35000 അടി ഉയരത്തിൽ മണിക്കൂറിൽ ഏകദേശം 885 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വിമാനം; ആ സമയത്ത് ക്യാബിനുള്ളിൽ ഒരു ബഫറും കൂടാതെയുള്ള ഇന്റർനെറ്റ് സേവനം സാധ്യമോ?; എല്ലാ ചോദ്യങ്ങൾക്കും തെളിവ് സഹിതം ഉത്തരം നൽകി 'സൗദി എയർലൈൻസ്'; പരീക്ഷണ പറക്കലിൽ നടന്നത്
റിയാദ്: സൗദി എയർലൈൻസ് വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി. വ്യോമയാന മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എഞ്ചിനീയർ സാലിഹ് അൽജസ്സറാണ് ഇക്കാര്യം അറിയിച്ചത്.
35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന SV1044 വിമാനത്തിൽ വെച്ച് വാർത്താവിനിമയ, വിവര സാങ്കേതികവിദ്യാ മന്ത്രി എഞ്ചിനീയർ അബ്ദുല്ല അൽസ്വാഹയുമായി സൗദി എയർലൈൻസ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം അൽ ഉമർ വീഡിയോ കോൺഫറൻസ് നടത്തി. പരീക്ഷണാടിസ്ഥാനത്തിലുള്ള അതിവേഗ ഇന്റർനെറ്റ് സേവനത്തിന്റെ പ്രവർത്തനം മന്ത്രിമാർ വിലയിരുത്തി. സൗദി റോഷൻ ലീഗ് മത്സരങ്ങൾ ലൈവായി കാണാനും, ഒരു വാർത്താ ചാനലുമായി ലൈവ് ടെലിവിഷൻ അഭിമുഖം നടത്താനും സാധിച്ചെന്നും, ഇന്റർനെറ്റ് സേവനത്തിലുള്ള സംതൃപ്തി രേഖപ്പെടുത്തിയെന്നും മന്ത്രി സാലിഹ് അൽജസ്സർ വ്യക്തമാക്കി.
ഇന്റർനെറ്റ് എന്നത് വെറുമൊരു സാങ്കേതിക ആഢംബരമല്ലെന്നും, രാജ്യത്തെ വ്യോമയാന മേഖലയുടെ പരിവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു സേവനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നൂതനമായ ഡിജിറ്റൽ സേവനങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള സൗദിയയുടെ ശ്രമങ്ങളിൽ അഭിമാനം പ്രകടിപ്പിച്ചതായും ഡയറക്ടർ ജനറൽ അറിയിച്ചു.
പുതിയ അതിവേഗ ഇന്റർനെറ്റ് സേവനം ഉടൻ തന്നെ എല്ലാ യാത്രക്കാർക്കും സൗജന്യമായി ലഭ്യമാക്കുമെന്നും സൗദിയ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം അൽ ഉമർ അറിയിച്ചു. ഇത് യാത്രാക്കാരുടെ താൽപ്പര്യം വർദ്ധിപ്പിക്കാനുള്ള സൗദിയയുടെ പ്രതിബദ്ധതയുടെ തെളിവാണ്.
നിലവിൽ ഏകദേശം 20 വിമാനങ്ങളിലാണ് പുതിയ അതിവേഗ ഇന്റർനെറ്റ് സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. ഇത് ഘട്ടം ഘട്ടമായി നിലവിലുള്ള വിമാനങ്ങളിലും പുതുതായി സർവീസിനെത്തുന്ന വിമാനങ്ങളിലും വ്യാപിപ്പിക്കും. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം എല്ലാ വിമാനങ്ങളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക എന്റർടൈൻമെന്റ് സ്ക്രീനുകളുള്ള സീറ്റുകൾ നവീകരിക്കുന്നതിനായി സൗദിയ നടത്തിയ വലിയ നിക്ഷേപത്തിന്റെ തുടർച്ചയാണ് ഈ പുതിയ നടപടി.
നിയന്ത്രണ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വൈകാതെ തന്നെ സേവനം വാണിജ്യപരമായി ആരംഭിക്കും. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് 300 എം.ബി.പി.എസ് വരെ വേഗതയുള്ള തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാൻ സാധിക്കും. ഭാവിയിൽ ഈ വേഗത 800 എം.ബി.പി.എസിൽ അധികമായി വികസിപ്പിക്കാനും സാധ്യതയുണ്ട്.
ഇത് യാത്രക്കാർക്ക് ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും, ലൈവ് സ്ട്രീമിംഗ് കാണാനും, സൂം, ടീംസ് പോലുള്ള വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും സഹായിക്കും. വ്യോമയാന രംഗത്ത് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള സൗദിയുടെ മുന്നേറ്റമാണ് ഈ പരീക്ഷണ പറക്കലിലൂടെ വ്യക്തമാകുന്നത്.
