൈസ വാങ്ങിയിട്ടില്ല; എല്ലാം ഫ്രീ ആയി ചെയ്യുന്നു; കളി നടന്നില്ലെങ്കില്‍ എനിക്ക് വലിയ നഷ്ടം വരും'; വിവാദങ്ങള്‍ക്കിടെ ന്യായികരണവുമായി ആന്റോ അഗസ്റ്റിന്‍
വിവാദങ്ങള്‍ക്കിടെ ന്യായികരണവുമായി ആന്റോ അഗസ്റ്റിന്‍
കൊച്ചി: ലയണല്‍ മെസ്സിയും അര്‍ജന്റീനിയന്‍ ടീമും നവംബറില്‍ വരില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മാണങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ ന്യായികരണവുമായി സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍. കലൂര്‍ സ്‌റ്റേഡിയത്തില്‍ രാജ്യാന്തര നിലവാരത്തിലാണ് പുനര്‍നിര്‍മാണം നടക്കുന്നതെന്നും എഴുപത് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും ആന്റോ അഗസ്റ്റിന്‍ അവകാശപ്പെട്ടു. കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. അര്‍ജന്റീനയുടെ മത്സരം മാറ്റിവച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാക്കി മത്സരം നടത്താനുള്ള കരാര്‍ നവംബര്‍ 30 വരെയാണ്. അതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറും. സ്റ്റേഡിയത്തിലെ ഓരോ നിര്‍മാണവും ജിസിഡിഎയുടെയും എസ്‌കെഎഫിന്റെയും അനുമതിയോടെയാണ്. ഫിഫ നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
സ്റ്റേഡിയത്തില്‍ എഴുപത് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രാജ്യാന്തര നിലവാരത്തിലാണ് പുനര്‍നിര്‍മാണം. സ്റ്റേഡിയത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കസേരകള്‍ മുഴുവന്‍ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം മുഴുവന്‍ പെയിന്റ് ചെയ്തു. രാജ്യാന്തര നിലവാരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് മറ്റൊരു ഭാഗത്ത് കൂടി നടക്കുന്നുണ്ട്. ബാത്റൂമുകള്‍ ഉള്‍പ്പെടെ മാറ്റിപ്പണിയുകയാണ്. സ്റ്റേഡിയത്തില്‍ 38 എര്‍ത്തുകളുടെ ആവശ്യമുണ്ട്. ഇവിടെ ഒരു എര്‍ത്ത് പോലുമില്ല എന്നതാണ് വാസ്തവം. ഒരു എര്‍ത്തിന് ഒരു കോടി രൂപയെങ്കിലും ആവശ്യമായി വരും. അത് ഉടന്‍ സ്ഥാപിക്കും. ഇതടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
കൊച്ചി സ്റ്റേഡിയത്തിന് ഫിഫ അപ്രൂവല്‍ ലഭിക്കുക എന്നതിനാണ് പ്രാധാന്യം. അതിനായാണ് മുന്നിട്ടിറങ്ങിയത്. ലാഭം കൊയ്യാന്‍ ഉദ്ദേശമില്ല. കേരളത്തില്‍ പണം മുടക്കുന്നവരെ ലാഭം കൊയ്യുന്നവരായാണ് ചിലര്‍ കാണുന്നത്. കളി നടന്നില്ലെങ്കില്‍ നഷ്ടമുണ്ടാകാം. സ്റ്റേഡിയത്തിന്റെ പണിയില്‍ അപാകതയുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാം. ജിസിഡിഎയുടെ കീഴിലുള്ള സ്റ്റേഡിയമാണ്. പണം മുടക്കുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. എസ്‌കെഎഫാണ് തന്നെ സമീപിച്ചത്. സ്റ്റേഡിയം നവീകരിക്കുന്ന എന്നതാണ് ലക്ഷ്യം. സ്റ്റേഡിയത്തിന്റെ വര്‍ക്ക് നിര്‍ത്തിവെച്ചിട്ടില്ല. ഫിഫ നിര്‍കര്‍ഷിക്കുന്ന നിലവാരത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ ഫിഫയുടെ അപ്രൂവല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
