മൂന്നു പേരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കള്‍; സൗഹൃദം പ്രണയമായതോടെ യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് യുവാവ്; പിന്തുണച്ച് കുടുംബങ്ങള്‍; വിവാഹ വേദിയില്‍ വരന്റെ പ്രതിജ്ഞ; വീഡിയോ പ്രചരിച്ചതോടെ വിമര്‍ശനം

Update: 2025-10-30 09:55 GMT

ചിത്രദുര്‍ഗ: സൗഹൃദം പ്രണയമായി മാറുന്നതും വിവാഹിതരാകുന്നതും സിനിമയിലും ജീവിതത്തിലും ഒട്ടേറെ തവണ കണ്ടിട്ടുണ്ട്. എന്നാല്‍, ഉറ്റസുഹൃത്തുക്കളായ രണ്ട് യുവതികളെ ഒരേ വേദിയില്‍വെച്ച് ഒരുമിച്ച് വിവാഹം ചെയ്ത് സ്വന്തമാക്കിയിരിക്കുകയാണ് യുവാവ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ 25-കാരന്‍ വസീം ഷെയ്ഖാണ് സുഹൃത്തുക്കളായ ഷിഫ ഷെയ്ഖിനേയും ജന്നത്ത് മഖന്ദറിനേയും ജീവിതപങ്കാളികളാക്കിയത്. ഒക്ടോബര്‍ 16-ന് ചിത്രദുര്‍ഗയിലെ ഹൊറാപ്പേട്ടിലെ എംകെ പാലസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.രണ്ടാഴ്ച്ച മുമ്പ് നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.

യുവതികള്‍ ഒരുപോലെയുള്ള വസ്ത്രം ധരിച്ചാണ് വേദിയിലെത്തിയത്. മൂന്നു പേരും ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്തോഷത്തോടെ വരവേല്‍ക്കുന്നത് വീഡിയോയില് കാണാം. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. മൂന്നു പേരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണെന്നും കാലക്രമേണ ബന്ധത്തിന്റെ ആഴം കൂടിയതോടെ മൂന്നുപേരും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

വിവാഹച്ചടങ്ങില്‍ ഒരേ വേഷം ധരിച്ചെത്തിയ യുവതികള്‍ വരനോടൊപ്പം സന്തോഷത്തോടെ കൈപിടിച്ചു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൂന്നു കുടുംബങ്ങളുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹച്ചടങ്ങുകളിലുടനീളം സന്തോഷത്തോടെയാണ് മൂവരും ഫോട്ടോകള്‍ക്ക് പോസ് ചെയ്തതും ആ ദിവസത്തെ സന്തോഷ പൂര്‍ണമാക്കിയതും.

മൂവരും ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നും ആഴത്തിലുള്ള വൈകാരിക ബന്ധം അവര്‍ തമ്മിലുണ്ടെന്നും തമ്മില്‍ പിരിയുന്നത് ബുദ്ധിമുട്ടായതുകൊണ്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിയതാണെന്നുമാണ് ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ജീവിത കാലം മുഴുവന്‍ തുല്യ ബഹുമാനവും പ്രതിബദ്ധതയും ഇരുവര്‍ക്കും ഉറപ്പാക്കുമെന്നും വിവാഹവേദിയില്‍ വച്ച് വസീം പ്രതിജ്ഞ ചെയ്തു.

ബഹുഭാര്യാത്വം ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയമല്ലെങ്കിലും ചിലയിടങ്ങളില്‍ അതിന്നും പിന്തുടരുന്നുണ്ട്. അടുത്തിടെ തെലങ്കാനയിലും ഗുജറാത്തിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്നുപേര്‍ക്കും പ്രശ്‌നങ്ങള്‍ തോന്നുന്നില്ലെങ്കില്‍ അത് സന്തോഷകരമായ കാര്യമല്ലേയെന്ന് ഒരു കൂട്ടര്‍ ഇവരെ പിന്തുണയ്ക്കുമ്പോള്‍, അസ്വാഭാവികമായ ഈ വിവാഹരീതിയിലൂടെ ഇവര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കാന്‍ പോകുന്നതെന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം.

പെണ്‍കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്ന രീതിയിലും ചിലര്‍ പ്രതികരിച്ചു. ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിച്ചിട്ടു തന്നെയാണോ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ അസ്വാഭാവിക കാര്യത്തിന് അവരെ പിന്തുണയ്ക്കുന്നതെന്നാണ് മറ്റു ചിലരുടെ സംശയം.

Tags:    

Similar News