കരാറില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റി പണം ഉണ്ടാക്കി 'കലൂര്‍ കൊള്ള'; മുട്ടില്‍ മരം മറിയും മാഗോ ഫോണ്‍ തട്ടിപ്പും എല്ലാം അറിഞ്ഞിട്ടും കരാര്‍ ഒപ്പിടാതെ സ്റ്റേഡിയത്തില്‍ എല്ലാ അവസരവും നല്‍കി; സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷന്റെ മറവില്‍ കരാര്‍ ഏറ്റെടുത്തത് ആരെന്നതും അജ്ഞാതം; മെസി വന്നില്ലെങ്കിലും ചിലരുടെ പോക്കറ്റ് നറഞ്ഞു; വെട്ടിലായി ഗ്രേറ്റര്‍ കൊച്ചി അഥോറിട്ടി! ആ മുതാളിയെ പോലെ ഈ സര്‍ക്കാര്‍ സംവിധാനവും പറ്റിക്കപ്പെട്ടു

Update: 2025-10-28 04:33 GMT

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെ. ഒരു കരാറും ഇല്ലാതെയാണ് സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കിയത്. മുട്ടില്‍ മരം മുറിയിലും മാംഗോ ഫോണ്‍ തട്ടിപ്പും നടത്തിയ കേസിലെ പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കൈമാറ്റം അങ്ങനെ വിവാദത്തിലാകുകയാണ്. സ്‌റ്റേഡിയം നവീകരണത്തിന് എന്നു പറഞ്ഞ് കസേരയും മറ്റും ഇളക്കി മാറ്റി. പണികളെല്ലാം പാതി വഴിയിലാണ്. സ്റ്റേഡിയം പഴയ പടിയാക്കാതെ തിരിച്ചു നല്‍കിയാല്‍ പോലും ഗ്രേറ്റര്‍ കൊച്ചി ഡെവലപ്പ്‌മെന്റ് അഥോറിട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജിസിഡിഎക്കും (ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയാണ് ഇത്.

ഈ മാസം ഒന്‍പതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്. ജിസിഡിഎ, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, സ്‌പോണ്‍സര്‍ എന്നിവര്‍ ചേര്‍ന്ന് ത്രികക്ഷി കരാറിലേക്ക് പോകാനാണ് യോഗത്തില്‍ ധാരണ ഉണ്ടാക്കിയത്. എറണാകുളത്തു നിന്നുള്ള മന്ത്രി പി. രാജീവ് അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഈ ത്രികക്ഷി കരാറിന് ധാരണ ഉണ്ടാക്കിയതല്ലാതെ കരാര്‍ ഒപ്പിട്ടില്ല. കരാര്‍ ഒപ്പിടാതെ തന്നെ പണികളിലേക്ക് പോയി. അവിടെ പണികള്‍ ചെയ്തിരിക്കുന്നത് സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ്. സര്‍ക്കാരിന് കീഴിലുള്ള കമ്പനിയാണ് ഇത്. സ്‌പോര്‍ട്‌സ് രംഗത്തെ നിര്‍മ്മാണം ചെയ്യുന്നത് ഈ ഫൗണ്ടേഷനാണ്. കായിക ജോലികള്‍ മറ്റ് ഏജന്‍സികള്‍ക്ക് വകമാറ്റി നല്‍കാനുളള നീക്കമാണ് ഈ ഫൗണ്ടേഷന്റെ രൂപികരണത്തില്‍ അടക്കം ഉണ്ടായത്. സമാനമായി കൊച്ചിയിലെ ജോലികള്‍ ആരാണ് ചെയ്യുന്നതെന്നത് നിര്‍ണ്ണായകമാണ്. മരം മുറിച്ച് മാറ്റിയത് അടക്കം കരാറില്ലാതെയാണ്. ഈ മരം വിറ്റു കാണാനും സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ കൊച്ചിയിലെ സ്‌റ്റേഡിയം നവീകരണത്തിലൂടെ ആര്‍ക്കോ സാമ്പത്തിക ലാഭവവും ഉണ്ടായി. കരാറില്ലാത്തതു കൊണ്ടു തന്നെ ഇനി പണി ചെയ്തില്ലെങ്കിലും കുഴപ്പമില്ല.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത് 24-ാം തീയതിയാണ്. അപ്പോഴേക്കും അര്‍ജന്റീന ടീം നവംബറില്‍ വരില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. അതിനുശേഷം ത്രികക്ഷി കരാറിന്റെ കാര്യത്തില്‍ എന്ത് നടപടി ഉണ്ടായി എന്നത് ഇപ്പോഴും വ്യക്തമല്ല. 24ന് മുമ്പ് തന്നെ കേരളത്തിലെ മാധ്യമങ്ങള്‍ മെസി വരില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴും അതൊന്നും സ്‌പോണ്‍സര്‍ സമ്മതിച്ചില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തു. പണികള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. ഈ യോഗത്തിലും കരാര്‍ ഒപ്പിടല്‍ നടന്നില്ല. അതുകൊണ്ട് തന്നെ സ്റ്റേഡിയം വാടകയ്ക്ക് എടുത്ത ഇനത്തില്‍ പോലും സ്‌പോണ്‍സര്‍മാര്‍ക്ക് പണം പോയില്ലെന്ന് വേണം മനസ്സിലാക്കാന്‍. അങ്ങനെ ഒരു പണവും മുടക്കാതെ മരങ്ങള്‍ മുറിച്ചു മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടായ തീരുമാനത്തിന്റെ ഫലമായി ഉണ്ടായ മിനിറ്റ്‌സ് പരിശോധനയ്ക്കായി നിയമവകുപ്പില്‍ പോലും എത്തിയില്ല. ഈ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമ വകുപ്പും പരിശോധിച്ചില്ലെന്ന് സാരം.