നമ്മളെ സംബന്ധിച്ചിടത്തോളം നവംബര്‍ മുപ്പതാംതീയതിക്ക് ഉള്ളില്‍ വര്‍ക്ക് തീര്‍ത്ത് കളിക്ക് അനിയോജ്യമായ രീതിയില്‍ കൈമാറുക എന്നതാണ്. പതിനേഴാം തീയതി കളി ഉണ്ടായിരുന്നെങ്കില്‍ അതിന് മുമ്പ് വര്‍ക്ക് മുഴുവന്‍ തീര്‍ത്ത് മത്സരം തീര്‍ന്ന ശേഷം അവര്‍ക്ക് കൈമാറുക എന്നതായിരുന്നു. ഇപ്പോഴത്തെ അജണ്ട എന്ന് പറയുന്നത് നവംബര്‍ മുപ്പതിന് ഉള്ളില്‍ ഈ സ്റ്റേഡിയത്തിന്റെ വര്‍ക്ക് മുഴുവന്‍ പൂര്‍ത്തീകരിച്ച് കൈമാറും. അര്‍ജന്റീന അസോസിയേഷനുമായി ബന്ധപ്പെട്ട് ഇത് ഒരു ഗവര്‍മെന്റ് പ്രോജക്ടാണ്. ഞാന്‍ രണ്ടാമത്തെ സ്‌പോണ്‍സര്‍ ആണ്. ആദ്യത്തെ സ്‌പോണ്‍സര്‍ വന്നശേഷം ആദ്യം തിരുവനന്തപുരം സ്റ്റേഡിയം തീരുമാനിക്കുകയും പിന്നീട് കൊച്ചി സ്റ്റേഡിയത്തിലേക്ക് മാറ്റുകയുമായിരുന്നു. തിരുവനന്തപുരത്തെ സ്റ്റേഡിയം ഒരു ക്രിക്കറ്റ് സ്റ്റേഡിയം ആയതിനാല്‍ അവിടെ ഫിഫ റാങ്കിങ് കിട്ടുക ബുദ്ധിമുട്ടായിരുന്നു. കൊച്ചി സ്റ്റേഡിയത്തിന് ഫിഫ അപ്രൂവല്‍ ഇല്ലാത്തതിനാല്‍ കൊച്ചി സ്റ്റേഡിയത്തിന് ഫിഫ റാങ്കിങ് കിട്ടാന്‍ വേണ്ടി അത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമായിരുന്നു. ഇത് ഒരു മാസം കൊണ്ട് തീരണമെന്നില്ല. അത് എന്നോട് ചോദിച്ചപ്പോഴാണ് നടത്താന്‍ ഇറങ്ങിയത്.
എനിക്ക് ഇതില്‍ അജണ്ടയില്ല. എന്താ ലാഭം കൊയ്യാനുള്ളത്, അങ്ങനെ ഒരു ലാഭം ഒന്നും ഇല്ല. കേരളത്തില്‍ പണം മുടക്കുന്നവര്‍ ഒക്കെ ലാഭം കൊയ്യുന്നതായിരിക്കും കണ്ടിട്ടുള്ളത്. പക്ഷെ എന്റെ മനസില്‍ അങ്ങനെ ഇല്ല. ഞാന്‍ ഇറങ്ങിതിരിച്ചത് കേരളത്തില്‍ ഒരു ഇന്റര്‍നാഷ്ണല്‍ ഫുട്‌ബോള്‍ മത്സരം കൊണ്ടുവരണം. കേരളത്തിലെ ഫുട്‌ബോള്‍ ഡവലപ് ചെയ്യണം. കായിക മേഖല വികസിക്കണം, ടൂറിസം വികസിക്കണം അതാണ് ഉദ്ദേശം. ആ ഉദ്ദേശത്തിനായി ഞാന്‍ പണം മുടക്കിയിട്ട് കളി നടന്നില്ലെങ്കില്‍ ഞാന്‍ സഹിച്ചോളാം. കളി നടന്നില്ലെങ്കില്‍ എനിക്ക് വലിയ നഷ്ടം ഉണ്ടാകും. ഞാന്‍ ഒരാളുടെയും ഒരു പൈസയും വാങ്ങിയിട്ടില്ല. ഒരു ടിക്കറ്റും വിറ്റിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം കൊച്ചി ഇന്റര്‍നാഷ്ണല്‍ സ്‌റ്റേഡയത്തെ ഉയര്‍ത്തുക എന്നതാണ്. ഈ സ്‌റ്റേഡിയത്തിലെ വര്‍ക്കില്‍ എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ നിങ്ങള്‍ ചൂണ്ടിക്കാണിച്ചോ. അതുംകൂടി ഈ മുപ്പത്തിയൊന്നിനകം പൂര്‍ത്തിയാക്കും.
