ഇന്ത്യക്കാരടക്കമുള്ള റെയില്‍ വര്‍ക്കര്‍മാര്‍ക്ക് വിസ പുതുക്കുന്നില്ല...സംരക്ഷിക്കാന്‍ യൂണിയന്‍ രംഗത്ത്; അനധികൃതമായി ആളെ യുകെയില്‍ എത്തിക്കാന്‍ ട്രക്ക് ഡ്രൈവര്‍മാരെ നിയമിച്ച് ക്രിമിനല്‍ ഗാംഗ്‌സ്; ഇന്നലെ പല ബോട്ടുകളിലായി എത്തിയത് നൂറ് കണക്കിന് അഭയാര്‍ത്ഥികള്‍
ലണ്ടന്‍: വിവിധ റെയില്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശ തൊഴിലാളികളുടെ വിസ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് ആര്‍ എം ടി യൂണിയന്‍ അറിയിച്ചു. സ്ഥിര ജോലിക്കായുള്ള കരാര്‍ നിലവിലുണ്ടെങ്കിലും, സുപ്രധാനമായ തസ്തികകളിലാണ് ജോലി ചെയ്യുന്നതെങ്കിലും, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നിയമങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഇവര്‍ക്ക് ബ്രിട്ടന്‍ വിടേണ്ടി വന്നേക്കും എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് യൂണിയന്‍ ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആര്‍ എം ടി ജനറല്‍ സെക്രട്ടറി എഢി ഡെംപ്സി ഒരു സംഘം തൊഴിലാളികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
വിസ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രതികൂലമായി ബാധിക്കുന്ന എല്ലാ തൊഴിലാളികളെയും സംരക്ഷിക്കണം എന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിനോട് യോജിക്കുന്ന എം പിമാരും യൂണിയന്‍ നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടേക്കും. റെയില്‍ ജീവനക്കാരുടെ പ്രശ്നം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് ലണ്ടന്‍ മേയറും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈയാഴ്ച ആദ്യം ആര്‍ എം ടി നേതാക്കള്‍ മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസന്‍ഷിപ് മന്ത്രി മൈക്ക് ടാപ്പുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ഥിര ജോലിക്കാരായ ജീവനക്കാര്‍ക്ക് മേല്‍ ഈ പുതിയ നയം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ യൂണിയന്‍ നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, അവര്‍ക്ക് സ്‌കില്‍ദ് വര്‍ക്കര്‍ വിസ സ്പോണ്‍സര്‍ഷിപ്പിനുള്ള യോഗ്യത കൈവരിക്കാവുന്ന രീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും അവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. സ്ഥിരജോലിക്കാരുടെ കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യക്കടത്തിന് ലോറി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു
യു കെയ്ക്ക് അകത്തേക്കും ഇവിടെ നിന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അനധികൃതമായി ആളുകളെ കടത്താന്‍ മനുഷ്യക്കടത്ത് മാഫിയ സംഘങ്ങള്‍ ലോറി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതായി സംഘടിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രെയിനുകളിലോ ഫെറിയിലോ ഫ്രാന്‍സിലേക്ക് കടക്കുന്ന ഡ്രൈവര്‍മാര്‍ അവിടെ നിന്നാണ് ആളുകളെ അനധികൃതമായി യു കെയില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കഴിഞ്ഞ ദിവസം കെന്റില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായി നാഷണല്‍ ക്രൈം ഏജന്‍സി അറിയിച്ചു.
ജൂലായ്ക്കും ഒക്ടോബറിനും ഇടയിലായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ഒന്‍പത് ലോറി ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തതായി എന്‍ സി എ അറിയിച്ചു. ഇത് വളരെ കൂടുതലാണ്.മാത്രമല്ല, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ അറസ്റ്റിലാകാനുള്ള സാധ്യതയും കൂടുതലാണെന്ന് ഏജന്‍സി വക്താവ് പറയുന്നു. ഇതില്‍ ഏറ്റവും സുപ്രധാനമായ അറസ്റ്റ്, റൊമേനിയന്‍ പൗരനായ അയോന്‍ മൊണേസുവിന്റെതായിരുന്നു. ജൂലായില്‍, ഡോവര്‍ തുറമുഖത്തിനടുത്ത് ഇയാള്‍ അറസ്റ്റിലാവുമ്പോള്‍, ഇയാളുടെ ലോറിയില്‍ ബംഗ്ലാദേശികളും പാകിസ്ഥാനികളുമായി 44 പേരാണ് ഉണ്ടായിരുന്നത്. ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവാണ് ബ്രിട്ടീഷ് കോടതി വിധിച്ചത്.
ഇന്നലെ പല ബോട്ടുകളിലായി എത്തിയത് നൂറ് കണക്കിന് അഭയാര്‍ത്ഥികള്‍
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അനധികൃത അഭയാര്‍ത്ഥികളുമായി നൂറ് കണക്കിന് ചെറു യാനങ്ങള്‍ ബ്രീട്ടീഷ് തീരങ്ങളില്‍ എത്തി. ഹോം ഓഫീസ് ബോര്‍ഡര്‍ ഫോഴ്സ് ബോട്ടുകളും ആര്‍ എന്‍ എല്‍ ഐ ലൈഫ്‌ബോടും ചാനലിന്റെ നടുവിലേക്ക് പല തവണ പോയിട്ടാണ് ഈ അഭയാര്‍ത്ഥികളെ കരയിലെത്തിച്ചത്. ഇന്നലെ മാത്രം ഡോവര്‍ തീരത്തണഞ്ഞത് 300 അഭയാര്‍ത്ഥികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഒരാളെ സ്‌ട്രെച്ചറിലായിരുന്നു തീരത്തേക്ക് കൊണ്ടുവന്നത്.
ചാനല്‍ മറികടക്കല്‍ സജീവമായതോടെ കൂടുതല്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 14 ദിവസങ്ങളായി, ശക്തമായ കാറ്റ് മൂലം ചാനല്‍ പ്രക്ഷുബ്ദമായതിനാല്‍ ഇതുവഴിയുള്ള കുടിയേറ്റം ഏതാണ്ട് നിലച്ചിരുന്നു. ഒക്ടോബര്‍ 22 ന് ശേഷം ഇന്നലെയാണ് ആദ്യമായി ഈ വഴി അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലെത്തിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ ബ്രിട്ടനിലെത്തിയ മൊത്തം അഭയാര്‍ത്ഥികളുടെ എണ്ണം 36,954 ആയി. ഇതേ കാലയളവില്‍ 2024 ല്‍ ഉണ്ടായതിനേക്കാള്‍ 17 ശതമാനം കൂടുതലാണിത്. അതേസമയം, സ്ഥിരീകരിക്കാത്ത കണക്കുകള്‍ പ്രകാരം ഇത് 37,000 ല്‍ അധികമാണ്. ഏഴ് വര്‍ഷം മുന്‍പ് അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയതിന് ശേഷം ഒരു വര്‍ഷം വരുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സംഖ്യയാണിത്.