ത്രികക്ഷി കരാറിന് ധാരണ ഉണ്ടായി എന്നതിനപ്പുറത്ത് കരാര്‍ ഒപ്പിടാതെയാണ് സ്റ്റേഡിയത്തിലെ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നടന്നുകൊണ്ടിരിക്കുന്നത്. കരാറില്ലാത്ത സാഹചര്യത്തിലും സ്റ്റേഡിയത്തില്‍ വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്‌പോണ്‍സര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിന്റെ പിച്ച് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും പുതുക്കിപ്പണിയുകയാണ്. കസേരകള്‍ പൂര്‍ണ്ണമായും ഇളക്കി മാറ്റി. അതോടൊപ്പം ഫ്‌ലഡ് ലൈറ്റുകളും പൂര്‍ണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. നവംബര്‍ 30-നകം സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കാമെന്ന വാഗ്ദാനമാണ് സ്‌പോണ്‍സറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മെസി വരാത്ത സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ ഇതു ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലാണ്. ഇത് ആര്‍ക്കെങ്കിലും കൈമാറണമെങ്കില്‍ കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിക്കണം. വാടക ഒഴിവാക്കി കൊടുക്കണമെങ്കില്‍ പോലും തദ്ദേശ ഭരണ വകുപ്പിന്റെ തീരുമാനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിര്‍മ്മാണ പ്രവൃത്തികള്‍ സ്‌പോണ്‍സര്‍ നിര്‍ത്തിയാല്‍, ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്ക് മേല്‍ ചുമത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരും ജിസിഡിഎയും. കരാറില്ലാതെ ഒരു പൊതുമുതല്‍ നിര്‍മ്മാണത്തിന് വിട്ടുകൊടുത്തതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഇപ്പോള്‍ ജിസിഡിഎയിലെത്തും.

മത്സരത്തിന്റെ കോര്‍ഡിനേഷന്‍ ചുമതലയ്ക്കായി സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനെയാണ് എസ്പിവി ആയി നിശ്ചയിച്ചത്. ഈ ഫൗണ്ടേഷന്‍ കായിക വകുപ്പിന് കീഴിലുള്ള സംവിധാനമാണ്. അതിനാല്‍, സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതിന് പിന്നിലെ കരാറും ഉറപ്പും എന്താണെന്ന് വ്യക്തമാക്കേണ്ടത് കായികമന്ത്രി വി. അബ്ദുറഹ്‌മാനും ഉണ്ട്. കേരളത്തിലെ പ്രധാന മുതലാളിയില്‍ നിന്നും ശതകോടികള്‍ മെസിയുടെ വരവുമായി നഷ്ടമായിട്ടുണ്ട്. സ്‌പോണ്‍സര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താമെന്ന വാക്കു വിശ്വസിച്ചായിരുന്നു ഈ മുതല്‍ മുടക്ക്. ഇതിനൊപ്പമാണ് ഗ്രേറ്റര്‍ കൊച്ചി അഥോറിട്ടിയ്ക്കും കൊച്ചി സ്‌റ്റേഡിയത്തിലൂടെ നഷ്ടമുണ്ടാകുന്നത്.

Tags:    

Similar News