ഇത് ജിസിഡിഎയുടെ അണ്ടറിലുള്ള സ്റ്റേഡിയമാണ്. ഇത് ആരെങ്കിലും ഒരാള് ഡെവലപ് ചെയതാലല്ലെ പറ്റുകയുള്ളു. ഇത് ഡെവലപ് ചെയ്യുന്നത് ആരാണ്. ജിസിഡിഎ തന്നെയാണ്. ജിസിഡിഎ അപ്രൂവല്‍ നല്‍കിയത് ഞാന്‍ നടപ്പാക്കുന്നു. ഫ്‌ലെഡ് ലൈറ്റ് കാറ്റുപിടിച്ചാല്‍ താഴെ പോകുന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ നോക്കിക്കോളു. രണ്ടെണ്ണത്തിന്റെ വര്‍ക്ക് പൂര്‍ത്തിയായി. ഉത്തരവാദിത്തമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഈ ഫ്‌ലെഡ് ലൈറ്റ് ഇങ്ങനെ നില്‍ക്കുമായിരുന്നോ? ജിസിഡിഎ പറഞ്ഞത് ഈ കാറ്റഗറിയിലുള്ള ഫ്‌ലെഡ് ലൈറ്റാണ് വേണ്ടതെന്ന്. അത് ഞാന്‍ ഫ്രീ ആയിട്ട് ചെയ്ത് കൊടുക്കുകയാണ്. ജിസിഡിഎയ്ക്ക് വേണ്ടി സ്റ്റേഡിയത്തിന്റെ നവീകരണം റിപ്പോര്‍ട്ടര്‍ ടീവി ഫ്രീ ആയിട്ട് മുടക്കുന്നു. വേറെ ഒന്നുമില്ല. നവംബര്‍ മുപ്പതാം തീയതി വരെ ഇതിന്റെ നവീകരണത്തിനായി എസ്‌കെഎഫിനെ ഏല്‍പ്പിച്ചിട്ടുണ്ട്. എസ്‌കെഎഫ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു. ഞാനും ജിസിഡിഎയുമായി കരാറില്ല. എസ്‌കെഎഫ് ആണ് കളി നടത്തേണ്ട അതോറിറ്റി. അവരുമായിട്ടാണ് കരാര്‍. നമുക്ക് ഒരു വിവാദം ഉണ്ടാക്കണമെങ്കില്‍ ആ വിവാദം കൊണ്ട് സര്‍ക്കാരിന് ഒരു നഷ്ടം ഉണ്ടാകേണ്ടെ. എവിടെയാണ് നഷ്ടം. നഷ്ടം എനിക്ക് മാത്രമെ ഉണ്ടാകുകയുള്ളു. നമ്മളെ സംബന്ധിച്ചിടത്തോളം നല്ല സ്‌റ്റേഡിയം ഇവിടെ ഉണ്ടാകേണ്ടത്. ഈ വിവാദം ഒന്നും എന്നെ ബാധിക്കുന്ന കാര്യമില്ല.
