മോഹന്‍ലാല്‍ ദുബായില്‍; കമല്‍ഹാസനും വ്യക്തിപരമായ തിരക്കുകള്‍; അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ ഇരുവരും പങ്കെടുക്കില്ല; മമ്മൂട്ടി ചടങ്ങിലെ മുഖ്യാതിഥി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നടത്തും. 2021ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ തുടക്കത്തില്‍ തന്നെ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 3 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മറ്റ് വകുപ്പ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും നടത്തും.