അമേരിക്കയിലെ കെന്റക്കിയില്‍ 12 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ പ്രധാന കാരണം വിമാനത്തിന്റെ കാലപ്പഴക്കം; കാലഹരണപ്പെട്ട യാത്രാ വിമാനത്തെ കാര്‍ഗോയിലേക്ക് മാറ്റി; പറന്നുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിച്ചത് എന്തുകൊണ്ട്? കാരണം പുറത്ത്
ന്യുയോര്‍ക്ക്: അമേരിക്കയിലെ കെന്റക്കിയില്‍ 12 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന്റെ പ്രധാന കാരണം വിമാനത്തിന്റെ കാലപ്പഴക്കമെന്ന് സൂചന. യു.പി.എസ് ജെറ്റ് വിമാനം 34 വര്‍ഷം പഴക്കമുള്ളതാണ്. നേരത്തേ ഇതക് യാത്രാ വിമാനമായിരുന്നു. കാലഹരണപ്പെട്ടത് കാരണമാണ് പിന്നീട് ഇതിനെ കാര്‍ഗോ വിമാനമാക്കി മാറ്റിയത്. മൂന്ന് ജിവനക്കാരുമായി മക്ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനം ചൊവ്വാഴ്ച വൈകുന്നേരം ലൂയിസ്വില്ലയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്തിന്റെ ഇടത് വശത്തെ എഞ്ചിന്‍ പൊട്ടിത്തെറിച്ചതായും ഇടതു ചിറകിന് തീപിടിച്ചതായും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അപകടം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. അതേ സമയം ഈ വിമാനത്തെ കുറിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്. ഈ മോഡലിലുള്ള വിമാനങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നില്ല. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ബോയിംഗ് ഡാറ്റ പ്രകാരം, ഇപ്പോഴും പ്രവര്‍ത്തനത്തിലുള്ള എല്ലാ വാണിജ്യ വിമാനങ്ങളിലും എംഡി-11 ഇനത്തില്‍ പെട്ട ഇത്തരം വിമാനങ്ങള്‍ക്ക് മോശം സുരക്ഷാ റെക്കോര്‍ഡാണുള്ളത്.
1990 ല്‍ ഒരു പാസഞ്ചര്‍ ജെറ്റ് ആയിട്ടാണ് ഈ മോഡല്‍ പുറത്തിറക്കിയത്. എന്നാല്‍ അതിന്റെ മോശം ഇന്ധനക്ഷമതയും ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവും കാരണം, 2014 ല്‍ ഇതിനെ കാര്‍ഗോ വിമാനങ്ങളാക്കി മാറ്റുകയായിരുന്നു. 'ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു വിമാനം എന്ന പേരുദോഷവും ഇതിനുണ്ടായിരുന്നു. എയ്‌റോ കണ്‍സള്‍ട്ടിംഗ് എക്‌സ്‌പെര്‍ട്ട്‌സിന്റെ സിഇഒയും ദീര്‍ഘകാല യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റുമായ റോസ് ഐമറാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച തകര്‍ന്ന വിമാനം 1991 ല്‍ ഇപ്പോള്‍ ബോയിംഗിന്റെ ഉടമസ്ഥതയിലുള്ള മക്‌ഡൊണല്‍ ഡഗ്ലസ് നിര്‍മ്മിച്ചതാണ്.
യുപിഎസ് കമ്പനി 2006 ലാണ് ഇത് വാങ്ങിയത്. കാലപ്പഴം ഒരു പങ്കു വഹിച്ചേക്കാം എന്നും ഏതൊരു വിമാനവും നന്നായി പരിപാലിക്കപ്പെടുന്നിടത്തോളം കാലം അത് എന്നേക്കും നിലനില്‍ക്കും എന്നുമാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന ടാങ്കിലെ വിള്ളല്‍ പരിഹരിക്കുന്നതിന് സ്ഥിരമായ അറ്റകുറ്റപ്പണി ആവശ്യമായതിനാല്‍ സെപ്റ്റംബര്‍ 3 മുതല്‍ ഒക്ടോബര്‍ 18 വരെ ഈ വിമാനം നിലത്തിറക്കിയിരുന്നു. ഇത്തരം വിമാനങ്ങള്‍ക്ക് അറ്റകുററപ്പണിക്കായി ഓരോ വര്‍ഷവും വലിയ തുകയാണ് ചെലവാക്കേണ്ടി വരുന്നത്. എന്‍ടിഎസ്ബിയുടെ കണക്കനുസരിച്ച്, മറ്റ് നിരവധി എംഡി -11 വിമാനങ്ങള്‍ മാവന്‍ അപകടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2009 ല്‍ ചൈനയിലെ ഷാങ്ഹായില്‍ നിന്ന് പറന്നുയരുന്നതിനിടെ ഒരു ഏവിയന്റ് ഏവിയേഷന്‍ എംഡി-11 തകര്‍ന്നുവീണതാണ് ഏറ്റവും പുതിയ സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. യു.പി.എസ് കമ്പനി മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു. അപകടത്തില്‍ ഇതുവരെ 12 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അന്വേഷണം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