നവംബര്‍ പതിനേഴിന് മത്സരം നടത്തുന്നതിന് വേണ്ടി സ്റ്റേഡിയം നവീകരിക്കുമെന്നാണ് നേരത്തേ പറഞ്ഞത്. സ്റ്റേഡിയം നവീകരിക്കുന്നതിന് ആര്‍ക്കാണ് നഷ്ടമെന്ന് ആന്റോ അഗസ്റ്റിന്‍ ചോദിച്ചു. സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി തന്റെ പേരില്‍ എഴുതി നല്‍കില്ല. മെസി വരില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.അടുത്ത വിന്‍ഡോയിലേക്ക് കളി മാറ്റിവെയ്ക്കുമെന്നാണ് പറഞ്ഞത്. അര്‍ജന്റീന ടീമിനെ കൊണ്ടുവരില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കില്‍ അങ്ങനെ നടക്കട്ടെയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
നാടിന് എന്തെങ്കിലും ഗുണം ഉണ്ടാകുന്ന കാര്യം ചെയ്യണമെന്ന് കരുതിയാണ് ഇതിലേക്ക് ഇറങ്ങിയത്. മെസിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവിനായി 130 ലധികം കോടി ഇതിനകം ചെലവഴിച്ചു. ആ പണം അര്‍ജന്റീന തിരികെ നല്‍കാത്ത സാഹചര്യമില്ല. ആ രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. വിഷയത്തില്‍ വിവാദമുണ്ടാക്കാനില്ല. നാടിന്റെ വികനത്തിന് ഉണ്ടാകുന്ന നേട്ടത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ കഴിയില്ല. പ്രോട്ടോക്കോള്‍ പാലിച്ചോ ഇല്ലയോ എന്ന് നോക്കേണ്ട കാര്യമില്ല. ചെയ്ത കാര്യങ്ങള്‍ക്കെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മെസിയെ മാത്രം കൊണ്ടുവന്നാലോ എന്ന് ആലോചിക്കുന്നുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മെസിയെ മാത്രം കൊണ്ടുവരും. മാര്‍ച്ച് വരെ സമയമുണ്ട്. സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ നടക്കട്ടെയെന്നും ആന്റോ അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം കലൂര്‍ സ്റ്റേഡിയം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹിമാന്‍ ജിസിഡിഎയ്ക്ക് നല്‍കിയ കത്ത് ഇതിനിടെ പുറത്തുവന്നു. ഈ കത്ത് പരിഗണിച്ചാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടഷന് സ്റ്റേഡിയം കൈമാറാന്‍ തീരുമാനിച്ചത്. അര്‍ജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതിനുള്ള എസ്പിവി ആയിട്ടാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനെ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. കായിക വകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മറ്റൊരു സംവിധാനമാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍. ഇവര്‍ക്കാണ് ജിസിഡിഎ സ്റ്റേഡിയം വിട്ടു നല്‍കിയത്.
എന്നാല്‍ ജിസിഡിഎ സ്റ്റേഡിയം വിട്ടുനല്‍കുമ്പോള്‍ വ്യവസ്ഥകളോടെയുള്ള കരാര്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ജിസിഡിഎയ്ക്ക് തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സൂചന. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി സ്‌പോണ്‍സര്‍ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സ്റ്റേഡിയം വിട്ടു നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെ എന്ന് ഇനിയും പുറത്തുവന്നിട്ടില്ല. ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൂടുതല്‍ വ്യക്തമായേക്കുമെന്നാണ് കരുതുന്നത്.
മെസിയും സംഘവവും വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും നിര്‍മ്മാണ പ്രവൃത്തികളെന്ന പേരില്‍ പൊളിച്ചിട്ടിരിക്കുകയാണ്. കസേരകള്‍ നീക്കി പുതിയത് വെക്കുന്ന ജോലികള്‍ നടക്കുന്നുണ്ട്. ഫ്‌ലഡ് ലൈറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്റ്റേഡിയത്തിന് പുറത്തെ മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍ അര്‍ജന്റീന ടീം ഈ വര്‍ഷത്തില്‍ എത്തില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് എന്തൊക്കെ കാര്യങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത് എന്നതും ചോദ്യചിഹ്നമാണ്. മാര്‍ച്ചില്‍ അജന്റീനന്‍ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സ്‌പോണ്‍സറുടെ വാഗ്ദാനം. എന്നാല്‍ മത്സരം ഇനി നടക്കില്ല എന്നുവന്നാല്‍ പൊളിച്ചിട്ട സ്റ്റേഡിയത്തിന്റെ ഭാവി എന്താകും എന്നതും ചോദ്യചിഹ്നമാണ്.
