വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അഫ്ഗാനിലെ ജനവാസ മേഖലകളില്‍ കനത്ത ഷെല്ലാക്രമണം; വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം; ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തിരിച്ചടിച്ചില്ലെന്ന് അഫ്ഗാന്‍ സൈന്യം; അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
കാബൂള്‍: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തെ ജനവാസമേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം ഷെല്ലിങ് നടത്തിയതായി അഫ്ഗാനിസ്ഥാന്‍. ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തിരിച്ചടിച്ചില്ലെന്നും അഫ്ഗാന്‍ സൈന്യം വ്യക്തമാക്കി. ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുര്‍ക്കിയില്‍ പുനരാരംഭിക്കുന്നതിനിടെയാണ് അഫ്ഗാനിസ്ഥാനിലേക്ക് ഷെല്ലാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ സൈനിക വൃത്തങ്ങളും ദൃക്‌സാക്ഷികളും എഎഫ്പിയോട് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചുകൊണ്ട് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. വെടിനിര്‍ത്താന്‍ രണ്ടു രാജ്യങ്ങളും സമ്മതിച്ചതായും, സമാധാനം നിലനിര്‍ത്തുന്നത് ഉറപ്പാക്കാന്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 11നും 15നും ഇടയിലാണ് പാക്ക് അഫ്ഗാന്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടിയത്.
'പാക്കിസ്ഥാന്‍ ചെറുതും വലുതുമായ ആയുധങ്ങള്‍ ഉപയോഗിക്കുകയും ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തു,' എന്ന് അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഷെല്ലാക്രമണം 10-15 മിനിറ്റ് നീണ്ടുനിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇസ്താംബൂളില്‍ നടക്കുന്ന ചര്‍ച്ചകളോടുള്ള ബഹുമാനാര്‍ത്ഥം തങ്ങള്‍ ഇതുവരെ തിരിച്ചടിച്ചിട്ടില്ലെന്നാണ് അഫ്ഗാനിലെ സൈനിക ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞത്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ ഇനി നടക്കാനുള്ള ചര്‍ച്ചയിലും ഒത്തൂതീര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആദ്യം ഖത്തറിലും പിന്നീട് തുര്‍ക്കിയിലും ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതുവരെ അന്തിമ കരാറില്‍ എത്തിയിട്ടില്ല. 2021ല്‍ താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാക്കിസ്ഥാനെതിരെ പോരാടുന്ന ഭീകരവാദികളെ താലിബാന്‍ സഹായിക്കുന്നതായാണ് പാക്ക് ആരോപണം. താലിബാന്‍ ഇതു നിഷേധിക്കുന്നു.
ഭീകരവാദികളെ നേരിടുന്നതിന്റെ ഭാഗമായി അഫ്ഗാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടായി. തുടര്‍ന്നാണ് തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നത്.
മൂന്നാം ഘട്ട ചര്‍ച്ചയ്ക്കാണ് തുര്‍ക്കി ഇപ്പോള്‍ വേദിയാകുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, സ്ഥിതി കൂടുതല്‍ വഷളാകുമെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.പാക്കിസ്ഥാനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കുന്നത് തടയാന്‍ താലിബാന്‍ തയാറാകണമെന്നതാണ് ആവശ്യമെന്ന് പാക് വിദേശകാര്യ വക്താവ് താഹിര്‍ അന്ദ്രാബി പറഞ്ഞു.
